ADVERTISEMENT

പേരാമ്പ്ര ∙ കനത്ത മഴയിൽ പേരാമ്പ്ര മേഖലയിൽ കനത്ത നാശനഷ്ടം. പേരാമ്പ്ര ടൗണിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. ഇരുപതോളം കടകളിൽ വെള്ളം കയറി. ബസ് സ്റ്റാൻഡ്, ചെമ്പ്ര റോഡ്, പൈതോത്ത് റോഡ് എന്നിവിടങ്ങളിലാണ് കുടുതൽ നഷ്ടം. നിരവധി വീടുകളിലും വെള്ളം കയറി. പലർക്കും വീടുകളിൽ നിന്നു പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണ്. 


നടുവണ്ണൂർ സൗത്ത് എഎംയുപി സ്കൂളിൽ വെള്ളം കയറിയ നിലയിൽ
നടുവണ്ണൂർ സൗത്ത് എഎംയുപി സ്കൂളിൽ വെള്ളം കയറിയ നിലയിൽ

∙ കൂത്താളി, ചങ്ങരോത്ത്, ചെറുവണ്ണൂർ പഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളിലും വെള്ളം കയറി. 
∙ പേരാമ്പ്ര ബസ് സ്റ്റാൻഡ് പരിസരത്ത് വെള്ളം കയറി മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. 
∙ ചെമ്പ്ര റോഡിൽ വെള്ളം കയറി പല വീടുകളിലും ആളുകൾ കുടുങ്ങി. 
∙ പൈതോത്ത് റോഡിലും വെള്ളം കെട്ടി നിന്ന് വാഹനങ്ങൾക്ക് പോകാൻ പറ്റാത്ത അവസ്ഥ. 
∙ ചെമ്പ്ര റോഡിലെ വി.ടി.അബ്ദുൽ ഖയ്യൂമിന്റെ വീട് പൂർണമായി വെള്ളത്തിലായി. കാറും മറ്റു വാഹനങ്ങളും വെള്ളം കയറി നശിച്ചു. 
∙ ചാന്ദ്നി മന്തിറിലെ സതി ദേവിയുടെ വീട്ടിലും വെള്ളം കയറി, തൊട്ടടുത്ത മാക്കൂൽ ഗോപാലൻ നായരുടെ വീട്ടിൽ വെള്ളം കയറി ആളുകൾക്ക് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണ്. 
∙ ചെമ്പ്ര റോഡിലെ മാസ് ഗ്ലാസ് മാർട്ടിന് പിന്നിലുള്ള സത്യന്റെ അരവ് കേന്ദ്രം പൂർണമായി വെള്ളത്തിലായി. വ്യാപാരി വ്യവസായി ഏകോപന സമിതി റെസ്ക്യു ടീം എത്തിയാണ് സത്യനെ പുറത്ത് എത്തിച്ചത്. 
∙ പൈതോത്ത് റോഡിലെ കെ.പി.കുഞ്ഞിക്കൃഷ്ണന്റെ സൈക്കിൾ ഷോപ്പിലും വീട്ടിലും വെള്ളം കയറി, മരുതോറേമ്മൽ ദാമോദരൻ, കല്ലടി കുനിയിൽ നാരായണൻ, കല്ലടി കുനിയിൽ ശ്രീധരൻ നായർ എന്നിവരുടെ വീടുകളിലും വെള്ളം കയറി.
∙ ചെറുവണ്ണൂർ ടൗണിൽ കടകളിൽ വെള്ളം കയറി വ്യാപക നഷ്ടം. 
∙ അങ്ങാടിയിലെ മേപ്പയൂർ റോഡിൽ വെള്ളം കയറി കടകളിലെ സാധനങ്ങൾ നശിച്ചു. 
∙ ചെറുവണ്ണൂർ 5–ാം വാർഡിലെ ചിറ്റാരിക്കൽ സി.കെ.മനോജിന്റെ വീട്ടിലും പത്മശ്രീ രവീന്ദ്രൻ നായരുടെ വീട്ടിലും വെള്ളം കയറി. രവീന്ദ്രൻ നായരുടെ വീട്ടിലുള്ള സാധനങ്ങൾ പൂർണമായി നശിച്ചു. 
∙ ചങ്ങരോത്ത് പഞ്ചായത്തിലെ 12,13,15 വാർഡുകളിലായി 21 വീടുകളിൽ വെള്ളം കയറി. കുടുംബങ്ങൾ ബന്ധു വീടുകളിലേക്ക് താമസം മാറ്റി. തന്തമലയിൽ അങ്കണവാടിയും, ജിമ്മി സ്റ്റേഡിയവും വെള്ളത്തിലായി. 12–ാം വാർഡിൽ ആട്ടോത്ത് നാരായണി, ആട്ടോത്ത് സുര, പുത്തൂക്കാവിൽ അഷ്‌റഫ്‌, കോവുപ്പുറത്ത് കുഞ്ഞാമി, തന്തമലയിൽ ബാലകൃഷ്ണൻ, തന്തമലയിൽ നാണു, പി.കെ.ബാലൻ, അബൂബക്കർ എന്നിവരുടെ വീടുകളാണ് വെള്ളത്തിലായത്. പഞ്ചായത്തിലെ വിവിധ റോഡുകളും വെള്ളത്തിലാണ്.
∙ നൊച്ചാട് പഞ്ചായത്ത് 10–ാം വാർഡിലെ 4 വീടുകൾ വെള്ളത്തിലായി. പുലിക്കോട്ട് താഴെ കുനി ബിജു, സുബൈദ, ഷിനോജ്, പ്രഭീഷ് എന്നിവരുടെ വീടുകളാണ് വെള്ളത്തിലായത്. വീട്ടിലുണ്ടായിരുന്ന സാധനങ്ങൾ നശിച്ചു. 
∙ കൂത്താളി പഞ്ചായത്തിലും കനത്ത മഴയിൽ വൻ നാശനഷ്ടം. പനക്കാട് പൈതോത്ത് റോഡ് പൂർണമായും വെള്ളത്തിലായി. താനിക്കണ്ടി പാലത്തിനു സമീപവും കേളൻ മുക്കിലും വെള്ളം കയറി വീടുകൾക്ക് നാശം. കേളൻ മുക്ക് കോവുമ്മൽ ദിലീപ്, രാജൻ, താനിക്കണ്ടി ഓമന അമ്മ, താനിക്കണ്ടി ഉണ്ണി എന്നിവരുടെ വീടുകളാണ് വെള്ളത്തിലായത്.

