വെള്ളപ്പൊക്കത്തിൽ വീടൊഴിഞ്ഞ് 4,730 പേർ

Mail This Article
കോഴിക്കോട് ∙ ജില്ലയിൽ നദികളിലെ ജലനിരപ്പ് ഉയർന്നു തീരപ്രദേശത്ത് നൂറുകണക്കിനു വീടുകളിൽ വെള്ളം കയറി. 121 ദുരിതാശ്വാസ ക്യാംപുകളിലായി 4,730 പേർ കഴിയുന്നു. കോഴിക്കോട് താലൂക്കിൽ 72, വടകര താലൂക്കിൽ 18, താമരശ്ശേരി താലൂക്കിൽ 18, കൊയിലാണ്ടി താലൂക്കിൽ 13 വീതം ക്യാംപുകൾ ആരംഭിച്ചിട്ടുണ്ട്.
മൂഴിക്കൽ∙ അങ്ങാടിയിൽ വെള്ളം കയറി ഗതാഗതം ഭാഗികമായി മുടങ്ങി. ചെറുവറ്റക്കടവ്, കാളാണ്ടിത്താഴം റോഡ് ഭാഗങ്ങളിലും വെള്ളം കയറി.
കുന്നമംഗലം ∙ കാരന്തൂർ, ഏട്ടക്കുണ്ട്, പാറക്കടവ്, മണ്ടാളിൽ ഭാഗത്തു 500 വീടുകളിൽ വെള്ളം കയറി. കുന്നമംഗലം വെളൂർ, താളിക്കുണ്ട്, പണ്ടാരപറമ്പ് ഭാഗത്തു 70 വീടുകളിൽ വെള്ളം കയറി. ചാത്തമംഗലം, കുന്നമംഗലം പഞ്ചായത്തുകളിൽ 13 ദുരിതാശ്വാസ ക്യാംപ് തുറന്നു.
കൊടുവള്ളി ∙ പൂനൂർ പുഴയുടെയും ചെറുപുഴയുടെയും കരകളിലുള്ള 300 വീടുകളിൽ വെള്ളം കയറി. ആയിരത്തോളം പേരെ വീടുകളിൽ നിന്നു മാറ്റി.
പയ്യോളി ∙ പയ്യോളി വില്ലേജിൽ 30 വീടുകളിലും ഇരിങ്ങൽ വില്ലേജിൽ 70 വീടുകളിലും തിക്കോടി വില്ലേജിൽ 100 ലേറെ വീടുകളിലും തുറയൂർ വില്ലേജിൽ 30 വീടുകളിലും വെള്ളം കയറി.
ബാലുശ്ശേരി ∙ തരിപ്പാക്കുനി മലയിൽ ഗർത്തം രൂപപ്പെട്ടു. ഫയർ ഫോഴ്സും റവന്യു, പഞ്ചായത്ത് അധികൃതരും സ്ഥലം സന്ദർശിച്ച് അപകടം ഇല്ലെന്ന് ഉറപ്പാക്കി. പുഴ കരകവിഞ്ഞു മഞ്ഞപ്പാലം കോട്ടനട റോഡിൽ ഗതാഗതം തടസ്സപ്പെട്ടു.
കുറ്റ്യാടി ∙ പക്രംതളം ചുരം റോഡിൽ ചുങ്കക്കുറ്റിയിൽ റോഡരികിൽ വിള്ളൽ ഉണ്ടായി.
ഫറോക്ക്∙ ചാലിയം കുന്നുമ്മൽ റഷീദിന്റെ വീടിനോടു ചേർന്ന കുന്നു 14 അടി ഉയരത്തിൽ നിന്ന് ഇടിഞ്ഞു.
തലക്കുളത്തൂർ ∙ പഞ്ചയത്തിൽ 15 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു.
കൂരാച്ചുണ്ട് ∙ കക്കയം അമ്പലക്കുന്ന് നഗറിൽ ഉരുൾപൊട്ടൽ ഭീഷണി നേരിടുന്ന 14 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാംപിലേക്കു മാറ്റി.
