പെരുവണ്ണാമൂഴി സപ്പോർട്ട് ഡാം നിർമാണം: തടസ്സം നീങ്ങിയില്ല; പുതുക്കിയ രൂപകൽപനയ്ക്ക് അംഗീകാരം വൈകുന്നു

Mail This Article
പെരുവണ്ണാമൂഴി ∙ കുറ്റ്യാടി ജലസേചന പദ്ധതിയുടെ 50 വർഷത്തിലേറെ പഴക്കമുള്ള ഡാം ബലപ്പെടുത്തുന്നതിന്റെ ഭാഗമായി സപ്പോർട്ട് ഡാം പ്രവൃത്തി ഡിസൈൻ റിവിഷൻ അംഗീകാരം ലഭിക്കാത്തതിനാൽ വൈകുന്നു. നിലവിലെ ഡാമിൽ നിന്നു 10 മുതൽ 12 മീറ്റർ വരെ ദൂരത്തിൽ കോൺക്രീറ്റ് ചെയ്ത് ബലപ്പെടുത്തുന്നതാണ് സപ്പോർട്ട് ഡാമിന്റെ പ്രവൃത്തി. ഡാമിന്റെ ബലക്ഷയത്തെക്കുറിച്ചുള്ള റിപ്പോർട്ടിനെ തുടർന്നാണ് സപ്പോർട്ട് ഡാം നിർമിക്കുന്നത്. 2021 നവംബർ മാസത്തിലാണ് ഡാമിന്റെ പണി തുടങ്ങിയത്. 28.50 കോടി രൂപയുടെ പണിയിൽ 65 ശതമാനത്തോളം പ്രവൃത്തി കഴിഞ്ഞു. 2024 നവംബർ മാസത്തിൽ പണി പൂർത്തീകരിക്കാനാണ് ലക്ഷ്യമിട്ടത്.
സെൻട്രൽ വാട്ടർ കമ്മിഷൻ ടീം ഉൾപ്പെടെ ഉന്നതർ ഡാം മേഖല സന്ദർശിച്ചപ്പോൾ പ്രവൃത്തിയിൽ ചില മാറ്റങ്ങൾ നിർദേശിച്ചിരുന്നു. ഈ ഡിസൈൻ റിവിഷൻ അംഗീകാരം ലഭിച്ചാൽ മാത്രമേ പണി തുടരാൻ സാധിക്കൂ. തിരുവനന്തപുരം ഇറിഗേഷൻ ഡിസൈൻ ആൻഡ് റിസർച് ബോർഡിന്റെ അംഗീകാരം പുതിയ ഡിസൈനിന് ലഭിക്കണം. കഴിഞ്ഞ 4 മാസത്തോളമായി ഡാം മേഖലയിൽ പ്രവൃത്തി മുടങ്ങിയ നിലയിലാണ്. രത്‌നഗിരി ബാലാജി കൺസ്ട്രക്‌ഷൻസ് ആണ് പ്രവൃത്തി ഏറ്റെടുത്തത്. പുതിയ ഡിസൈൻ അംഗീകാരം ലഭിച്ചാൽ 3 മാസത്തിനകം പണി പൂർത്തിയാകുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.