പെരിങ്ങൊളം റോഡിൽ അപകടം പതിവ്

Mail This Article
പെരിങ്ങൊളം ∙ കുന്നമംഗലം, കാരന്തൂർ ടൗണുകളിലെ തിരക്ക് ഒഴിവാക്കാൻ യാത്രക്കാർ ആശ്രയിക്കുന്ന പെരിങ്ങൊളം റോഡിൽ ജംക്‌ഷനിൽ അപകടങ്ങൾ വർധിക്കുന്നു. വിസ്തൃതി കുറവും അപകട മുന്നറിയിപ്പ് ഇല്ലാത്തതുമാണ് ഇതിനു കാരണം. ഇന്നലെ പുലർച്ചെ സിഡബ്ല്യുആർഡിഎം ഭാഗത്തുനിന്ന് എൻഐടി ഭാഗത്തേക്കു പോകുന്ന വിദ്യാർഥികൾ സഞ്ചരിച്ച ബൈക്ക് ടാങ്കർ ലോറിയിൽ ഇടിച്ച് വിദ്യാർഥികൾക്ക് പരുക്കേറ്റു. ജംക്‌ഷനിൽ മറ്റു ഭാഗങ്ങളിൽനിന്നു വരുന്ന വാഹനങ്ങൾ ശ്രദ്ധയിൽ പെടില്ല എന്നതാണ് ഇവിടുത്തെ മറ്റൊരു പ്രശ്നം.
കഴിഞ്ഞ ദിവസങ്ങളിൽ ഇത്തരത്തിൽ വേറെയും അപകടങ്ങൾ സംഭവിച്ചിട്ടുണ്ട്.വാഹനങ്ങൾ ഒരുമിച്ചെത്തുന്നതുമൂലം അവധി ദിനങ്ങളിലും മറ്റും ഗതാഗതക്കുരുക്കും പതിവാണ്. പനാത്തുതാഴം– സിഡബ്ല്യുആർഡിഎം റോഡ് വഴി, മുക്കം, വയനാട് റോഡുകളിലേക്ക് എത്തുന്നതിന് ഒട്ടേറെ വാഹനങ്ങളാണ് കടന്നു പോകുന്നത്. നഗര റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി സിഡബ്ല്യുആർഡിഎം ഗേറ്റ് വരെ റോഡ് നവീകരിച്ചിട്ടുണ്ട്. ശേഷിക്കുന്ന പെരിങ്ങൊളം ജംക്‌ഷൻ വരെ ഒരു കിലോ മീറ്ററോളം ഭാഗം വീതി കുറഞ്ഞ പഴയ റോഡ് ആണ്.
പെരിങ്ങൊളം ജംക്‌ഷനിൽ ബൈപാസ് നിർമിക്കുന്നതിനുള്ള പദ്ധതിക്ക് അംഗീകാരം ആയിട്ടുണ്ടെങ്കിലും സ്ഥലം ഏറ്റെടുക്കൽ അടക്കം പൂർത്തിയായിട്ടില്ല. കുറ്റിക്കാട്ടൂർ, കുരിക്കത്തൂർ, കുന്നമംഗലം, സിഡബ്ല്യുആർഡിഎം റോഡുകൾ സംഗമിക്കുന്ന തിരക്കേറിയ പെരിങ്ങൊളം ജംക്‌ഷനിലും 3 റോഡുകൾ ചേരുന്ന മിൽമ ഡെയറി പരിസരത്തും വേഗം കുറയ്ക്കുന്നതിനു സംവിധാനം ഏർപ്പെടുത്തുക, ജംക്‌ഷൻ സൂചിപ്പിക്കുന്ന റിഫ്ലക്ടറുകൾ സ്ഥാപിക്കുക, രാത്രി വെളിച്ചം ഏർപ്പെടുത്തുകയും അപകട മുന്നറിയിപ്പ് സ്ഥാപിക്കുകയും ചെയ്യുക എന്നീ ആവശ്യങ്ങളാണ് വ്യാപാരികളും നാട്ടുകാരും ഉന്നയിക്കുന്നത്.