ശ്വാസമാകുന്ന ഭാഷ; ഹോർത്തൂസ് പുസ്തകശാലയിൽ സാഹിത്യചർച്ച
Mail This Article
കോഴിക്കോട് ∙ കഥയായാലും നോവലായാലും കവിതയാണെങ്കിലും ഭാഷയുടെ കയ്യടക്കം അനിവാര്യമാണെന്ന കാര്യത്തിൽ ചർച്ചയിൽ പങ്കെടുത്തവർക്കെല്ലാം ഒരേ അഭിപ്രായം. സാഹിത്യത്തിന്റെ ഏത് മേഖലയിലാണെങ്കിലും ഭാഷയുടെ സ്ഥാനം വളരെ വലുതാണെന്നും വായനക്കാരെ അഥവാ അനുവാചകരെ സാഹിത്യം അനുഭവിപ്പിക്കാൻ കഴിയുക ഭാഷയുടെ കയ്യടക്കത്തിലൂടെയാണെന്നും ചർച്ചയിൽ പങ്കെടുത്ത കഥാകൃത്തുക്കളായ പി.കെ.പാറക്കടവും അർഷാദ് ബത്തേരിയും ജാനമ്മ കുഞ്ഞുണ്ണിയും വ്യക്തമാക്കി. കഥ–ഭാഷയുടെ കയ്യടക്കം എന്ന വിഷയത്തിൽ ഹോർത്തൂസ് പുസ്തകശാലയിലാണ് സാഹിത്യചർച്ച നടന്നത്.
പി.കെ.പാറക്കടവ്
‘‘വായന യാതനയാകാതിരിക്കാൻ ഭാഷയുടെ കയ്യടക്കം അത്യാവശ്യമാണ്. പരത്തി പറയുന്നതിനു പകരം ചെറുതായി പറയുന്നതാണ് നല്ലത്. എന്റെ കഥകൾ മിനി കഥകളായി പോകുന്നത് രാസവളം ചേർക്കാത്തതിനാലാണെന്നാണ് ഞാൻ തമാശയായി പറയാറുള്ളത്. കഥയെ കുറിച്ച് പറയുന്നതിനു പകരം കഥ തന്നെ പറയുന്നതാണ് നല്ലത്’’.പൊന്ന്, ഉച്ചയ്ക്ക്, നിലപാടുകൾ, ഹിറ്റ്ലർ ഒരു സസ്യബുക്കാണ്, ആധാർ എന്നീ മിനി കഥകൾ പി.കെ.പാറക്കടവ് വായിച്ചു.കൊച്ചു കഥകളുടെ സൗന്ദര്യം വിളിച്ചൊതുന്ന അതേസമയം ആശയ സംപുഷ്ടമായ ഈ കഥകളിലൂടെ ഭാഷയുടെ കയ്യടക്കത്തെ തുറന്നു കാട്ടുകയായിരുന്നു പി.കെ.പാറക്കടവ്. ഭാഷയുടെ കയ്യടക്കം ഇല്ലാതാകുമ്പോഴാണ് രചന പരാജപ്പെടുന്നതെന്നും പി.കെ.പാറക്കടവ് പറഞ്ഞു.
അർഷാദ് ബത്തേരി
‘‘ഭാഷയെ തിരിച്ചു പിടിക്കാനുള്ള രാഷ്ട്രീയമായ ഉത്തരവാദിത്തം എഴുത്തുകാരനുണ്ട്. ഭാഷയെ തിരിച്ചുപിടിക്കുന്നതിലൂടെ മാത്രമേ ചരിത്രത്തെ തിരിച്ചു പിടിക്കാനാകൂ. ചരിത്രത്തെയും മിത്തിനെയും ഇതിലൂടെ വേർതിരിക്കാനാകൂ. പുതിയ കാലത്തെ കഥകളിലും നോവലുകളിലും ഇതു കാണുന്നുണ്ടെന്നത് ഏറെ ആശ്വാസകരമാണ്’’.ഗ്രാമീണ ജീവിതത്തിൽ നിന്നുണ്ടായിട്ടുള്ള നാട്ടുഭാഷയെ തിരികെ കൊണ്ടുവരേണ്ടതുണ്ട്. എം.മുകുന്ദന്റെ ‘കുട നന്നാക്കുന്ന ചോയി’യിൽ കാണുന്നതിതാണ്. എം.ടിയുടെ ഏറ്റവും ചെറിയ നോവലായ മഞ്ഞിൽ കയ്യടക്കത്തോടെയുള്ള ഭാഷയാണ് ഉപയോഗിച്ചിരിക്കുന്നത്. മാർക്കേസിന്റെ ഏറ്റവും ചെറിയ നോവലായ ‘കേണലിന് ആരും കത്ത് എഴുതുന്നില്ല’ എന്നതിലും ഭാഷയുടെ കയ്യടക്കം പ്രകടമാണെന്നും അർഷദ് ബത്തേരി പറഞ്ഞു.
ജാനമ്മ കുഞ്ഞുണ്ണി
‘‘കഥകളിൽ ഭാഷയ്ക്കു മാത്രമല്ല പ്രമേയത്തിലും കയ്യടക്കം ഉണ്ടാകേണ്ടതുണ്ട്. ഭാഷയുണ്ടാക്കുന്ന സ്ഫോടനാത്മകത വളരെ വലുതാണ്. ചെറുകഥയുടെ കാൻവാസ് ചെറുതായതു കൊണ്ടു തന്നെ ഭാഷ ചടുലമാകേണ്ടതുണ്ട്. ഏത് സാഹിത്യ ശാഖയിലായാലും ഭാഷയുടെ കയ്യടക്കത്തിനു വലിയ പ്രാധാന്യം ഉണ്ട്. ഭാഷയുടെ കയ്യടക്കം ഏറ്റവുമധികം പ്രതിഫലിക്കുന്നത് കവിതയിലാണ്. വായനക്കാരനു മനസ്സിലാകുന്ന തരത്തിൽ ലളിതമായി ഭാഷ ഉപയോഗിക്കുമ്പോൾ രചനകൾ വായനക്കാരിലേക്ക് എളുപ്പമെത്തും.’രചനകൾ വലുതോ ചെറുതോ എന്നതല്ല മറിച്ച് വായനക്കാരന് ആശയത്തെ അനുഭവിപ്പിക്കാൻ കഴിയുന്ന ഭാഷാ സമന്വയമാണ് ഉണ്ടാകേണ്ടത്.
കലയും സാഹിത്യവും ആഘോഷമാക്കാൻ മനോരമ ഹോർത്തൂസ് രാജ്യാന്തര സാഹിത്യ, സാംസ്കാരികോത്സവം 2024 നവംബർ 1 മുതൽ 3 വരെ കോഴിക്കോട് ബീച്ചിൽ. സാന്റാമോണിക്ക, ജെയിൻ യൂണിവേഴ്സിറ്റി തുടങ്ങിയവരാണ് പ്രായോജകർ. സന്ദർശിക്കുക: https://manoramahortus.com/