കക്കയം ഡാം റോഡിൽ ബിവിസി ഭാഗത്ത് കൂറ്റൻ പാറ റോഡിലേക്ക് വീണു; ഗതാഗതം മുടങ്ങി

Mail This Article
കൂരാച്ചുണ്ട് ∙ കക്കയം ഡാം സൈറ്റ് റോഡിൽ ബിവിസി ഭാഗത്ത് കൂറ്റൻ പാറ റോഡിലേക്ക് പൊട്ടി വീണ് വ്യാഴാഴ്ച ഉച്ച മുതൽ ഗതാഗതം തടസ്സപ്പെട്ടു. ബിവിസി മേഖലയിൽ പാറക്കെട്ട് ഉള്ള ഈ മേഖലയിൽ കഴിഞ്ഞ ദിവസവും പാറ അടർന്ന് വീണ് ഗതാഗത തടസ്സം നേരിട്ടിരുന്നു. പാറക്കെട്ട് അടർന്ന് വീഴുന്ന പ്രശ്നം സംബന്ധിച്ച് പഠനം നടത്തി പരിഹാരം കാണണമെന്ന് മുൻപ് മനോരമ വാർത്ത നൽകിയതാണ്. തുടർച്ചയായി പാറ പൊട്ടുന്നത് യാത്രക്കാർക്ക് അപകട ഭീഷണി ഉയർത്തുന്നുണ്ട്.
പാറ ടാറിങ് പാതയിലേക്ക് വീണതോടെ ഗതാഗതം മുടങ്ങിയ നിലയിലാണ്. ഇരുചക്ര വാഹനത്തിന് മാത്രമേ ഇപ്പോൾ ഈ റൂട്ടിലൂടെ സഞ്ചരിക്കാൻ സാധിക്കൂ. കക്കയം ഡാം, ടൂറിസ്റ്റ് കേന്ദ്രം ഉൾപ്പെടെ പ്രധാന കേന്ദ്രങ്ങളിലേക്ക് ഗതാഗതം മുടങ്ങിയിരിക്കുകയാണ്. വനം വകുപ്പ്, പൊലീസ്, കെഎസ്ഇബി ഉദ്യോഗസ്ഥർ ഡാം സൈറ്റ് മേഖലയിലേക്ക് സഞ്ചരിക്കാൻ പ്രയാസം നേരിടുന്നുണ്ട്.
ഡാമിൽ ജലനിരപ്പ് ഉയർന്നതിനാൽ ഡാം തുറക്കുന്നതിനു ഉദ്യോഗസ്ഥർ നിരന്തരം ഈ റൂട്ടിലൂടെ സഞ്ചരിക്കേണ്ടതാണ്. കക്കയം വനമേഖല മാവോയിസ്റ്റ് ഭീഷണി നിലനിൽക്കുന്ന പ്രദേശമാണെന്നതും പ്രശ്നമാകുന്നുണ്ട്. കെഎസ്ഇബി, പഞ്ചായത്ത്, പൊലീസ്, വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. പാറ പൊട്ടിച്ചു നീക്കാൻ നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.