കോഴിക്കോട് ജില്ലയിൽ ഇന്ന് (30-11-2024); അറിയാൻ, ഓർക്കാൻ
Mail This Article
‘ഫ്രീയാണ് ജർമനി’: എജ്യുക്കേഷൻ എക്സ്പോ ഇന്ന് കോഴിക്കോട്ട്
കോഴിക്കോട്∙ മികവാർന്ന വിദേശ വിദ്യാഭ്യാസം സൗജന്യമായി നേടാവുന്ന ജർമനിയിലെ സർവകലാശാലകളിൽ വിദ്യാർഥികൾക്ക് പ്രവേശനം നേടാൻ സാന്റമോണിക്ക സ്റ്റഡി അബ്രോഡ് മലയാള മനോരമയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ‘ഫ്രീയാണ് ജർമനി’ എജ്യുക്കേഷൻ എക്സ്പോ മാനാഞ്ചിറ രണ്ടാം ഗേറ്റിനടുത്തുള്ള ഹോട്ടൽ പാരമൗണ്ട് ടവറിൽ ഇന്നു രാവിലെ 10 മുതൽ 5 വരെ നടക്കും. പ്രവേശനം സൗജന്യം ജർമനിയിലെ പൊതു സർവകലാശാലകളിൽ ഡിഗ്രി, മാസ്റ്റേഴ്സ് കോഴ്സുകൾ ട്യൂഷൻ ഫീ ഇല്ലാതെ സൗജന്യമായി പഠിക്കാനും, ഒപ്പം, 4.75 ലക്ഷം മുതൽ ഫീസിൽ ജർമൻ സ്റ്റേറ്റ് അക്രഡിറ്റഡ് സർവകലാശാലകളിൽ അഡ്മിഷൻ നേടാനും എക്സ്പോയിൽ പങ്കെടുക്കുന്നതിലൂടെ സാധിക്കും. ജർമനിയിലെ പ്രമുഖ സർവകലാശാലകളിലെയും കോളജുകളിലെയും പ്രതിനിധികളെ നേരിൽ കണ്ട് വിശദാംശങ്ങൾ മനസ്സിലാക്കാം.
വിവിധ കോഴ്സുകളെക്കുറിച്ചു മനസ്സിലാക്കാനുതകുന്ന സെമിനാറുകളും എക്സ്പോയുടെ ഭാഗമാണ്. ജർമൻ ഭാഷയിൽ ബി2 ലെവൽ ഭാഷാ പ്രാവീണ്യം ഉള്ള നഴ്സുമാർക്ക് ചിലവുകളില്ലാതെ സൗജന്യമായി ജോലി വീസയിൽ ജർമനിയിൽ എത്താനുള്ള സാധ്യതകളും, ബി1, ബി2 ലെവൽ ഭാഷാ പ്രാവീണ്യം ഉള്ള ഡോക്ടർമാർക്ക് സ്പെഷൽ കാറ്റഗറി വീസയിൽ ലൈസൻസിങ് എക്സാമിനേഷൻ & മെഡിക്കൽ സി1 എഫ്എസ്പി എക്സാം കോഴ്സുകൾക്കുള്ള അവസരവും ലഭ്യമാണ്. പൊതു സർവകലാശാലകളിൽ പ്രവേശന യോഗ്യതാ നിർണയം നടത്താൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ അക്കാദമിക് യോഗ്യത തെളിയിക്കുന്ന രേഖകൾ കരുതണം. പങ്കെടുക്കുന്നവർ www.santamonicaedu.in എന്ന വെബ്സൈറ്റിൽ മുൻകൂട്ടി റജിസ്റ്റർ ചെയ്താൽ ഇ മെയിൽ വഴി ലഭിക്കുന്ന എൻട്രി പാസ് ഉപയോഗിച്ച് പ്രവേശനം നേടാം. സ്പോട്ട് റജിസ്ട്രേഷൻ സൗകര്യവുമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 0484 4150999, 9645222999.
