ADVERTISEMENT

കോഴിക്കോട്∙ പ്രളയത്തിന്റെ നടുക്കുന്ന ഓർമകളുണർത്തി തോരാതെ പെയ്ത പേമാരിയിൽ നാടും നഗരവും വെള്ളത്തിൽ മുങ്ങി. പുനൂർപ്പുഴയിൽ ജലനിരപ്പ് ഉയർന്നതോടെ ദേശീയപാതയിൽ മൂഴിക്കലിൽ രാത്രി വെള്ളം കയറി. പുലർച്ചെയും ജലനിരപ്പ് ഉയരുകയാണ്. രാത്രി ഇതുവഴിയെത്തിയ വാഹനങ്ങൾ ഏറെ പ്രയാസപ്പെട്ടാണു കടന്നുപോയത്.  ഉരുൾപൊട്ടി മലവെള്ളപ്പാച്ചിൽ കൂടിയായതോടെ ചാലിയാറും കടലുണ്ടിപ്പുഴയും കരകവിഞ്ഞത് നൂറുകണക്കിനു കുടുംബങ്ങളെ വലച്ചു. താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറി. 

നിറഞ്ഞു കവിഞ്ഞ രാമനാട്ടുകര ചെത്തുപാലം തോട്.
നിറഞ്ഞു കവിഞ്ഞ രാമനാട്ടുകര ചെത്തുപാലം തോട്.

പാലാഴി, കൊമ്മേരി, മാവൂർ, ബേപ്പൂർ, ചെറുവണ്ണൂർ–നല്ലളം മേഖലയിലും ഫറോക്ക്, രാമനാട്ടുകര നഗരസഭകളിലും കടലുണ്ടി പഞ്ചായത്ത് പ്രദേശങ്ങളിലും ക്രമാതീതമായി വെള്ളമുയർന്നു. മഴയ്ക്കു ശമനമില്ലാത്തതിനാൽ ഒട്ടേറെ കുടുംബങ്ങൾ ഭീതിയോടെയാണു കഴിയുന്നത്. ചെറുവണ്ണൂർ കുണ്ടായിത്തോട് ആമാംകുനി, തോണിക്കാട് താഴെ നിലം, കരിമ്പാടം കോളനി മേഖലയിൽ വെള്ളം കയറി. ആമാംകുനി കനാൽ കരകവിഞ്ഞു. ആമാംകുനി ഭജനമഠത്തിൽ വെള്ളം കയറി. ചാലിയാറിൽ ജലനിരപ്പ് ഉയർന്നതോടെ ചാലിയം–ബേപ്പൂർ ജങ്കാർ സർവീസ് നിർത്തിവച്ചു. 

വയനാട്ടിലെ ദുരന്ത ബാധിത പ്രദേശങ്ങളിലേക്കുള്ള ഭക്ഷ്യ സാധനങ്ങളും വെളളവും കോഴിക്കോട് കലക്ടറേറ്റിൽ നിന്ന് കൊണ്ടു പോവുന്നു.ചിത്രം : മനോരമ
വയനാട്ടിലെ ദുരന്ത ബാധിത പ്രദേശങ്ങളിലേക്കുള്ള ഭക്ഷ്യ സാധനങ്ങളും വെളളവും കോഴിക്കോട് കലക്ടറേറ്റിൽ നിന്ന് കൊണ്ടു പോവുന്നു.ചിത്രം : മനോരമ

കടലുണ്ടി പഞ്ചായത്തിൽ ഒന്നാംപാലം, ചീപ്പുത്തിപ്പാടം, കൊപ്രക്കള്ളി, മരക്കാട്ടിൽ പ്രദേശങ്ങളിൽ 80 വീടുകളിൽ വെള്ളം കയറി. മണ്ണൂർ ആലുങ്ങൽ, ശ്രീപുരി റോഡ്, ഇട്ടിമംഗലം, പാണ്ടിപ്പാടം, കോടപ്പുറം തോട്, കുണ്ടിൽപാടം, പനക്കൽ റോഡ് എന്നിവിടങ്ങളിലും വീടുകളിൽ വെള്ളം കയറി.

വെളളം കയറിയ പാലാഴി റോഡിലെ പെട്രോൾ ബങ്ക്.
വെളളം കയറിയ പാലാഴി റോഡിലെ പെട്രോൾ ബങ്ക്.

കാരാട്
∙വാഴയൂർ പഞ്ചായത്തിലെ ഒട്ടേറെ വീടുകളിൽ വെള്ളം കയറി. മുപ്പതോളം കുടുംബങ്ങൾ വീടൊഴിഞ്ഞു. 

