കോഴിക്കോട് റെയിൽവേ സ്റ്റേഷൻ നവീകരണം: ടിക്കറ്റ് റിസർവേഷൻ കേന്ദ്രം ഇന്നു മുതൽ നാലാം പ്ലാറ്റ്ഫോമിൽ
Mail This Article
കോഴിക്കോട്∙ റെയിൽവേ സ്റ്റേഷനിൽ 445.95 കോടി രൂപയുടെ നവീകരണ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ഒന്നാം പ്ലാറ്റ്ഫോമിൽ പ്രവർത്തിച്ചിരുന്ന ടിക്കറ്റ് റിസർവേഷൻ ഓഫിസ് ഇന്നുമുതൽ നാലാം പ്ലാറ്റ്ഫോമിലേക്കു മാറും. നാലാം പ്ലാറ്റ്ഫോമിൽ പാഴ്സൽ ഓഫിസ് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിലാണു താൽക്കാലികമായി റിസർവേഷൻ കേന്ദ്രം പ്രവർത്തിക്കുക. ഇന്നലെ വൈകിട്ടത്തോടെ ക്രമീകരണം പൂർത്തിയാക്കി. അൺറിസർവ്ഡ് ടിക്കറ്റ് വിതരണം നിലവിലുള്ള സ്ഥലത്തു തുടരും. അധികം വൈകാതെ അതും ഒന്നാം പ്ലാറ്റ്ഫോമിലെ മറ്റൊരിടത്തേക്കു മാറ്റും. ഇൻഫർമേഷൻ സെന്ററും ഒരാഴ്ചയ്ക്കകം നാലാം പ്ലാറ്റ്ഫോമിലേക്കു മാറ്റും. നവീകരണ പ്രവൃത്തിയുടെ ഭാഗമായി സ്റ്റേഷനിൽ പൊളിക്കുന്നത് ഒന്നാം പ്ലാറ്റ്ഫോം കെട്ടിടമാണ്.
രാജ്യാന്തര നിലവാരത്തിൽ കോഴിക്കോട് റെയിൽവേ സ്റ്റേഷൻ നവീകരിക്കുന്ന പ്രവൃത്തി ആരംഭിച്ചിട്ട് ഒരു വർഷം പൂർത്തിയാകുകയാണ്. 2023 നവംബർ 24ന് ആണു പ്രവൃത്തി ആരംഭിച്ചത്. 2026 ഡിസംബറിലാണ് പൂർത്തിയാകുക. പദ്ധതിയുടെ കരാറുകാർ സേലത്തെ റാങ്ക് പ്രോജക്ട്സ് ആൻഡ് ഡവലപ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ്. നവീകരണത്തോടെ സ്റ്റേഷന്റെ മുഖഛായ മാറ്റുംവിധമാണ് ഒന്നും നാലും പ്ലാറ്റ്ഫോമുകളിൽ 5 നില കെട്ടിടമുയരുക. 2 നിലകളും യാത്രക്കാരുടെ ആവശ്യങ്ങൾക്കും സൗകര്യങ്ങൾക്കുമാണു വിനിയോഗിക്കുക. ബാക്കി 3 നിലകളും വാണിജ്യാവശ്യങ്ങൾക്കു വിട്ടുകൊടുക്കും. നവീകരണ ഭാഗമായി ഇതുവരെ നടന്ന പ്രവൃത്തികളെല്ലാം നാലാം പ്ലാറ്റ്ഫോമിനു പുറത്താണ്. ഇനി സ്റ്റേഷൻ കെട്ടിടങ്ങൾ പൊളിക്കുന്നതിലേക്കു കടക്കും.