മേപ്പയൂർ മഠത്തും ഭാഗത്ത് വൈദ്യുത ലൈനിലേക്കു വീണ മരം അഗ്നിരക്ഷാസേന മുറിച്ചുമാറ്റുന്നു.
മേപ്പയൂർ മഠത്തും ഭാഗത്ത് വൈദ്യുത ലൈനിലേക്കു വീണ മരം അഗ്നിരക്ഷാസേന മുറിച്ചുമാറ്റുന്നു.

പ്രധാന റോഡുകൾവെള്ളത്തിൽ‌
കൂരാച്ചുണ്ട് ∙ മലയോര മേഖലയിൽ പ്രധാന റോഡുകൾ വെള്ളക്കെട്ടായതിനാൽ ഗതാഗതം മുടങ്ങി. 
∙ കൂരാച്ചുണ്ട് – ചെമ്പ്ര – പേരാമ്പ്ര റോഡിൽ പുളിവയൽ, മുക്കള്ളിൽ മേഖലകളിൽ വെള്ളം നിറഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു.
∙ മലയോര ഹൈവേ പ്രവൃത്തി നടക്കുന്ന കക്കയം – തലയാട് റോഡിൽ മണ്ണിടിച്ചിൽ സാധ്യത ഉള്ളതിനാൽ ഗതാഗതം നിയന്ത്രിച്ചു. 
∙ കക്കയം ഡാം തുറന്നതിനാൽ കരിയാത്തുംപാറ പുഴ തീരത്തെ ഉരക്കുഴി റോഡിലേക്കും വെള്ളം കയറി. 
∙ ഇല്ലിപ്പിലായി എൻആർഇപി – പുത്തേട്ട് കോളനി റോഡരിക് ഇടിഞ്ഞു.
∙ മലയോര ഹൈവേ പ്രവൃത്തി നടക്കുന്ന ചക്കിട്ടപാറ – പെരുവണ്ണാമൂഴി റോഡിൽ ചെരിയമ്പുറത്ത് താഴെ, താഴത്തുവയൽ മേഖലകളിൽ വെള്ളക്കെട്ട് നിമിത്തം ഗതാഗതം പൂർണമായും തടസ്സപ്പെട്ടു.
∙ പെരുവണ്ണാമൂഴി – ചെമ്പനോട റോഡിൽ ഓനിപ്പുഴ പാലം കരകവിഞ്ഞതോടെ ഈ റൂട്ടിലും ഗതാഗതം മുടങ്ങി. 
∙ സുഗന്ധവിള ഗവേഷണ കേന്ദ്രത്തിനു സമീപത്ത് പാതയിലേക്ക് മരം വീണു.
∙ നരിനട കള്ളുഷാപ്പ് മുക്ക് – സബ് സെന്റർ റോഡരിക് ഇടിഞ്ഞു.
∙ പെരുവണ്ണാമൂഴി – വട്ടക്കയം റോഡിൽ വെള്ളം കയറി ഗതാഗതം മുടങ്ങി.