കനത്ത മഴയിൽ വെളളം കയറിയ പാലാഴി റോഡിൽ രഘു 
കുമാറിന്റെ വീട്. ചിത്രങ്ങൾ: മനോരമ
കനത്ത മഴയിൽ വെളളം കയറിയ പാലാഴി റോഡിൽ രഘു കുമാറിന്റെ വീട്. ചിത്രങ്ങൾ: മനോരമ

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി വാഴയൂർ പഞ്ചായത്ത് നേതൃത്വത്തിൽ കാരാട്, കക്കോവ് എന്നിവിടങ്ങളിൽ കൺട്രോൾ റൂം തുറന്നു. പുഞ്ചപ്പാടം, ഇയ്യത്തിങ്ങൽ, പൊന്നേംപാടം, വടക്കുംപാടം, തിരുത്തിയാട്, മൂളപ്പുറം, അഴിഞ്ഞിലം എന്നിവിടങ്ങളിൽ തോണി സർവീസ് ഏർപ്പെടുത്തി.പുഞ്ചപ്പാടം, തിരുത്തിയാട്, പൊന്നേംപാടം അങ്ങാടിയിലെ കടകൾ ഒഴിപ്പിച്ചു. വടക്കുംപാടം തിരുത്തിമ്മൽ തുരുത്തിന്റെ ചുറ്റും വെള്ളം മുങ്ങിയതോടെ 25 കുടുംബങ്ങൾ ഒറ്റപ്പെട്ടു.

പുഴയോര മേഖലയിലെ മിക്ക വീടുകളിലും വെള്ളം കയറി. റോഡുകളിൽ വെള്ളം കയറിയതിനെ പലയിടത്തും വാഹന ഗതാഗതം പൂർണമായും നിലച്ചു.തിരുത്തിയാട്ടെ വാഴയൂർ ഗവ.എൽപി സ്കൂൾ പൂർണമായും വെള്ളത്തിൽ മുങ്ങി. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ വൈദ്യുത ലൈനുകൾ വെള്ളത്തിൽ തട്ടുമെന്ന ഭീഷണി മുന്നിൽ കണ്ടു ബന്ധം വിഛേദിച്ചതിനാൽ മേഖല ഇരുട്ടിലാണ്. 

വലിയതോതിൽ കൃഷി നാശമുണ്ടായിട്ടുണ്ട്. മൂളപ്പുറം–ചണ്ണയിൽ പള്ളിയാളി റോഡ്, ഇയ്യത്തിങ്ങൽ–പുഞ്ചപ്പാടം, വാഴയൂർ–പുഞ്ചപ്പാടം, ചാത്തമംഗലം–വിരിപ്പാടം റോഡ് എന്നിവയെല്ലാം പൂർണമായും വെള്ളത്തിനടിയിലാണ്. അഴിഞ്ഞിലം–കാരാട്, അരിയിൽ ശിവക്ഷേത്രം റോഡ്, അഴിഞ്ഞിലം–കുറ്റിക്കാട്ടിൽ ക്ഷേത്രം, അകായ്‌പൊറ്റ റോഡ്, കാരാട്–പൊന്നേംപാടം–തിരുത്തിയാട് റോഡ്, കാരാട്–കാടേപ്പാടം–പുതുക്കോട് റോഡുകളിൽ വെള്ളം കയറി ഗതാഗതം നിലച്ചിരിക്കുകയാണ്.പൊന്നേംപാടം കണ്ണാഞ്ചേരിയിൽ മലയിടിഞ്ഞു. ഇവിടത്തെ വീട്ടുകാരെ ഒഴിപ്പിച്ചു. കാറ്റിൽ മരം വീണും തെങ്ങുകൾ കടപുഴകിയും വീടുകൾക്ക് നാശനഷ്ടമുണ്ടായി.

