പുറക്കാമലയിലെ ഖനനം: ജനകീയ മാർച്ചിൽ സംഘർഷം
Mail This Article
മേപ്പയൂർ∙ മേപ്പയൂർ, ചെറുവണ്ണൂർ പഞ്ചായത്തുകളിൽ വ്യാപിച്ച് കിടക്കുന്ന പുറക്കാമലയിൽ കരിങ്കൽ ഖനനം നടത്താനുള്ള നീക്കത്തിനെതിരെ പുറക്കാമല സംരക്ഷണ സമിതി നടത്തിയ ജനകീയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. ജനപ്രതിനിധികളും സ്ത്രീകളുമടക്കം നൂറു കണക്കിന് സമര പ്രവർത്തകർ പങ്കെടുത്ത മാർച്ച് വൻ പൊലീസ് സംഘം തടഞ്ഞതോടെ സമര പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമായി. പൊലീസ് വലയം ഭേദിച്ച് നിരവധി സമര പ്രവർത്തകർ പുറക്കാമലയിൽ കയറി. ഇതിനിടയിൽ ഒട്ടേറെ സ്ത്രീകൾക്ക് പരുക്ക് പറ്റി.
ഖനന നീക്കം ഉപേക്ഷിക്കും വരെ സമരം തുടരുമെന്ന് സമര സമിതി നേതാക്കൾ പറഞ്ഞു. മേപ്പയൂർ പഞ്ചായത്ത് മെംബർ സറീന ഒളോറ, ബ്ലോക്ക് പഞ്ചായത്ത് അംഗം അഷീദ നടുക്കാട്ടിൽ, ആർജെഡി സംസ്ഥാന സെക്രട്ടറി കെ.ലോഹ്യ, സമര സമിതി കൺവീനർ എം.എം.പ്രജീഷ്, കെ.എം.കമല, കമ്മന അബ്ദുൽ റഹ്മാൻ, ഡി.കെ.മനു, റിൻജു രാജ്, കമ്മന ഇസ്മായിൽ, എം.കെ.മുരളീധരൻ, നാരായണൻ മേലാട്ട് വി.എ.ബാലകൃഷ്ണൻ, എ.കെ.ബാലകൃഷ്ണൻ, വി.പിമോഹനൻ, പി.അസൈനാർ, ടി.പി.വിനോദൻ, മധു പുഴയരികത്ത്, സമരസമിതി ചെയർമാൻ ഇല്യാസ് എന്നിവർ നേതൃത്വം നൽകി.
രണ്ട് പഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്ന പാടശേഖരത്തിന്റെ ഭാഗമായ കണ്ടഞ്ചിറയുടെയും കരുവോട് ചിറയുടെയും വൃഷ്ടി പ്രദേശമായ ഇവിടെ കരിങ്കൽ ഖനനം അനുവദിക്കില്ലെന്ന് നാട്ടുകാർ രാഷ്ട്രീയം മറന്നു പ്രതിജ്ഞ ചെയ്തിരുന്നു. അതീവ പരിസ്ഥിതി പ്രാധാന്യമുള്ളതും മേപ്പയൂർ, ചെറുവണ്ണൂർ പഞ്ചായത്തിൽ വ്യാപിച്ചു കിടക്കുന്നതുമായ പുറക്കാമല പ്രദേശത്ത് കുറച്ചു വർഷങ്ങളായി സമര സമിതിയുടെ നേതൃത്വത്തിൽ പ്രതിരോധ സമരങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്. പല തവണ മേപ്പയൂർ പഞ്ചായത്തിൽ നിന്ന് അനുമതി നിഷേധിക്കപ്പെട്ട ശേഷം ക്വാറി ഉടമകൾ ഹൈക്കോടതിയിൽ നിന്ന് പ്രത്യേക ഉത്തരവ് സമ്പാദിക്കുകയായിരുന്നു.
സമരപ്പന്തൽ തകർത്തതിൽ പ്രതിഷേധം
മേപ്പയൂർ∙ പുറക്കാമല സംരക്ഷണ സമിതി ജമ്യം പാറയ്ക്ക് സമരം കഴിഞ്ഞ ദിവസം സ്ഥാപിച്ച സമരപ്പന്തൽ തകർത്തു. ഇതിൽ പ്രതിഷേധിച്ച് പ്രകടനവും മണപ്പുറം മുക്കിൽ പ്രതിഷേധ പൊതുയോഗവും നടന്നു. ആർജെഡി സംസ്ഥാന സെക്രട്ടറി കെ.ലോഹ്യ ഉദ്ഘാടനം ചെയ്തു. പുറക്കാമല സംരക്ഷണ സമിതി ചെയർമാൻ ഇല്യാസ് മുയിപ്പോത്ത് അധ്യക്ഷത വഹിച്ചു. വി.എ.ബാലകൃഷ്ണൻ, കീഴ്പ്പോട്ട് അമ്മത്, കമ്മന ഇസ്മായിൽ, മുരളീധരൻ, കെ.സിറാജ് പ്രസംഗിച്ചു. പുറക്കാമല സംരക്ഷണ സമിതി പ്രവർത്തകർ പൊലീസിൽ പരാതി നൽകി.