ഹനുമാൻ കുനിയിൽ ഷാഫി എത്തി; അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ നടപടി സ്വീകരിക്കുമെന്ന് എംപി
Mail This Article
അരിക്കുളം∙ പന്ത്രണ്ടോളം പട്ടികജാതി കുടുംബങ്ങളിലായി അൻപതിലധികം പേർ താമസിക്കുന്ന കാരയാട് ഹനുമാൻ കുനിയിൽ ഷാഫി പറമ്പിൽ എംപി സന്ദർശിച്ചു. എംപിയുടെ മുൻപിൽ വയോധികരും സ്ത്രീകളും കുട്ടികളും പ്രയാസങ്ങൾ വിവരിച്ചു. ഒഴുകിയെത്തുന്ന മഴവെള്ളത്തിൽ വയലും തോടും കിണറും കവിഞ്ഞൊഴുകും. കുടിവെള്ളം മുട്ടും. തോട്ടിൽ നിന്നും വയലിൽ നിന്നും ചെളിവെള്ളം കയറി ദിവസങ്ങളോളം വീടുകൾ വാസയോഗ്യമല്ലാതാവും. പഞ്ചായത്ത് അധികൃതർ അവഗണിക്കുന്നു. പല വീടുകളിലും വെള്ളം കയറി.
വയലിനാൽ ചുറ്റപ്പെട്ട പ്രദേശത്ത് എത്തിച്ചേരാൻ നടവഴി പോലുമില്ല. ആകെയുണ്ടായിരുന്ന വഴി റോഡ് നിർമാണത്തിന്റെ പേരിൽ അധികൃതർ ഇടിച്ച് നിരപ്പാക്കിയിട്ട് വർഷം 2 കഴിഞ്ഞു. ഭാഗികമായി പൂർത്തിയാക്കിയ കിണറും പമ്പ് ഹൗസും വർഷങ്ങളായി ഉപയോഗശൂന്യമായി കിടക്കുന്നു. ഹനുമാൻ കുനിയിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് എംപി പറഞ്ഞു. ഡിസിസി ജനറൽ സെക്രട്ടറി രാജേഷ് കീഴരിയൂർ, മുസ്‌ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് അഹമ്മദ് മൗലവി, കോൺഗ്രസ് നേതാക്കളായ കെ.പി.രാമചന്ദ്രൻ, ലതേഷ് പുതിയേടത്ത്, ശശി ഊട്ടേരി എന്നിവർ ഒപ്പമുണ്ടായിരുന്നു.