രാമനാട്ടുകര
∙ നഗരസഭയിലെ തീരമേഖലകളിൽ ഒട്ടേറെ വീടുകൾ വെള്ളത്തിൽ മുങ്ങി. വീടൊഴിഞ്ഞു പോയവർ ഏറെ. പലയിടത്തും റോഡുകൾ വെള്ളത്തിൽ മുങ്ങിയത് ഗതാഗതത്തെ ബാധിച്ചു.പരുത്തിപ്പാറ എരുവത്ത് താഴം, മൂർക്കനാട്, ഇട്ടപ്പുറം താഴം, കോവയിൽ താഴം, പാണ്ടികശാല താഴം, അമ്മിഞ്ഞാത്ത് കടവ്, പുള്ളിശ്ശേരി, കോടമ്പുഴ പഴനിയിൽ, തോട്ടുങ്ങൽ, എളയേടത്ത് താഴം, കൃഷിഭവൻ റോഡ്, പ്രിയദർശിനി കോളനി, പടന്ന, മുടക്കഴിത്താഴം, കൊയ്ത്തലപ്പാടം, പുല്ലുംകുന്ന്, കെയർവെൽ റോഡ്, കുറ്റിയിൽ, തയ്യിൽ, സിൽക് പാലം, ചെള്ളിപ്പാടം, മുട്ടിയറ എന്നിവിടങ്ങളിലാണ് വെള്ളം പൊങ്ങിയത്.

 വെള്ളപ്പൊക്ക പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം സജീവമാണ്. വെള്ളം കയറിയ വീടുകളിലുള്ളവരെ നാട്ടുകാരും റെസ്ക്യൂ വൊളന്റിയർമാരും ചേർന്നു സുരക്ഷിത സ്ഥലങ്ങളിൽ എത്തിച്ചു.വെള്ളപ്പൊക്ക ദുരിതബാധിത പ്രദേശങ്ങൾ നഗരസഭാധ്യക്ഷ ബുഷറ റഫീഖ്, ഉപാധ്യക്ഷൻ കെ.സുരേഷ്, വില്ലേജ് ഓഫിസർ സി.കെ.സുരേഷ് കുമാർ, പൊലീസ് ഇൻസ്പെക്ടർ ടി.എസ്.ശ്രീജിത്ത്, നഗരസഭ സെക്രട്ടറി പി.ശ്രീജിത്ത്, ക്ലീൻ സിറ്റി മാനേജർ പി.ഷജിൽ കുമാർ, കൗൺസിലർമാർ എന്നിവർ സന്ദർശിച്ചു.

നല്ലളം
 ∙ പ്രദേശത്തെ  നൂറിലേറെ വീടുകളിൽ വെള്ളം കയറി. ഒട്ടേറെ കുടുംബങ്ങൾ ബന്ധുവീടുകളിലേക്കും മറ്റും താമസം മാറി. മുണ്ടകപ്പാടം, പുളിക്കൽതാഴം, ഒതയമംഗലം, തോട്ടാംകുനി, കിഴുവനപ്പാടം, തരിപ്പണം പറമ്പ്, നിറനിലം, വെള്ളത്തുംപാടം, ആശാരിക്കടവ്, ചാലാട്ടി, താഴത്തിയിൽ മേഖലയിലാണ് വെള്ളം കയറിയത്. ചെറുപുഴയും മാങ്കുനിത്തോടും കവിഞ്ഞൊഴുകിയാണ് ജനവാസ കേന്ദ്രങ്ങളിലേക്ക് വെള്ളം വ്യാപിച്ചത്. നല്ലളം ശ്മശാനം റോഡ്, ഒതയമംഗലം റോഡ്, തരിപ്പണം റോഡ്, കിഴുവനപ്പാടം റോഡ്, കാരുണ്യ റസിഡന്റ്സ് റോഡ്, ആശാരിക്കടവ് റോഡ്, താഴത്തയിൽ റോഡ് എന്നിവിടങ്ങളിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. മേഖലയിൽ 250ൽപരം കുടുംബങ്ങൾ വെള്ളപ്പൊക്ക ദുരിതം നേരിടുന്നുണ്ട്.

‌ചെറുവണ്ണൂർ
∙ കുണ്ടായിത്തോട് ആമാംകുനി, തോണിക്കാട് താഴെ നിലം, കരിമ്പാടം കോളനി മേഖലയിൽ വെള്ളപ്പൊക്കം. ആമാംകുനി കനാൽ കരകവിഞ്ഞു. ഒട്ടേറെ വീടുകൾ വെള്ളത്തിനടിയിലായി. ചില കുടുംബങ്ങൾ ബന്ധുവീടുകളിലേക്കു താമസം മാറി. റോഡുകൾ വെള്ളത്തിൽ മുങ്ങിയതു ഗതാഗതത്തെ ബാധിച്ചു. 