പേരാമ്പ്ര പൈതോത്ത് റോഡിലെ സന സ്റ്റോർ പൂർണമായി വെള്ളത്തിലായ നിലയിൽ.
പേരാമ്പ്ര പൈതോത്ത് റോഡിലെ സന സ്റ്റോർ പൂർണമായി വെള്ളത്തിലായ നിലയിൽ.

മരങ്ങൾ കടപുഴകി;വീടുകൾക്ക് നാശം
മേപ്പയൂർ - പന്നിമുക്ക് റോഡിൽ മഠത്തും ഭാഗം പൊലിയൻ കണ്ടി മുക്കിൽ വൻമരം കടപുഴകി വൈദ്യുതലൈനിൽ വീണു. വൈദ്യുതി തൂൺ പൊട്ടി വീണു. ലൈൻ ഓഫ് ആയിരുന്നതിനാൽ വൻ അപകടം ഒഴിവായി. വൈദ്യുതി കമ്പികൾക്ക് ഇടയിൽ പെട്ട 2 ബൈക്ക് യാത്രികർ അദ്ഭുതകരമായി രക്ഷപ്പെട്ടു. മേപ്പയൂർ തെക്കേകൊപ്പാരത്ത് ബാലകൃഷ്ണൻ നായരുടെ വീട്ടുമുറ്റത്ത് മരം വീണു. മതിലിന് നാശനഷ്ടമുണ്ടായി. പേരാമ്പ്ര അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ എത്തി നാട്ടുകാരുടെ സഹകരണത്തോടെ മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.

തലയാട് താഴെ അങ്ങാടിയിൽ പുതിയ പാലം നിർമിക്കുന്നതിന്റെ ഭാഗമായി തയാറാക്കിയ ബദൽ പാത ഒലിച്ചുപോയ നിലയിൽ.
തലയാട് താഴെ അങ്ങാടിയിൽ പുതിയ പാലം നിർമിക്കുന്നതിന്റെ ഭാഗമായി തയാറാക്കിയ ബദൽ പാത ഒലിച്ചുപോയ നിലയിൽ.

മേപ്പയൂർ –കൊല്ലം റോഡ് വെള്ളക്കെട്ടിൽ മുങ്ങി. ദേശീയപാതയുടെ അടിപ്പാതയുടെ സമീപത്തും നരക്കോട് റോഡിലും വലിയ വെള്ളക്കെട്ടാണ് രൂപപ്പെട്ടത്. അരിക്കുളം എടക്കണ്ടി ബാലകൃഷ്ണൻ നായരുടെ വീടിന് മുകളിൽ തെങ്ങ് വീണ് സാരമായ കേടുപാടുകൾ പറ്റി. കീഴരിയൂർ കുന്നുമ്മൽ ഗിരീഷിന്റെ വീടിനു മുകളിൽ മരം വീണു.