പേരാമ്പ്ര ∙ ടൗണിൽ വീണ്ടും വെള്ളം കയറി ഗതാഗതം മുടങ്ങി. ചെമ്പ്ര റോഡിലും പൈതോത്ത് റോഡിലും വെള്ളം കയറി. ചങ്ങരോത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ വെള്ളം കയറി ചികിത്സ മുടങ്ങി.
കൊയിലാണ്ടി ∙ 13 ദുരിതാശ്വാസ ക്യാംപുകളിലായി 600 പേർ.
മാവൂർ ∙ തെങ്ങിലക്കടവ് – കണ്ണി പറമ്പ് – കുറ്റിക്കടവ് അങ്ങാടികളിൽ വെള്ളം കയറി.
കോഴിക്കോട്∙ നഗരത്തിൽ മാവൂർ റോഡ്, മാനാഞ്ചിറ ഭാഗം, സ്റ്റേഡിയം ജംക്‌ഷൻ, ചിന്താവളപ്പ് തുടങ്ങിയ സ്ഥലങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടെങ്കിലും ഗതാഗത പ്രശ്നങ്ങളില്ല. പാലാഴി, കൊമ്മേരി ഭാഗങ്ങളിൽ വെള്ളം താഴ്ന്നു തുടങ്ങി.
വേങ്ങേരി ∙ പൂനൂർ പുഴയിൽ ജലനിരപ്പ് ഉയർന്ന് തീരപ്രദേശം മുഴുവൻ വെള്ളത്തിനടിയിലായി. വേങ്ങേരി ഗ്രീൻ വേൾഡ്, പിഞ്ചു അങ്കണവാടി കവല, വടക്കിനാൽ, മൂത്താടിക്കൽ, നച്ചാട്ടിൽ താഴം, കാഞ്ഞിരവയൽ, പുളിയം വയൽ, കണ്ണാടിക്കൽ, ഒഴിഞ്ഞ പീടിക, തണ്ണീർ പന്തൽ, മാവിളിക്കടവ് – തണ്ണീർപന്തൽ റോഡ് എന്നിവിടങ്ങളിൽ നിന്ന് അൻപതോളം വീട്ടുകാരെ ഒഴിപ്പിച്ചു. ഇന്നലെ പുലർച്ചെ 3ന് ജലനിരപ്പ് ഉയരാൻ തുടങ്ങി. മിക്ക വീടുകളുടെയും താഴത്തെ നിലയുടെ പകുതിയോളം വെള്ളം പൊങ്ങി.
തടമ്പാട്ടുതാഴം കണ്ണാടിക്കൽ റോഡിലും പാറോപ്പടി – കണ്ണാടിക്കൽ റോഡിലും വെള്ളം കയറി. പാറോപ്പടി സിൽവർ ഹിൽസ് സ്കൂളിനു മുൻവശം റോഡിൽ നിന്നു തുടങ്ങി താഴോട്ടുള്ള പ്രദേശം വെള്ളത്തിലായി. കൂറ്റഞ്ചേരി ക്ഷേത്ര വളപ്പിൽ വെള്ളം കയറി. വേങ്ങേരി, കണ്ണാടിക്കൽ ഭാഗങ്ങളിൽ നിന്നു വീട്ടുകാരെ വിവിധ ദുരിതാശ്വാസ ക്യാംപുകളിലേക്കു മാറ്റി. കക്കോടി ജിഎൽപി സ്കൂൾ 23 കുടുംബം, കുരുവട്ടൂർ നടമ്മൽ അങ്കണവാടി 3 കുടുംബം, മലാപ്പറമ്പ് വനിതാ പോളി ടെക്നിക് കോളജ് 19 കുടുംബം, എൻജിഒ ക്വാർട്ടേഴ്സ് സ്കൂൾ 11 കുടുംബം എന്നിങ്ങനെയാണു മാറ്റിയത്. തണ്ണീർ പന്തൽ – മാവിളിക്കടവ് റോഡിൽ പുഴ കരകവിഞ്ഞു നാലടി വെള്ളം കയറി ഗതാഗതം മുടങ്ങി. റോഡ് പ്രദേശത്തെ വീടുകളിലും വെള്ളം കയറി.