മാവൂർ 
∙ പ്രളയത്തിൽ മാവൂർ പഞ്ചായത്ത് ഒറ്റപ്പെട്ടു.  പുറംലോകവുമായി ബന്ധപ്പെടാനുള്ള മാവൂരിൽ നിന്നുള്ള എല്ലാ റോഡുകളെയും വെള്ളത്തിലാക്കി.  മാവൂർ–മെഡിക്കൽ കോളജ്–കോഴിക്കോട് പ്രധാന റോഡും വൈകിട്ടോടെ അടച്ചു. പൂർണമായി ഒറ്റപ്പെട്ട തെങ്ങിലക്കടവ്, കണ്ണിപറമ്പ്, ആയംകുളം, താത്തൂർപൊയിൽ, കുറ്റിക്കടവ്, വളയന്നൂർ, ചെട്ടിക്കടവ് തുടങ്ങിയ ഇടങ്ങളിലെ അങ്ങാടികൾ വെള്ളത്തിനടിയിലാണ്.

അങ്ങാടികളിലൂടെ ദ്രുത പ്രതികരണ സേനയുടെയും സന്നദ്ധ പ്രവർത്തകരുടെയും തോണികളും ബോട്ടുകളും മാത്രമാണ് സർവീസ് നടത്തുന്നത്. വെള്ളം കയറിയ താഴ്ന്ന പ്രദേശങ്ങളിലെ ട്രാൻസ്ഫോമറുകൾ ഓഫ് ചെയ്തു.  അഞ്ഞൂറിലേറെ വീടുകളിൽ വെള്ളം കയറിയതിനാൽ ഒട്ടേറെ പേർ ബന്ധുവീടുകളിലേക്കും ദുരിതാശ്വാസ ക്യാംപുകളിലേക്കും താമസം മാറി. ഗ്രാമീണ റോഡുകളും അങ്ങാടികളും വെള്ളത്തിനടിയിലാണ്. 

കനത്ത കാറ്റ് ;വ്യാപക നാശം
പന്തീരാങ്കാവ്∙ തിങ്കളാഴ്ച  അർധരാത്രി ഉണ്ടായ ശക്തമായ കാറ്റിൽ വ്യാപക നാശം. മാങ്കാവ് കണ്ണിപറമ്പ റോഡ് ചെറോട്ട്  മീത്തൽ മുതൽ പെരുമണ്ണ വലിയപാടത്ത് ഭാഗം വരെ വ്യാപക നാശമാണ് കാറ്റ് വിതച്ചത്. 39  വീടുകൾക്ക് നാശനഷ്ടം സംഭവിച്ചു. ഇരുന്നൂറോളം മരങ്ങൾ നിലംപൊത്തി. വീടുകൾക്കും കടകൾക്കും നാശം സംഭവിച്ചു. പെരുമണ്ണ  റോഡിൽ  മരം  വീണ്  ഗതാഗതം  മുടങ്ങി. പത്തിലധികം വൈദ്യുത പോസ്റ്റുകൾ  തകർന്നു. 

നഗരത്തിലും വെള്ളക്കെടുതി
കോഴിക്കോട് ∙ പാലാഴി, കൊമ്മേരി ഭാഗങ്ങളിൽ വെള്ളം കയറി പ്രദേശം ഒറ്റപ്പെട്ട നിലയിലായി. പ്രദേശത്തെ റോഡുകൾ മൊത്തത്തിൽ വെള്ളത്തിനടിയിലായി. തടമ്പാട്ടുതാഴം, കണ്ണാടിക്കൽ, തണ്ണീർ പന്തൽ, കക്കോടി, അമ്പലത്തുകുളങ്ങര തുടങ്ങിയ സ്ഥലങ്ങളിലെല്ലാം വെള്ളം കയറി ഗതാഗതം ദുസ്സഹമായി. പല ഭാഗത്തും വീടുകളിൽ വെള്ളം കയറിയതിനാൽ ആളുകൾ താമസം മാറ്റി. 

നഗരത്തിൽ‌ ജാഫർഖാൻ കോളനി റോഡിൽ വെള്ളക്കെട്ടു രൂപപ്പെട്ടു. ഇരു ചക്രവാഹനങ്ങൾക്കു കടന്നു പോകാൻ പറ്റാത്ത സ്ഥിതിയായി. മറ്റു വാഹനങ്ങളും ഏറെ ബുദ്ധിമുട്ടിയാണു ഇതു വഴി പോകുന്നത്. നഗരത്തിലെ  മാവൂർ റോഡ്, പാവമണി റോഡ്, രാജാജി റോഡ്, റാം മോഹൻ റോഡ് തുടങ്ങിയ സ്ഥലങ്ങളിലും റെയിൽവേ സ്റ്റേഷൻ പരിസരത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. പൂനൂർ പുഴയിൽ ജലനിരപ്പ് ഉയർന്നതിനാൽ കണ്ണാടിക്കൽ ഭാഗത്തെ വെള്ളക്കെട്ട് രാത്രിയും കുറഞ്ഞില്ല.

