മുഖ്യമന്ത്രി ആർഎസ്എസുമായി ചേർന്ന് കേരളീയ സമൂഹത്തെ അപരവൽക്കരിക്കുന്നു: പി.വി.അൻവർ
Mail This Article
കോഴിക്കോട് ∙ മതസൗഹാർദത്തിന്റെ കടയ്ക്കൽ കത്തിവയ്ക്കാൻ ആർഎസ്എസുമായി ചേർന്ന് കേരളീയ സമൂഹത്തെ അപരവൽക്കരിക്കാൻ മുഖ്യമന്ത്രി ശ്രമിക്കുകയാണെന്ന ഗുരുതരമായ ആരോപണവുമായി പി.വി.അൻവർ എംഎൽഎ വീണ്ടും രംഗത്ത്. മലപ്പുറം ജില്ല ഏറ്റവും വലിയ ക്രിമിനലുകളുടെ ജില്ലയാണെന്നാണ് മുഖ്യമന്ത്രി ദേശീയ പത്രത്തിനു നൽകിയ അഭിമുഖത്തിൽ പറയുന്നത്. സ്വർണക്കടത്തു കേസുകൾ ഒരു സമുദായത്തിനു മേൽ അടിച്ചേൽപ്പിക്കുകയാണ്. എഡിജിപി എം.ആർ.അജിത് കുമാറിനു മുകളിൽ ഒരു പരുന്തും പറക്കില്ല. മുഖ്യമന്ത്രി അജിത് കുമാറിനെ കെട്ടിപ്പിടിച്ചിരിക്കുകയാണ്. പൊലീസിലെ ഈ ക്രിമിനൽവൽക്കരണം വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. അതുകൊണ്ടാണ് താൻ ഈ സംഭവങ്ങൾ ഏറ്റെടുത്തതെന്നും പി.വി.അൻവർ പറഞ്ഞു.
മുഹമ്മദ് ആട്ടൂർ(മാമി) തിരോധനക്കേസുമായി ബന്ധപ്പെട്ട ആക്‌ഷൻ കമ്മിറ്റി മുതലക്കുളം മൈതാനത്ത് നടത്തിയ വിശദീകരണ പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി പറഞ്ഞാൽ വിറയ്ക്കുന്ന മുട്ടുകാലല്ല തന്റേത്. താനെവിടെനിന്നാണ് വരുന്നതെന്നും തന്റെ വാപ്പ ആരാണെന്നും അറിയാത്തവരാണ് താൻ വിറയ്ക്കുമെന്ന് പറയുന്നത്. മാമി കേസിൽ ശക്തമായ നിലപാടെടുത്തു മുന്നോട്ടു പോകും. ജനം പോരാട്ടത്തിനിറങ്ങിയില്ലെങ്കിൽ ഒരു ഫയലും നല്ല ഉദ്യോഗസ്ഥരുടെ അടുത്ത് എത്തില്ല.
പൊലീസ് സേനയിലെ സത്യസന്ധരായ ഉദ്യോഗസ്ഥരെ പൊലീസ് ഹെഡ് ക്വാർട്ടേഴ്സിൽ ഷണ്ഡീകരിച്ചിരിക്കയാണ്. വിരലിലെണ്ണാകുന്ന ക്രമിനലുകളായ പൊലീസുകാരുടെ കൈയ്യിലെ അമ്മാനമാകുകയാണ് കേരള പൊലീസ്. കേരളത്തിൽ ജീവിക്കാൻ കഴിയാത്ത അവസ്ഥയാണെന്നും കഴിഞ്ഞ ഒന്ന്, ഒന്നര വർഷമായി പൊലീസിന്റെ മനുഷ്യത്വരഹിതമായ പെരുമാറ്റത്താൽ സിപിഎമ്മിനോടും എൽഡിഎഫിനോടും സാധാരണ ജനങ്ങൾക്കുള്ള അടുപ്പം ഇല്ലാതായതായും പി.വി.അൻവർ എംഎൽഎ പറഞ്ഞു. മാമി തിരോധാന കേസിൽ ഇപ്പോഴത്തെ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം കൊണ്ട് കാര്യമില്ലെന്നും ആക്‌ഷൻ കമ്മിറ്റി അവരുമായി സഹകരിക്കേണ്ടതില്ലെന്നും പി.വി.അൻവർ എംഎൽഎ പറഞ്ഞു.
മാമി കേസിനു തുമ്പ് ഉണ്ടാകുന്ന അവസ്ഥ ഉണ്ടായപ്പോൾ അന്വേഷണ സംഘത്തെ മാറ്റി. മലപ്പുറം ക്രൈംബ്രാഞ്ച് എസ്പിയായിരുന്ന വിക്രം അന്വേഷണം തുടങ്ങി 2 ദിവസം കൊണ്ടാണ് അദ്ദേഹത്തെ മാറ്റിയത്. ആദ്യം ചുമതല നൽകിയില്ല. പിന്നീട് എക്സൈസിലേക്കു മാറ്റി. നൂറിലേറെ ചെറുപ്പക്കാരെയാണ് പൊലീസിലെ ക്രിമിനലുകൾ എംഡിഎംഎ കേസിൽ കുടുക്കിയിരിക്കുന്നത്. യഥാർഥത്തിൽ പൊലീസിലെ ചെറിയൊരു വിഭാഗം ക്രിമിനലുകളാണ് ലഹരിക്കച്ചവടത്തിനു പിന്നിൽ.
നിയമങ്ങൾ പരിഗണിക്കാതെയാണ് പൊലീസ് കേസെടുക്കുന്നതെന്നും ഇതേക്കുറിച്ച് ചോദിക്കാൻ ചെല്ലുന്ന പൊതുപ്രവർത്തകരെ പൊലീസ് സ്റ്റേഷനുകളിൽ അപമാനിക്കുകയാണെന്നും പി.വി.അൻവർ എംഎൽഎ പറഞ്ഞു. ആക്‌ഷൻ കമ്മിറ്റി ചെയർമാൻ അഡ്വ. പി.രാജേഷ് കുമാർ അധ്യക്ഷത വഹിച്ചു. കൺവീനർ അസ്‍ലം ബക്കർ പ്രസംഗിച്ചു. മാമി മുഹമ്മദിന്റെ കുടുംബാംഗങ്ങളും വിശദീകരണ പൊതുയോഗത്തിന് എത്തിയിരുന്നു. പി.വി.അൻവർ എംഎൽഎയുടെ പ്രസംഗം കേൾക്കാൻ നൂറുകണക്കിനാളുകൾ മുതലക്കുളം മൈതാനത്ത് എത്തിയിരുന്നു.