ഗ്യാസ് പൈപ്ലൈനിന് കുഴി കുത്തി; മുണ്ടിക്കൽതാഴത്ത് ഗതാഗതക്കുരുക്ക്
Mail This Article
മുണ്ടിക്കൽതാഴം ∙ റോഡിലെ ഒരു കുഴി മൂലം മുണ്ടിക്കൽതാഴം ജംക്‌ഷനിലും പരിസരങ്ങളിലും ഇന്നലെ രാവിലെ മുതൽ യാത്രക്കാരെ മണിക്കൂറുകളോളം വലച്ചു രൂക്ഷമായ ഗതാഗതക്കുരുക്ക്. വാതക പൈപ്‌ലൈൻ സ്ഥാപിക്കുന്നതിനു കഴിഞ്ഞ ദിവസം രാത്രി മെഡിക്കൽ കോളജ് ഭാഗത്തേക്കുള്ള ബസ് സ്റ്റോപ് പരിസരത്ത് റോഡിൽ സ്ഥാപിച്ച കുഴിയാണു രാവിലെ 8 മുതൽ തിരക്കേറിയ സമയത്തു ഉച്ചവരെ രൂക്ഷമായ ഗതാഗതക്കുരുക്കിനു കാരണമായത്. റോഡിലെ കുരുക്ക് അറിയാതെ മെഡി.കോളജ് ആശുപത്രിയിലേക്ക് അത്യാസന്ന നിലയിലുള്ള രോഗികളെയും കൊണ്ടു വന്ന ഒട്ടേറെ ആംബുലൻസുകളും എമർജൻസി വാഹനങ്ങളും കുരുക്കിൽ അകപ്പെട്ടതോടെ നാട്ടുകാരും ബസ് ജീവനക്കാരും ഓട്ടോ തൊഴിലാളികളും മറ്റും ഇടപെട്ടാണു കടത്തി വിട്ടത്.
കുന്നമംഗലം, കാരന്തൂർ ടൗണുകളിലെ ഗതാഗതക്കുരുക്കു ഒഴിവാക്കാൻ പെരിങ്ങൊളം– സിഡബ്ല്യുആർഡിഎം റോഡ്, ചേവരമ്പലം– കാളാണ്ടിത്താഴം, മുണ്ടിക്കൽതാഴം റോഡ് വഴിയും വന്ന ഒട്ടേറെ യാത്രക്കാർ ഓഫിസിലും സ്ഥാപനങ്ങളിലും എത്താൻ കഴിയാതെ ഏറെ സമയം കുരുക്കിൽ അകപ്പെട്ടു. തിരക്കേറിയ സമയത്ത് സമയക്രമം തെറ്റിയതോടെ ബസുകളുടെ സർവീസും അവതാളത്തിലായി.ഒൻപത് മണിയോടെ തന്നെ സിഡബ്ല്യുആർഡിഎം റോഡിൽ കോട്ടാംപറമ്പ് വരെയും കാരന്തൂർ റോഡിൽ കൊളായിതാഴം പെട്രോൾ പമ്പ് വരെയും മെഡി.കോളജ് റോഡിൽ വയൽ വളവ് വരെയും വാഹനങ്ങളുടെ നിര ഉണ്ടായിരുന്നു. ഇരുചക്ര വാഹനങ്ങൾ അടക്കം കടന്നു പോകാൻ കഴിയാത്ത സാഹചര്യം ഉണ്ടായതോടെ വിദ്യാർഥികൾ അടക്കം ക്ലാസുകളിൽ എത്താൻ വൈകി.
മുണ്ടിക്കൽതാഴം– കോട്ടാംപറമ്പ് റോഡ് ജംക്‌ഷനും ചേവരമ്പലം റോഡ് ജംക്‌ഷനും വികസിപ്പിക്കുകയും നഗര റോഡ് വികസന പദ്ധതിയുടെ ഭാഗമായി റോഡ് വരികയും ചെയ്തതോടെ വർഷങ്ങളായി തിരക്കേറിയ സമയങ്ങളിൽ ഗതാഗതക്കുരുക്കും അപകടങ്ങളും നിത്യ സംഭവമാണ്. അടുത്ത കാലങ്ങളിൽ അങ്ങാടി വികസിച്ചു തിരക്ക് വർധിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും ഗതാഗത നിയന്ത്രണത്തിനു സംവിധാനം ഏർപ്പെടുത്തിയിട്ടില്ല. കാരന്തൂർ– മെഡി.കോളജ് റോഡിലെ തിരക്കും ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ പനാത്ത്താഴം– സിഡബ്ല്യുആർഡിഎം റോഡും കൂടുതൽ യാത്രക്കാർ ആശ്രയിച്ചു തുടങ്ങിയതോടെ മുണ്ടിക്കൽതാഴം ജംക്‌ഷനിൽ ചെറിയ ഗതാഗതക്കുരുക്കു പോലും രാവിലെയും വൈകിട്ടും വലിയ ഗതാഗത സ്തംഭനത്തിനു കാരണമാകാറുണ്ട്. ജംക്‌ഷനുകളിൽ ഗതാഗത ക്രമീകരണത്തിനു ട്രാഫിക് പൊലീസിനെ നിയമിക്കുകയും സർക്കിളുകൾ അടക്കം സ്ഥാപിച്ചു ശാസ്ത്രീയ ഗതാഗത ക്രമീകരണം ഏർപ്പെടുത്തണമെന്നത് നാട്ടുകാരുടെ വർഷങ്ങളായുള്ള ആവശ്യമാണ്.