സെക്രട്ടറിമാർ വാഴുന്നില്ല; തിരുവള്ളൂർ പഞ്ചായത്തിൽ ഫയലുകൾ കുന്നുകൂടി
Mail This Article
തിരുവള്ളൂർ ∙ സെക്രട്ടറിമാരുടെ നിരന്തര സ്ഥലം മാറ്റം മൂലം പ്രയാസത്തിലായ പഞ്ചായത്തിൽ ഫയലുകൾ നീങ്ങാത്തതു പ്രതിസന്ധി.സമയബന്ധിതമായി തീർപ്പു കൽപിക്കേണ്ട 580 ഫയലുകൾ നിലവിലുണ്ട്. അതിനു പുറമേ തീർപ്പാക്കാനുള്ള 53 എണ്ണവും പുതുതായി 94 എണ്ണവും ഉൾപ്പെടെ 727 ഫയലുകളാണ് സെക്രട്ടറിയുടെ ലോഗിനിനുള്ളത്.മേപ്പയൂർ പഞ്ചായത്ത് സെക്രട്ടറിക്കാണ് തിരുവള്ളൂരിന്റെ ചുമതല. പുതുതായി നിയമിക്കപ്പെട്ട അസിസ്റ്റന്റ് സെക്രട്ടറിക്ക് ലോഗിൻ ചെയ്യാൻ കഴിയുന്നില്ല.
പദ്ധതി പ്രവർത്തനം, ഭവന നിർമാണ സഹായധന വിതരണം, ലൈസൻസ്, അധികമായി വസൂലാക്കിയ പെർമിറ്റ് ഫീസ് തിരിച്ചു നൽകൽ, വിവിധ ക്ഷേമ പെൻഷൻ അപേക്ഷകളുടെ അംഗീകാരം, തൊഴിലുറപ്പ് പ്രവർത്തനങ്ങൾ, വിവാഹം, മരണ റജിസ്ട്രേഷൻ, മറ്റ് സാക്ഷ്യപത്രങ്ങൾ എന്നിവയുടെ വിതരണം ഉൾപ്പെടെ മുടങ്ങി.ഫയലുകൾ സമയ ബന്ധിതമായി തീർപ്പാക്കാത്തതു പൊതുജനങ്ങൾക്കു നൽകേണ്ട സേവനാവകാശങ്ങളുടെ ലംഘനമാണെന്ന് പ്രസിഡന്റ് സബിത മണക്കുനി, വൈസ് പ്രസിഡന്റ് എഫ്.എം.മുനീർ എന്നിവർ പറഞ്ഞു.പുതിയ സെക്രട്ടറി എത്തിയിരുന്നെങ്കിലും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തെ തുടർന്ന് ചുമതലയേൽക്കാൻ കഴിഞ്ഞിരുന്നില്ല.