ആശ്വാസ നടപടികളോ പദ്ധതികളോ വന്നില്ല; കണ്ടില്ലെന്നു നടിക്കരുത് വിലങ്ങാടിന്റെ മുറിവുകൾ
Mail This Article
വിലങ്ങാട്∙ നൂറിലേറെ ഇടങ്ങളിൽ ഉരുൾപൊട്ടലുണ്ടായെന്ന് അധികൃതർ തന്നെ കണ്ടെത്തിയ വിലങ്ങാട്ടെ ദുരന്തത്തിന് 4 മാസം പിന്നിടുമ്പോഴും ദുരിത ബാധിതർ സർക്കാരിന്റെ ദുരിതാശ്വാസ പദ്ധതികൾ കാത്തു വലയുന്നു. തകർന്ന റോഡുകളും പാലങ്ങളും പൊതുവഴികളും പുനരുദ്ധരിക്കാനുള്ള ഒരു പദ്ധതിയും തുടങ്ങിയതു പോലുമില്ല. വയനാടിനു നൽകുന്ന പരിഗണനകളെല്ലാം വിലങ്ങാടിനും നൽകുമെന്ന് മുഖ്യമന്ത്രിയടക്കം പ്രഖ്യാപിക്കുകയും 5 മന്ത്രിമാരും ചീഫ് സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥ സംഘവും വിലങ്ങാടിന്റെ വിങ്ങലും വിതുമ്പലും കണ്ടും കേട്ടും മടങ്ങുകയും ചെയ്തെങ്കിലും തുടർനടപടികളാണ് മെല്ലെപ്പോക്കിൽ കുടുങ്ങുന്നത്. രാഷ്ട്രീയമെല്ലാം മറന്ന് വിലങ്ങാട്ടെ ദുരിതബാധിതരെല്ലാം ഒന്നിച്ചു പ്രക്ഷോഭത്തിന്റെ മാർഗത്തിലേക്കു നീങ്ങുകയാണ്. ക്ഷമിച്ചു മടുത്തവരുടെ രോഷവും സങ്കടവുമൊക്കെയാണ് വീണ്ടും സമര മാർഗത്തിലേക്കു വിലങ്ങാട്ടുകാരെ നയിക്കുന്നത്. ഇതിന്റെ ഭാഗമായി ഇന്ന് വിലങ്ങാട് വില്ലേജ് ഓഫിസിലേക്കു നടത്തുന്ന ദുരിത ബാധിതരുടെ പ്രക്ഷോഭം തുടർ സമരങ്ങളുടെ സൂചന മാത്രമാകും.
വീടുകൾ ഇല്ലാതായവരെ സുരക്ഷിത സ്ഥലങ്ങളിൽ മാറ്റിപ്പാർപ്പിക്കുന്നതിനുള്ള സ്ഥലം കണ്ടെത്തൽ അടക്കം എവിടെയുമെത്തിയില്ലെന്നത് സങ്കടകരമാണ്. വീടുകൾ നിർമിച്ചു നൽകാൻ സന്നദ്ധത അറിയിച്ച സംഘടനകളും വ്യക്തികളും വീടുകൾ എവിടെ നിർമിക്കണം എന്നറിയാതെ കാത്തിരിക്കാൻ തുടങ്ങിയിട്ട് മാസം നാലു പിന്നിട്ടു. ഡ്രോൺ സർവെയും കണക്കെടുപ്പുമൊക്കെ മുറയ്ക്കു നടന്നെങ്കിലും ജനത്തിന് ഇതിന്റെയൊന്നും പ്രയോജനം ലഭ്യമായി തുടങ്ങിയില്ലെന്നതാണ് വസ്തുത. വാടക വീടുകളിലും ബന്ധു വീടുകളിലുമൊക്കെ കഴിയുന്ന ഒട്ടേറെ പേർ ഇപ്പോഴും വിലങ്ങാടിന്റെ വിലാപമാണ്. വ്യക്തിഗത സഹായങ്ങൾ ലഭിച്ചെങ്കിലും അതു കൊണ്ടു മാത്രം രക്ഷാമാർഗം സ്വീകരിക്കാൻ കഴിയാതെ വലയുന്ന കുടുംബങ്ങളിൽ വയോജനങ്ങൾ മുതൽ കുട്ടികൾ വരെയുണ്ട്. നിത്യ രോഗികളും കിടപ്പു രോഗികളുമുണ്ട്. വ്യക്തിഗത സഹായം ലഭ്യമാകാത്തവരും വിലങ്ങാട്ട് ഏറെ പേരുണ്ട്.സർക്കാർ കണക്കാക്കിയ കണക്കുകൾക്കപ്പുറം നഷ്ടം സംഭവിച്ചവർ ഏറെയുണ്ടെന്ന് വിലങ്ങാട്ടുകാർ പറയുന്നു.