ഒന്നിലും നാലിലും നിലവിലുള്ള പ്ലാറ്റ്ഫോമുകൾക്കു പകരം രണ്ടര ഇരട്ടി കൂടുതൽ വീതിയിലാണ് പുതിയ പ്ലാറ്റ്ഫോമുകൾ. എന്നാൽ നീളം കുറയും. നിലവിലെ 10 മീറ്റർ വീതിയിൽനിന്ന് 26 മീറ്റർ വീതിയിലേക്കു മാറുന്ന നിർദിഷ്ട ഒന്നാം പ്ലാറ്റ്ഫോമിന്റെ നീളം 120 മീറ്ററായി ചുരുങ്ങും. വിവിധ റെയിൽവേ ഓഫിസുകൾക്കായി നാലാം പ്ലാറ്റ്ഫോമിനു പുറത്ത് 1222 ചതുരശ്ര മീറ്ററിൽ 3 നില കെട്ടിടമുയരും. നിലവിലുള്ള കെട്ടിടങ്ങളിൽ 90 ശതമാനവും പൊളിച്ചുമാറ്റി പുതിയവ വരും. ആർആർഐ കാബിൻ, റെയിൽവേ ഇൻസ്റ്റിറ്റ്യൂട്ട്, റെസ്റ്റ് ഹൗസ്, റണ്ണിങ് റൂം, ഗവ. റെയിൽവേ പൊലീസ് സ്റ്റേഷൻ എന്നീ കെട്ടിടങ്ങളാണ് ഈ നവീകരണത്തിലും പൊളിക്കാതെ നിലനിർത്തുന്നത്. നൂറ്റാണ്ടിലേറെ പഴക്കമുണ്ടായിരുന്ന റെയിൽവേ കളിക്കളം നഷ്ടപ്പെട്ടെങ്കിലും പുതിയ റിക്രിയേഷൻ ഏരിയ വരുന്നത് 5502 ചതുരശ്ര മീറ്ററിലാണ്.
മൾട്ടി ലവൽ പാർക്കിങ് പ്ലാസ നിർമാണം പുരോഗമിക്കുന്നു
ഒന്നും നാലും പ്ലാറ്റ്ഫോമുകൾക്കു പുറത്തെ മൾട്ടി ലവൽ പാർക്കിങ് പ്ലാസകൾ, ജീവനക്കാരുടെ ക്വാർട്ടേഴ്സുകൾ, ഹെൽത്ത് യൂണിറ്റ് എന്നിവയുടെ നിർമാണമാണ് ഇപ്പോൾ പുരോഗമിക്കുന്നത്. 2 മൾട്ടി ലവൽ കാർ പാർക്കിങ് പ്ലാസകളാണ് വരുന്നത്. ഒന്നാം പ്ലാറ്റ്ഫോമിനു പുറത്ത് 5 നിലകളിലും നാലിൽ 7 നിലകളിലുമാണിത്. ഒന്നാം പ്ലാറ്റ്ഫോമിനു പുറത്തെ കാർ പാർക്കിങ് പ്ലാസയിൽ 172 കാറുകളും 648 ബൈക്കുകളും പാർക്ക് ചെയ്യാനാകും. നാലാം പ്ലാറ്റ്ഫോമിനു പുറത്തെ 7 നില പാർക്കിങ് പ്ലാസയിൽ 252 കാറുകളും 588 ബൈക്കുകളും പാർക്ക് ചെയ്യാം. 2 പാർക്കിങ് പ്ലാസകളിലും ലിഫ്റ്റ് സൗകര്യമുണ്ട്. രണ്ടിലെയും രണ്ടാം നിലയിൽനിന്ന് ആകാശപാതയിലൂടെ നേരിട്ട് റെയിൽവേ സ്റ്റേഷനിലെത്താം. ജീവനക്കാർക്കായി 144 പുതിയ ക്വാർട്ടേഴ്സുകളാണ് സ്റ്റേഷനു പടിഞ്ഞാറു ഭാഗത്തു നിർമിക്കുന്നത്. 5 ബ്ലോക്കുകളായാണ് ഈ ക്വാർട്ടേഴ്സുകൾ. 8 നിലകളുള്ള മൂന്നെണ്ണവും നാലും മൂന്നും നിലകളോടെ ഓരോന്നു വീതവുമാണ് ഇത്.