അഭയമൊരുക്കിദുരിതാശ്വാസ ക്യാംപുകൾ
∙ വെള്ളം കയറിയതിനെ തുടർന്നു വീട് ഒഴിഞ്ഞവരെ മാറ്റി പാർപ്പിക്കുന്നതിനു ജില്ലയിൽ വിവിധയിടങ്ങളിലായി  ദുരിതാശ്വാസ ക്യാംപുകൾ തുറന്നു.  ബേപ്പൂർ നിയോജക മണ്ഡലത്തിൽ 11 ദുരിതാശ്വാസ ക്യാംപുകൾ തുറന്നു. 134 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.രാമനാട്ടുകര ഗവ.യുപി സ്കൂളിൽ 21 കുടുംബങ്ങളും കോടമ്പുഴ കെഎംഒ ഹാളിൽ 2 കുടുംബങ്ങളെയും കരിങ്കല്ലായി വെനെറിനി ഇംഗ്ലിഷ് മീഡിയം സ്കൂളിൽ 18 കുടുംബങ്ങളെയും പരുത്തിപ്പാറ സ്നേഹതീരം വൃദ്ധസദനത്തിൽ 8 കുടുംബങ്ങളെയും മാറ്റിപ്പാർപ്പിച്ചു.

 ചെറുവണ്ണൂർ ഗവ.വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ 25 കുടുംബങ്ങളെയും നല്ലളം ഗവ.ഹൈസ്കൂളിൽ ഒരു കുടുംബവും അരീക്കാട് എയുപി സ്കൂളിൽ 28 കുടുംബങ്ങളെയും ചെറുവണ്ണൂർ ലിറ്റിൽ ഫ്ലവർ എയുപി സ്കൂളിൽ 10 കുടുംബങ്ങളെയും മാറ്റിപ്പാർപ്പിച്ചു.  ഫറോക്ക് ഗവ.ഗണപത് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ 7 കുടുംബങ്ങളുണ്ട്. വട്ടപ്പറമ്പ് കടലുണ്ടി ജിഎൽപി സ്കൂളിൽ 10 കുടുംബങ്ങളെയും മണ്ണൂർ സെന്റ് പോൾസ് എഎൽപി സ്കൂൾ ക്യാംപിൽ 4 കുടുംബങ്ങളെയും മാറ്റിപ്പാർപ്പിച്ചു.മാവൂർ കച്ചേരിക്കുന്ന് അങ്കണവാടി, വളയന്നൂർ ജിഎൽപി സ്കൂൾ, ചെറൂപ്പ ഖാദി ബോർഡ് അങ്കണവാടി, വീടുകൾ എന്നിവ കേന്ദ്രീകരിച്ചാണ് ദുരിതാശ്വാസ ക്യാംപുകൾ തുടങ്ങിയത്. 

ചാത്തമംഗലം പഞ്ചായത്തിൽ 400 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചിട്ടുണ്ട്. 90 പേരെ വെള്ളനൂർ ജിഎൽപി സ്കൂളിലേക്കു മാറ്റി. ഇരിങ്ങാടൻ കുന്ന് ക്ഷേത്രം ഹാൾ, കൂളിമാട് മദ്രസ, മുന്നൂർ മദ്രസ, സങ്കേതത്തിൽ ഒരു വീട്, വെള്ളനൂർ ജിഎൽപി സ്കൂൾ, കൂഴക്കോട് എഎൽപി സ്കൂൾ, ചാത്തമംഗലം ജിഎൽപി സ്കൂൾ, പുള്ളനൂർ ന്യൂ ജിഎൽപി സ്കൂൾ എന്നിവിടങ്ങളിലാണ് ക്യാംപുകൾ ഒരുക്കിയത്.  പെരുവയൽ സെന്റ് സേവ്യേഴ്സ് യുപി സ്കൂൾ, ചെറുകുളത്തൂർ എഎംഎൽപി സ്കൂൾ, ചെറുകുളത്തൂർ ജിഎൽപി സ്കൂൾ എന്നിവിടങ്ങളിലായി 85 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു.കാരാട് ഗവ.എൽപി സ്കൂളും, കക്കോവ് ഹയർ സെക്കൻഡറി സ്കൂളും ദുരിതാശ്വാസ ക്യാംപുകൾക്ക് സജ്ജമാക്കി.തീരമേഖലകളിൽ  3 ദുരിതാശ്വാസ ക്യാംപുകൾ തുറന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com