ബാലുശ്ശേരി മഞ്ഞപ്പാലത്തിനു സമീപം കൈതക്കണ്ടി താഴെ ശശികലയുടെ വീട് വെള്ളം കയറി തകർ‌ന്ന നിലയിൽ.
ബാലുശ്ശേരി മഞ്ഞപ്പാലത്തിനു സമീപം കൈതക്കണ്ടി താഴെ ശശികലയുടെ വീട് വെള്ളം കയറി തകർ‌ന്ന നിലയിൽ.

മേപ്പയൂർ ഒൻപതാം വാർഡ് പുത്തലത്ത് താഴകുനി നാരായണന്റെ വീടിനു മുകളിൽ തെങ്ങ് വീണു. കീഴരിയൂർ കുറുമേമൽ ബിജുവിന്റെ വീടിന്റെ മതിൽ കനത്ത മഴയിൽ തകർന്നു വീണു. കീഴരിയൂർ തേമ്പൊയിൽ താഴ, തിരു മംഗലത്ത് താഴ, കോരപ്ര, മഠത്തിൽ താഴ എന്നിവടങ്ങളിൽ 14 വീടുകളിൽ വെള്ളം കയറി. 5 വീട്ടുകാരെ മാറ്റി പാർപ്പിച്ചു. അരിക്കുളം എടക്കണ്ടി ബാലകൃഷ്ണൻ നായരുടെ വീടിന് മുകളിൽ തെങ്ങ് വീണ് സാരമായ കേടുപാടുകൾ പറ്റി. കീഴരിയൂർ കുന്നുമ്മൽ ഗിരീഷിന്റെ വീടിനു മുകളിൽ മരം വീണു. മേപ്പയൂർ ഒൻപതാം വാർഡ് പുത്തലത്ത് താഴകുനി നാരായണന്റെ വീടിനു മുകളിൽ തെങ്ങ് വീണു.

വീടുകളിൽ വെള്ളം കയറി
കനത്ത മഴയിൽ പുഴകളും തോടുകളും കവിഞ്ഞൊഴുകി ഒട്ടേറെ വീടുകൾ വെള്ളത്തിലായി. ബാലുശ്ശേരി, പനങ്ങാട്, ഉണ്ണികുളം, നന്മണ്ട പഞ്ചായത്തുകളിലായി ഇരുനൂറിലധികം വീടുകളിൽ വെള്ളം കയറി. കുടുംബങ്ങൾ താൽക്കാലിക ക്യാംപുകളിലേക്കും ബന്ധു വീടുകളിലേക്കും താമസം മാറി. പനങ്ങാട് പഞ്ചായത്തിൽ അഞ്ചും ബാലുശ്ശേരി പഞ്ചായത്തിൽ നാലും താൽക്കാലിക ദുരിതാശ്വാസ ക്യാംപുകൾ തുടങ്ങി.

മങ്കയം വാര്യമലയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ വലിയ മണ്ണിടിച്ചിൽ ഉണ്ടായി. താഴ്ഭാഗത്തെ താമസക്കാരെ സുരക്ഷിത സ്ഥലത്തേക്കു മാറ്റി. തലയാട് താഴെ അങ്ങാടിയിൽ നിർമിച്ച താൽക്കാലിക പാലം ഒലിച്ചു പോയി. ബദൽ വഴികളിലൂടെ ബസ് ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾക്ക് കടന്നു പോകാൻ കഴിയാത്തതു പ്രയാസം സൃഷ്ടിക്കുന്നു.തലയാട് മേഖലയിൽ മണ്ണിടിച്ചിൽ ഭീഷണി നിലവിലുള്ളതിനാൽ ജാഗ്രത തുടരുന്നു. 26–ാം മൈലിൽ മണ്ണിടിച്ചിൽ ഉണ്ടായി. മഞ്ഞപ്പുഴ കവിഞ്ഞൊഴുകിയത് വലിയ ഭീഷണി ഉയർത്തി. 

മാണിയോട്ട് ആലി, പൊയിലിൽ നൗഷാദ്, കിച്ചൂസ് ഹൗസിൽ ഗോവിന്ദൻ, പൊയിലിൽ മുഹമ്മദ്, കരയത്തൊടി ബൈജു, അബ്ദുറഹിമാൻ മണക്കോട്ടുവയൽ, സുരേഷ്, മോഹൻ മണക്കടവയൽ, മഞ്ഞക്കട ചേക്കൂട്ടി, മഞ്ഞക്കട മൊയ്തീൻ കുഞ്ഞി, ബാബു, കോയ, ബേബി, ചന്ദ്രൻ, അഖിലേഷ് എന്നിവരുടെ വീടുകൾ വെള്ളത്തിലായി. കാക്കകുനി ഭാഗത്ത് ഇരുപതോളം കുടുംബങ്ങളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി.

