ADVERTISEMENT

കോഴിക്കോട് ∙ ഈ സർക്കാർ 1,80,877 പട്ടയങ്ങൾ വിതരണം ചെയ്തതായും ഇതു സർവകാല റെക്കോർഡ് ആണെന്നും മന്ത്രി കെ.രാജൻ. ജില്ലാതല പട്ടയമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അടുത്ത ജനുവരി ഒന്നോടെ ജന്മിത്തവുമായി ബന്ധപ്പെട്ട് ലാൻഡ് ട്രൈബ്യൂണലിലുള്ള എല്ലാ ഭൂമി കേസുകളും പരിഹരിക്കും. ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട് 25 മുതൽ നവംബർ 15 വരെ താലൂക്ക് തല അദാലത്ത് നടത്തും. 

ശ്മശാനം, മേച്ചിൽപുറം, കൈസ്ഥലം എന്നിങ്ങനെ ആധാരത്തിൽ രേഖപ്പെടുത്തിയ ഭൂമി വിട്ടുനൽകാൻ കഴിയുന്നതാണ്.  ഇതിനുള്ള അധികാരം ആർക്കാണ് എന്നതായിരുന്നു നിയമപരമായ പ്രശ്നം. ഈ അധികാരം കലക്ടറിൽ നിക്ഷിപ്തമാക്കിയുള്ള എക്സിക്യൂട്ടീവ് ഉത്തരവ് ഈ മാസം ഇറങ്ങും. 

ഇത്തരത്തിൽ ലഭിക്കുന്ന ഭൂമി, ഭൂരഹിതർക്ക് പതിച്ചു കൊടുക്കുമെന്നും മന്ത്രി പറഞ്ഞു. കേരളത്തിൽ ഏറ്റവും കൂടുതൽ ഭൂമി തരം മാറ്റത്തിന് അപേക്ഷ ലഭിച്ചതു കോഴിക്കോട് താലൂക്കിലാണ്. ഫോം 5 പ്രകാരം ഏഴായിരത്തിൽ പരവും ഫോം 6 പ്രകാരം എണ്ണായിരത്തിൽ പരവും അപേക്ഷകളാണ് ലഭിച്ചത്.  

വനഭൂമി പട്ടയം വിഷയത്തിൽ വനം വകുപ്പുമായി ചേർന്ന്, പട്ടയത്തിന് അപേക്ഷിച്ചവരിൽ നിന്നു വിവരശേഖരണം നടത്തി ഡേറ്റ തയാറാക്കി സംയുക്ത പരിശോധന ആരംഭിക്കാൻ നടപടി തുടങ്ങുമെന്നും മന്ത്രി പറഞ്ഞു. ജില്ലയിൽ 3,270 പട്ടയങ്ങൾ ഇന്നലെ നൽകി. 

മേയർ ബീന ഫിലിപ് അധ്യക്ഷത വഹിച്ചു. എംഎൽഎമാരായ തോട്ടത്തിൽ രവീന്ദ്രൻ, കെ.പി.കുഞ്ഞമ്മദ് കുട്ടി, പി.ടി.എ.റഹീം, ലിന്റോ ജോസഫ്, കലക്ടർ സ്നേഹിൽ കുമാർ സിങ്, കൗൺസിലർ ഇ.എം.സോമൻ, സിപിഐ ജില്ലാ സെക്രട്ടറി കെ.കെ.ബാലൻ, എൽആർ ഡപ്യൂട്ടി കലക്ടർ പി.എൻ.പുരുഷോത്തമൻ എന്നിവർ പ്രസംഗിച്ചു.

English Summary:

In a landmark move, Kerala distributed a record-breaking 1,80,877 land title deeds. Minister K Rajan inaugurated the distribution mela in Kozhikode and announced key initiatives including resolution of pending land cases, a taluk level adalat for land conversion, and plans for granting title deeds for 'Shmashanam,' 'Mechilpuram,' and 'Kaisthalam' lands.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com