എംബിബിഎസ് പാസാകാത്തയാൾ ആർഎംഒ; ആശുപത്രി അധികൃതരെ കേസിൽ പ്രതി ചേർക്കും
Mail This Article
കടലുണ്ടി ∙ എംബിബിഎസ് പൂർത്തിയാക്കാത്ത ആളെ ആർഎംഒയായി നിയമിച്ചതിൽ കോട്ടക്കടവ് ടിഎംഎച്ച് ആശുപത്രി അധികൃതർക്കു ജാഗ്രതക്കുറവ് ഉണ്ടായതായി പൊലീസ്. ആശുപത്രി രേഖകൾ പരിശോധിച്ചപ്പോഴാണ് അന്വേഷണ സംഘത്തിന് ഇക്കാര്യം ബോധ്യപ്പെട്ടത്. കഴിഞ്ഞദിവസം അറസ്റ്റിലായ വ്യാജ ഡോക്ടറുടെ രേഖകൾ ആശുപത്രി അധികൃതർ കൃത്യമായി പരിശോധിക്കാതിരുന്നതാണ് ബിരുദം ഇല്ലാത്തയാൾ 5 വർഷം ചികിത്സിക്കുന്ന സ്ഥിതി ഉണ്ടായതെന്നാണ് പൊലീസ് വിലയിരുത്തൽ. ആശുപത്രി അധികൃതരെ കേസിൽ പ്രതി ചേർക്കുമെന്നു ഫറോക്ക് അസി.കമ്മിഷണർ എ.എം.സിദ്ദിഖ് പറഞ്ഞു.
അറസ്റ്റിലായ വ്യാജ ഡോക്ടർ പത്തനംതിട്ട തിരുവല്ല ചാത്തങ്കരി വലിയപറമ്പിൽ അബു ഏബ്രഹാം ലൂക്കിനെ(30) കോടതി റിമാൻഡ് ചെയ്തു. തിരുവല്ല സ്വദേശിയായ അബു ഏബ്രഹാം ലൂക്ക് 2011ലാണു കോഴിക്കോട്ടെ സ്വകാര്യ മെഡിക്കൽ കോളജിൽ എംബിബിഎസ് പഠനത്തിന് എത്തുന്നത്. സെമസ്റ്റർ പരീക്ഷയിൽ തോറ്റതോടെ പഠനം പൂർത്തിയാക്കാനായില്ല. തുടർന്നാണു സമാന പേരുള്ള മറ്റൊരാളുടെ ബിരുദ റജിസ്റ്റർ നമ്പർ ഉപയോഗിച്ചു ചികിത്സ തുടങ്ങിയത്.
ആർഎംഒയെ നിയമിക്കാൻ ആശുപത്രി അധികൃതർ നടത്തിയ അന്വേഷണത്തിൽ മറ്റൊരാളുടെ റഫറൻസിലൂടെയാണ് അബു ലൂക്ക് എത്തുന്നത്. അബു പി.സേവ്യർ എന്നയാളുടെ പേരിലായിരുന്നു റജിസ്റ്റർ നമ്പർ. ഇക്കാര്യം ചോദിച്ചപ്പോൾ തനിക്ക് ഇരട്ടപ്പേര് ഉണ്ടെന്നാണ് കോട്ടക്കടവ് ആശുപത്രി അധികൃതരോടു പറഞ്ഞത്.
ഇയാൾ മലപ്പുറം ജില്ലയിൽ വിവിധ ഭാഗങ്ങളിലായി 6 ആശുപത്രികളിൽ ജോലി ചെയ്തതായി വിവരമുണ്ട്. മുൻപു ജോലി ചെയ്തയിടങ്ങളിൽ അന്വേഷിച്ചപ്പോൾ ഇയാളെക്കുറിച്ച് മികച്ച അഭിപ്രായം ആയിരുന്നുവെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.
കഴിഞ്ഞ 23ന് പുലർച്ചെ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ ശേഷം മരിച്ച മണ്ണൂർ പൂച്ചേരിക്കുന്ന് പച്ചാട്ട് വിനോദ് കുമാറിന്റെ (60) മരുമകളാണു വ്യാജ ഡോക്ടറെ തിരിച്ചറിഞ്ഞത്. വിനോദ് കുമാറിന്റെ ഡോക്ടർമാരായ മകൻ പി.അശ്വിനും മരുമകൾ മാളവികയും ഛണ്ഡിഗഡിലാണു ജോലി ചെയ്യുന്നത്. കഴിഞ്ഞ 27നു ബന്ധുവിനെ ചികിത്സിക്കാൻ മാളവിക ഇതേ ആശുപത്രിയിൽ എത്തിച്ചിരുന്നു. അവിടെ വച്ചാണു ഡോക്ടർ അബു ഏബ്രഹാം ലൂക്ക് എന്ന പേരു കണ്ടതും സംശയം തോന്നിയതും. മാളവികയുടെ സീനിയറായി പഠിച്ച അബു ഏബ്രഹാം ലൂക്ക് തന്നെയാണോ ഇതെന്നായിരുന്നു സംശയം. സീനിയറായി പഠിച്ച അബു പഠനം പൂർത്തിയാക്കാതെ കോളജ് വിട്ടിരുന്നു. തുടരന്വേഷണത്തിലാണ് അതേ ആളാണു വർഷങ്ങളായി ചികിത്സ നടത്തുന്നതെന്ന് തിരിച്ചറിഞ്ഞത്. ഇതോടെയാണു കുടുംബം പൊലീസിൽ പരാതി നൽകിയത്.