ഫാം പ്ലാൻ വികസന പദ്ധതിയിലേക്ക് അപേക്ഷിക്കാം
കൂടരഞ്ഞി ∙ മുഖ്യ വരുമാനമാർഗം കൃഷി ആയവരും മൃഗപരിപാലനം–കോഴി വളർത്തൽ–തേനീച്ച വളർത്തൽ– മത്സ്യക്കൃഷി തുടങ്ങിയവ നിലവിൽ ചെയ്യുന്നവരും താൽപര്യമുള്ളവരുമായ കർഷകരിൽ നിന്നു ഫാം പ്ലാൻ വികസന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. കുറഞ്ഞത് 50 സെന്റിൽ എങ്കിലും കൃഷി ചെയ്യണം. മുൻ വർഷങ്ങളിൽ തിരഞ്ഞെടുക്കപ്പെട്ടവർ അപേക്ഷിക്കേണ്ടതില്ല. താൽപര്യം ഉള്ളവർ 2നകം കൃഷി ഭവനിൽ അപേക്ഷിക്കണം.
എൽഐസി കരിയർ ഏജന്റുമാർ
കോഴിക്കോട്∙ എൽഐസി കോഴിക്കോട് ബ്രാഞ്ച് 3 ൽ കരിയർ ഏജന്റുമാരെ ക്ഷണിക്കുന്നു. കാക്കൂർ, ചേളന്നൂർ, നന്മണ്ട പഞ്ചായത്തുകളിൽ താമസിക്കുന്നവർക്ക് ഇന്ന് കാക്കൂർ വായനശാലയിൽ അഭിമുഖം നടത്തും. 9544665349.
കായികക്ഷമതാ പരീക്ഷ
കോഴിക്കോട്∙ സിവിൽ എക്സൈസ് ഓഫിസർ (307/2023, 308/2023) തസ്തികളിലേക്കുള്ള ഉദ്യോഗാർഥികളുടെ ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും ഡിസംബർ അഞ്ചിനും വനംവകുപ്പ് ബീറ്റ് ഫോറസ്റ്റ് ഓഫിസർ (226/2023, 228/2023) തസ്തികകളിലേക്കുള്ള പുരുഷ ഉദ്യോഗാർഥികളുടേത് 10നും വനിതകളുടേത് 11നും മലപ്പുറം എംഎസ്പി പരേഡ് ഗ്രൗണ്ടിൽ നടത്തും.
നഴ്സിങ് അപ്രന്റിസ്
കോഴിക്കോട്∙ ജില്ല/താലൂക്ക്/താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രികൾ, സിഎച്ച്സി, എഫ്എച്ച്സി, ജനറൽ ആശുപത്രികൾ എന്നിവിടങ്ങളിൽ പട്ടികജാതി വിഭാഗക്കാരായ യുവതീ-യുവാക്കളെ കരാറടിസ്ഥാനത്തിൽ നഴ്സിങ് അപ്രന്റിസുമാരായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ബിഎസ്‌സി നഴ്സിങ് (ഓണറേറിയം 18,000 രൂപ), ജനറൽ നഴ്സിങ് (ഓണറേറിയം 15000). 0495 2370379.
ബാലചിത്രരചനാ മത്സരം
കോഴിക്കോട്∙ ശിശുക്ഷേമസമിതി ക്ലിന്റ് സ്മാരക ജില്ലാതല ബാലചിത്രരചനാ മത്സരം ഡിസംബർ 7ന് കൊയിലാണ്ടി ടൗൺഹാളിൽ രാവിലെ 10 മുതൽ 12 വരെ നടത്തും. 9495500074.
തയ്യൽ അധ്യാപകൻ
കോഴിക്കോട് ∙ ഹിമായത്തുൽ ഇസ്‍ലാം ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ് വിഭാഗത്തിൽ ദിവസ വേതന അടിസ്ഥാനത്തിൽ തയ്യൽ അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച ഡിസംബർ 5നു 2.30ന്.
ഓറിയന്റേഷൻ ക്ലാസ്
കൂമ്പാറ ∙ ഫാത്തിമാ ബി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ പ്ലസ് ടു പരീക്ഷകൾക്കായി റജിസ്റ്റർ ചെയ്ത പ്രൈവറ്റ് വിദ്യാർഥികൾക്ക് തിങ്കളാഴ്ച 10 മുതൽ 3 മണിവരെ ഓറിയന്റേഷൻ ക്ലാസ് നടത്തും.