രാമൻപുഴ കരകവിഞ്ഞു; 200 വീടുകൾ വെള്ളത്തിൽ
കനത്ത മഴയിൽ രാമൻപുഴ കരകവിഞ്ഞൊഴുകി കോട്ടൂർ, നടുവണ്ണൂർ പഞ്ചായത്തുകളിലെ വാകയാട്, കരുമ്പാപ്പൊയിൽ, മന്ദങ്കാവ്, അയനിക്കാട്, കരുവണ്ണൂർ പ്രദേശങ്ങളിലെ 200 വീടുകൾ വെള്ളത്തിലായി. നടുവണ്ണൂർ ഗവ.ഹയർ സെക്കൻഡറി സ്കൂൾ, വാകയാട് എയുപി സ്കൂൾ എന്നിവിടങ്ങളിൽ ദുരിതാശ്വാസ ക്യാംപുകൾ തുടങ്ങി. 

കോട്ടൂരിലെ 11,12,13 വാർഡുകളിലെ 110 കുടുംബങ്ങളെ വാകയാട് എയുപി സ്കൂളിലും നടുവണ്ണൂർ പഞ്ചായത്തിലെ 11,12,14 വാർഡുകളിലെ 75 കുടുംബങ്ങളെ നടുവണ്ണൂർ ജിഎച്ച്എസ്എസിൽ ഒരുക്കിയ ക്യാംപിലേക്കും മാറ്റി. ഒട്ടേറെ കുടുംബങ്ങൾ ബന്ധു വീടുകളിലേക്ക് മാറിയിട്ടുണ്ട്. തിങ്കളാഴ്ച വൈകിട്ടോടെ തുടങ്ങിയ കനത്ത മഴയിലാണ് പുഴയിൽ വെള്ളം കയറിയത്. ചൊവ്വാഴ്ച രാവിലെ മൂന്നോടെ വാകയാട് അങ്ങാടിക്കടുത്ത വീടുകളിൽ വെള്ളം കയറിയിരുന്നു. വീട്ടുകാർ പലരും രാവിലെ തന്നെ ബന്ധു വീടുകളിലേക്കു മാറി. നാട്ടിലെ സന്നദ്ധ പ്രവർ‍ത്തകരും യുവാക്കളും ചേർന്നാണു വെള്ളം കയറി ഒറ്റപ്പെട്ട വീടുകളിലെ ഭിന്നശേഷിക്കാരെയും കിടപ്പു രോഗികളെയും മുതിർന്ന പൗരന്മാരെയും തോണിയിലും വലിയ വട്ടകങ്ങളിലും കയറ്റി സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയത്. 

∙ വാകയാട്ട് വയൽ, പുഴത്തിണ്ടത്ത്, വേട്ടക്കരൻ കണ്ടി, കോവ്വുമ്മൽ, ചെക്കിമണ്ണിൽ താഴെ കടുമ്പോടി താഴെ, നെല്ല്യാട്ട് താഴെ കുനി, പുതുവയൽ, തുവ്വാട്ട് വയൽ, കാപ്പുങ്കര, പാച്ചറു വയൽ, അറക്കൽ, ആക്കമണ്ണിൽ, താഴത്തു വീട്ടിൽ, ചാലുമൂല, താഴത്തു കടവ്, വാകയാട് കോട്ട ക്ഷേത്രത്തിനു സമീപം എന്നിവിടങ്ങളിലെ വീടുകളാണ് വെള്ളം കയറിയത്. 

