ഫറോക്കിൽ പിഡബ്ല്യുഡി റെസ്റ്റ് ഹൗസ്: മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
Mail This Article
ഫറോക്ക് ∙ അടിസ്ഥാനസൗകര്യ വികസന രംഗത്ത് സമാനതകളില്ലാത്ത നേട്ടങ്ങളാണ് കഴിഞ്ഞ 8 വർഷം കൊണ്ട് കേരളത്തിനു കൈവരിക്കാനായതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഫറോക്കിൽ നിർമിച്ച പിഡബ്ല്യുഡി റെസ്റ്റ് ഹൗസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. 2043 കോടി രൂപ അനുവദിച്ച ആനക്കാംപൊയിൽ–മേപ്പാടി തുരങ്കപാതയുടെ നിർമാണം വൈകാതെ ആരംഭിക്കും.
മന്ത്രി പി.എ.മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. ഏവർക്കും മുറിയെടുക്കാൻ സാധിക്കുന്ന പീപ്പിൾസ് റെസ്റ്റ് ഹൗസുകൾ എന്ന നിലയിലാണ് സംസ്ഥാന സർക്കാർ പിഡബ്ല്യുഡി റെസ്റ്റ് ഹൗസുകളെ കാണുന്നത്. ഇത് പ്രാവർത്തികമാക്കാൻ 2021 നവംബർ മുതൽ റെസ്റ്റ് ഹൗസ് ബുക്കിങ് ഓൺലൈൻ സംവിധാനത്തിലേക്കു മാറി. അതിനുശേഷം കേരളത്തിലെ 151 റെസ്റ്റ് ഹൗസുകളിൽ നിന്ന് 18.5 കോടി രൂപ അധിക വരുമാനമായി ലഭിച്ചതായി മന്ത്രി പറഞ്ഞു.
മേയർ ബീന ഫിലിപ്, എം.കെ.രാഘവൻ എംപി, കലക്ടർ സ്നേഹിൽ കുമാർ സിങ്, വി.കെ.സി.മമ്മദ്കോയ, ടി.കെ.ഹംസ, കടലുണ്ടി പഞ്ചായത്ത് പ്രസിഡന്റ് വി.അനുഷ, കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.ഷൈലജ, കോർപറേഷൻ സ്ഥിരം സമിതി അധ്യക്ഷരായ പി.സി.രാജൻ, കെ.കൃഷ്ണകുമാരി, മരാമത്ത് കെട്ടിട വിഭാഗം ചീഫ് എൻജിനീയർ എൽ.ബീന, സൂപ്രണ്ടിങ് എൻജിനീയർ ഹരീഷ് കുമാർ, എക്സിക്യൂട്ടീവ് എൻജിനീയർ എൻ.ശ്രീജയൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പ്രസംഗിച്ചു.