ജലനിരപ്പ് ഉയർന്നതോടെ കക്കയം ഡാമിന്റെ ഷട്ടർ ഉയർത്തി; ജാഗ്രതാ നിർദേശം

Mail This Article
കൂരാച്ചുണ്ട്∙ കനത്ത മഴയെ തുടർന്ന് കെഎസ്ഇബി കക്കയം ഡാമിൽ ജലനിരപ്പ് ഉയർന്നുനിലയിൽ തുടരുന്നു. ഇന്നലെ പുലർച്ചെ 37.50 അടി തുറന്നിരുന്ന രണ്ട് ഷട്ടറുകളും മഴ കുറഞ്ഞതോടെ 7.50 അടിയാക്കി. ഉച്ചയോടെ ഷട്ടർ തുറക്കുന്ന അളവ് 15 സെന്റിമീറ്റർ ആയി കുറച്ചു. വൈകിട്ട് ജലനിരപ്പ് വർധിച്ചതിനാൽ 30 സെന്റിമീറ്റർ ആയി മാറ്റി.
വയനാട്ടിൽമഴയുടെ ശക്തി വർധിച്ചാൽ ബാണാസുരസാഗർ ഡാമിൽ നിന്നും ടണൽ മാർഗം കക്കയം അണക്കെട്ടിലേക്ക് എത്തുന്ന ജലത്തിന്റെ അളവ് വർധിക്കും. കക്കയം ഡാം വൃഷ്ടി പ്രദേശത്തും മികച്ച മഴ ലഭിച്ചിരുന്നു.
ഡാമിലെ പരമാവധി ജലസംഭരണ ശേഷി 2487 അടി കവിയാതിരിക്കാൻ ഷട്ടർ ഒന്നര അടി വരെ തുറന്നു ജലമൊഴുക്കാൻ സാധ്യത ഉള്ളതിനാൽ കരിയാത്തുംപാറ, കുറ്റ്യാടി പുഴകളുടെ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് കെഎസ്ഇബി അധികൃതർ അറിയിച്ചു.
2486.8 അടിയാണ് ഇന്നലെ കക്കയം ഡാമിലെ ജലനിരപ്പ്. പരമാവധി സംഭരണശേഷി 2487 അടി ആയതിനാൽ നിലവിൽ 99.33% ജലം ഡാമിൽ ഉണ്ട്. മികച്ച വൈദ്യുതി ഉൽപാദനവും നടന്നുവരുന്നതായി അധികൃതർ അറിയിച്ചു.