∙ വാകയാട് അങ്ങാടിക്കടുത്ത് റോഡിൽ ഒരാൾ പൊക്കത്തിൽ വെള്ളം കയറി, നടുവണ്ണൂർ– വാകയാട്– ബാലുശ്ശേരി റൂട്ടിൽ ഗതാഗതം നിലച്ചു. ∙ തെരുവത്ത് കടവിനടുത്ത് കാനം വയൽ, പൂളക്കാപൊയിൽ, നെട്ടൻകുനി താഴെ, കോവ്വുമ്മൽ, ആയിരോളി, കാഞ്ഞിക്കാവ് ഭാഗങ്ങളിലെ 80 വീടുകളാണ് വെള്ളത്തിനടിയിൽ. ∙ തെരുവത്ത് കടവ് പാലത്തിന് അടുത്തുള്ള നടുവണ്ണൂർ സൗത്ത് എഎംയുപി സ്കൂൾ, കണ്ണമ്പാലത്തെരു ക്ഷേത്രം എന്നിവിടങ്ങളിലും വെള്ളം കയറി. 

∙ മന്ദങ്കാവ് അയനിക്കാട് തുരുത്ത് പൂർണമായും ഒറ്റപ്പെട്ടു. പ്രദേശത്തെ 12 കുടുംബങ്ങളെ ക്യാംപിലേക്ക് മാറ്റി.∙ തെരുവത്ത് കടവ്– കക്കഞ്ചേരി റോഡിൽ ആയിരോളി താഴെ വെള്ളം പൊങ്ങിയതിനെ തുടർന്നു ഗതാഗതം തടസ്സപ്പെട്ടു. മന്ദങ്കാവ് വെങ്ങളത്ത് കണ്ടി കടവിനടുത്ത് റോഡിൽ വെള്ളം പൊങ്ങിയതിനെ തുടർന്ന് നടുവണ്ണൂർ– മന്ദങ്കാവ്– കൊയിലാണ്ടി റൂട്ടിൽ ഗതാഗതം തടസ്സപ്പെട്ടു. 

∙ സംസ്ഥാന പാതയിൽ കരുവണ്ണൂർ ഗവ.യുപി സ്കൂളിന് അടുത്ത് വെള്ളം കയറി ഗതാഗത തടസ്സം നേരിട്ടു. പ്രദേശത്ത് 5 വീടുകളും 4 കടകളും വെള്ളത്തിനടിയിലായി. ∙ എടോത്ത് താഴെ തോട് കരകവിഞ്ഞതിനാൽ തോട്ടുമൂല– കരുവണ്ണൂർ റോഡ് വെള്ളത്തിനടിയിലായി. വാഴോത്ത് താഴെ പാടശേഖരം, തെക്കയിൽ താഴെ പാടശേഖരം, കുനിയിൽതാഴെ പാടശേഖരം എന്നിവിടങ്ങളിൽ വെള്ളം കയറി കൃഷി നാശമുണ്ടായി.

കൊയിലാണ്ടിയിൽ 10 ക്യാംപ് തുറന്നു
താലൂക്കിൽ 10 ദുരിതാശ്വാസ ക്യാംപുകൾ തുറന്നു. ഇതിൽ സ്ത്രീകളും പുരുഷന്മാരും കുട്ടികളുമുൾപ്പെടെ 319 പേരാണുള്ളത്.ഉള്ളിയേരി ∙ പഞ്ചായത്തിലെ മഴവെള്ളപ്പാച്ചിൽ കുടുങ്ങിയ കുടുംബങ്ങളെ രക്ഷപ്പെടുത്തി. പഞ്ചായത്തിലെ ഒറവിൽ, മാതാംതോട് എന്നീ പുഴയോട് ചേർന്ന് പ്രദേശങ്ങളിൽ ഒറ്റപ്പെട്ട 15 പേരെ കൊയിലാണ്ടി അഗ്നിരക്ഷാ സേനയാണ് രക്ഷപ്പെടുത്തിയത്. സ്റ്റേഷൻ ഓഫിസർ മുരളീധരന്റെ നേതൃത്വത്തിൽ ജൂനിയർ എഎസ്ടിഒമാരായ എം.മജീദ്,ജനാർദ്ദനൻ, ഫയർ ആൻഡ് റെസ്‌ക്യൂ ഓഫിസർമാരായ ടി.പി.ഷിജു,ഇ.എം.നിധിപ്രസാദ്,എം. ലിനീഷ് എന്നിവർ രക്ഷാപ്രവർത്തനം നടത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com