നമ്പർ പ്ലേറ്റ് ഇല്ലാതെ ദേശീയപാത നിർമാണ കമ്പനിയുടെ ലോറികൾ; ഓട്ടം മുഴുവൻ പൊലീസിന്റെ കൺമുന്നിലൂടെ
Mail This Article
വടകര ∙ ദേശീയ പാത നിർമാണ കമ്പനിയായ വാഗാഡിന്റെ ലോറികൾ നിയമം ലംഘിച്ച് ഓടുന്നു. മോട്ടർ വാഹന വകുപ്പിന്റെയും പൊലീസിന്റെയും മുൻപിലൂടെ രണ്ടു വർഷത്തിലധികമായി നഗര ഭാഗത്തു കൂടെ ഒട്ടേറെ ലോറികൾ ഈ മട്ടിൽ പതിവായി ഓടുന്നു. പല ലോറികൾക്കും ഇൻഷുറൻസ് ഇല്ലെന്നും പരാതിയുണ്ട്.
കൂറ്റൻ ട്രക്കുകളും ടിപ്പറുകളുമാണ് അധികവും. പലതിനും നമ്പർ പ്ലേറ്റ് ഇല്ല. സൈഡ് ബോഡിയിൽ എഴുതിയവ പലതും മാഞ്ഞു പോയി. ചില ലോറികളുടെ പിറകിൽ ബോഡി ഇല്ല. ഇതിലാണ് വൻ തോതിൽ നിർമാണ സാമഗ്രികൾ കൊണ്ടു പോകുന്നത്. വിവിധ സൈറ്റിൽ ജോലിക്കാരെ എത്തിക്കുന്നതും ഇത്തരം ലോറിയിലാണ്.
ലോറികളുടെ നമ്പർ പരിവാഹൻ സൈറ്റിൽ അടിച്ചു നോക്കുമ്പോൾ ഇൻഷുറൻസ് ഇല്ലെന്ന മറുപടിയാണ് കിട്ടുന്നത്. നഗരത്തിലെ പല ഡ്രൈവർമാരും ഇക്കാര്യം മോട്ടർ വാഹന വകുപ്പിനെ അറിയിച്ചിട്ടുണ്ട്. നേരത്തേ കൊയിലാണ്ടിയിൽ ഇത്തരം ലോറികൾക്കെതിരെ നടപടിയെടുത്തതിനെ തുടർന്ന് മിക്ക ലോറികളും ഓടാതായി. പാതയുടെ പണി നിലച്ചിരുന്നു. എന്നാൽ വടകര മേഖലയിൽ നിർബാധം ഓട്ടം തുടരുകയാണ്.
ഇതേ കമ്പനിയുടെ 2 ലോറികൾ നഞ്ച ഭൂമിയിൽ കൊണ്ടുപോയിട്ടതിന് റവന്യു അധികൃതർ പിടികൂടിയിരുന്നു. കേസ് കഴിയാത്തതു കൊണ്ട് ഇവ 5 മാസത്തോളമായി പഴയ താലൂക്ക് ഓഫിസ് പരിസരത്ത് തുരുമ്പെടുത്തും കാടു കയറിയും നശിക്കുകയാണ്. അതേ സമയം ഇൻഷുറൻസ് ഇല്ലാതെ ഒരു വാഹനവും നിരത്തിലിറക്കുകയില്ലെന്ന് വാഗാഡ് കമ്പനി അധികൃതർ പറയുന്നു. മണ്ണും കല്ലും പതിവായി കൊണ്ടു പോകുന്നതു കൊണ്ട് നമ്പർ പ്ലേറ്റുകൾ പൊട്ടി പോകുന്നുവെന്നാണ് അവരുടെ വിശദീകരണം. എന്നാൽ ഇതേ തരത്തിൽ പണിയെടുക്കുന്ന മറ്റു സ്വകാര്യ കമ്പനികളുടെയും ഊരാളുങ്കൽ സൊസൈറ്റിയുടെയും ലോറികൾക്ക് ഇത്തരം പ്രശ്നങ്ങളില്ല.