മാക്കൂട്ടത്ത് വെള്ളമില്ലാതെ കുടുംബങ്ങൾ വലയുന്നു
Mail This Article
അണ്ടിക്കോട്. തലക്കുളത്തൂർ പഞ്ചായത്തിലെ ഏഴാം വാർഡിലെ മാക്കൂട്ടം നിവാസികൾക്ക് കുടിവെള്ളം കിട്ടിയിട്ട് മാസങ്ങളായി. ഇവിടെയുള്ള 20 വീടുകൾ ഉൾപ്പെടെ ഏകദേശം 30 വീടുകളുള്ള ഈ പ്രദേശത്ത് ആകെയുള്ളത് ഒരു പഞ്ചായത്ത് കിണറാണ്. അതിലാണെങ്കിൽ എല്ലാവർക്കും ഉപയോഗിക്കാൻ ആവശ്യമായ വെള്ളവും ഇല്ല. വേനൽക്കാലമെത്തുമ്പോൾ ഒരു കുടുംബത്തിന് 2 കുടം വെള്ളം എന്ന രീതിയിലാണ് എടുക്കുന്നത്.
കഴിഞ്ഞ വേനലിൽ കുടിവെള്ളം പണം കൊടുത്ത് വാങ്ങേണ്ട അവസ്ഥയായിരുന്നു ഇവിടെയുണ്ടായിരുന്നത്. പഞ്ചായത്തിലും വാട്ടർ അതോറിറ്റിയിലും പരാതി കൊടുത്തിട്ടും പരിഹാരം ഉണ്ടാവാത്തതു കൊണ്ട് തുടർന്ന് പ്രദേശവാസികൾ ജില്ലാ കലക്ടർക്കും പരാതി കൊടുത്തിട്ടുണ്ട്.
കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടു നിവാസികൾ പലരെയും സമീപിച്ചെങ്കിലും പരിഹാരമുണ്ടായില്ല. പൈപ്പ് പൊട്ടിയതിനാൽ ആണ് വെള്ളം ലഭിക്കാത്തത് എന്ന വിശദീകരണമാണ് വാട്ടർ അതോറിറ്റിയിൽ നിന്നും ലഭിച്ചതെന്നാണ് ഇവർ പറയുന്നത്. എന്നാൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം ശരിയായ രീതിയിൽ ലഭിക്കുന്നുണ്ട്. ഈ പ്രദേശത്തുള്ളവർ എല്ലാവരും തന്നെ പൈസ കൊടുത്ത് ഹൗസ് കണക്ഷൻ എടുത്തവരാണ്.
തലക്കുളത്തൂർ പഞ്ചായത്തിൽ സർക്കാർ സ്റ്റീഫൻ കുന്നിൽ സ്ഥലം വാങ്ങി കോടികൾ മുടക്കി കുടിവെള്ള ടാങ്ക് ഉണ്ടാക്കിയെങ്കിലും ഫലമുണ്ടായില്ല. ഒരു സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് കൂടെ പൈപ്പ് ഇടുന്നതുമായി ബന്ധപ്പെട്ട തർക്കം നിലനിൽക്കുന്നതിനാലാണ് പദ്ധതി മുടങ്ങി കിടക്കുന്നതെന്നു നാട്ടുകാർ പറയുന്നു. 50 ലക്ഷം ലിറ്റർ വെള്ളം കൊള്ളുന്ന ഈ ടാങ്ക് ഉപയോഗിക്കുകയാണെങ്കിൽ പ്രദേശത്തെ കുടുവെള്ള പ്രശ്നത്തിന് ശാശ്വതമായ പരിഹാരമാകും.