റോഡുകളും പാലങ്ങളും പൊതു വഴികളും ഇപ്പോഴും ഗതാഗത യോഗ്യമാക്കാതെ കിടക്കുന്നു. 7 മാസം കൂടി പിന്നിട്ടാൽ മറ്റൊരു മഴക്കാലമാണ് വരാനിരിക്കുന്നത്. ഇതിനു മുൻപ് വിലങ്ങാട്ട് സജ്ജമാക്കേണ്ടുന്ന ഗതാഗത സൗകര്യങ്ങൾ ഏറെയാണ്. ടൗൺ പാലം തകർന്നത് താൽക്കാലികമായി പുനരുദ്ധരിച്ചതേയുള്ളൂ. ഈ പാലത്തിന് ഇനിയൊരു മഴയെ അതിജീവിക്കാൻ കഴിയില്ല. ഉരുട്ടിയിൽ ഉദ്ഘാടനം കഴിഞ്ഞ് ഏറെക്കഴിയും മുൻപ് ഉരുൾ പൊട്ടലിൽ തകർന്ന പാലത്തിന്റെ അപ്രോച്ച് റോഡ് ഇതു വരെ പുനരുദ്ധരിച്ചിട്ടില്ല. വിലങ്ങാട് പാനോം പാതയിൽ മഞ്ഞച്ചീളിയിൽ ഉരുളെടുത്ത പാലവും ഓവുപാലവുമൊക്കെ ഇപ്പോഴും അതേ പടി കിടക്കുകയാണ്. ഉരുളിനിടയിലെ മലവെള്ളപ്പാച്ചിലിൽ പലയിടങ്ങളിലായി വന്നടിഞ്ഞ പാറക്കൂട്ടങ്ങളും മരത്തടികളുമൊക്കെ നീക്കം ചെയ്ത് വഴികൾ സുരക്ഷിതമാക്കാൻ ആരാണ് വരികയെന്നറിയാതെ കഴിയുകയാണ് ദുരിത ബാധിതർ.
കുടിവെള്ളസ്രോതസ്സുകൾ ഏറെയും നശിച്ചതാണ് വിലങ്ങാടിന്റെ മറ്റൊരു ദുരിതം. പ്രകൃതിദത്ത നീരുറവകളായിരുന്നു മലമ്പ്രദേശത്തെ പ്രധാന ജലസ്രോതസ്സുകൾ. മണ്ണിനടിയിലായ ഈ നീരുറവകളിൽ നിന്ന് വേനലിൽ പോലും സുലഭമായി ലഭിച്ചിരുന്ന വെള്ളമാണ് മലയോര മേഖല ആശ്രയിച്ചിരുന്നത്. അതിനായി ഏറെ ദൂരത്തിൽ സ്വന്തം ചെലവിൽ പൈപ്പുകൾ ഇട്ടിരുന്ന വീട്ടുകാരൊക്കെ ഈ പൈപ്പുകളും സംഭരണികളുമൊക്കെ മണ്ണിനടിയിലായതു കാരണം വേനൽ കനക്കുന്നതിനു മുൻപേ കുടിവെള്ളത്തിനു നെട്ടോട്ടമോടുകയാണ്. ആദിവാസി, പട്ടിക വർഗ വിഭാഗക്കാർ വസിക്കുന്ന ഉന്നതികളേറെയുള്ള വിലങ്ങാടിന്റെ മണ്ണിൽ ഇത്തരക്കാരുടെ വാസ സ്ഥലങ്ങൾ പോലും ഇപ്പോഴും സുരക്ഷിതമല്ലാതെ കിടക്കുന്നു. ആലിമൂലയിൽ ഉരുൾ പൊട്ടലിൽ 4 പേരുടെ ജീവൻ നഷ്ടമായ ഘട്ടത്തിൽ തുടങ്ങിയതാണ് അടുപ്പിൽ ഉന്നതിയിൽ താമസിക്കുന്നവരെ സുരക്ഷിത ഇടങ്ങളിൽ മാറ്റിപ്പാർപ്പിക്കുന്നതിനുള്ള പദ്ധതി. വാണിമേൽ റോഡിനോടു ചേർന്ന് വീടുകൾ നിർമിച്ചു തുടങ്ങിയെങ്കിലും പൂർത്തിയായിട്ടില്ല. പൂർത്തിയായ വീടുകളിൽ കുടിവെള്ള സജ്ജീകരണം അടക്കം ബാക്കി കിടക്കുന്നു.
വിലങ്ങാട് ഉരുൾപൊട്ടൽ ബാധിതർ ഇന്നുമുതൽ പ്രക്ഷോഭത്തിലേക്ക്; വിലങ്ങാട്ടുകാരെ വഞ്ചിച്ച് സഹായധന പ്രഖ്യാപനം
വിലങ്ങാട്∙ 4 മാസം മുൻപുണ്ടായ ഉരുൾപൊട്ടലിൽ ദുരിതബാധിതവർ രാഷ്ട്രീയം മറന്ന് ഇന്നു പ്രക്ഷോഭത്തിനു തുടക്കം കുറിക്കാനിരിക്കെ ഭൂമി നഷ്ടമായ കർഷകർക്ക് 11.25 ലക്ഷം രൂപ സഹായധനമായി സർക്കാർ പ്രഖ്യാപനം. വാണിമേൽ പഞ്ചായത്തിൽ 225 കർഷകർക്ക് 162 ഹെക്ടറിൽ 11.85 കോടി രൂപയുടെ നഷ്ടവും നരിപ്പറ്റ പഞ്ചായത്തിൽ 40 കർഷകർക്ക് 20 ഹെക്ടറിൽ 1.25 കോടി രൂപയുടെയും (മൊത്തം 13.10 കോടി രൂപ) നഷ്ടം നേരിട്ടതായി സർക്കാർ നിയോഗിച്ച സമിതി സർക്കാരിനു റിപ്പോർട്ട് നൽകിയപ്പോഴാണ് 11.25 ലക്ഷം രൂപ സഹായധനമായി അനുവദിച്ചുള്ള സർക്കാർ പ്രഖ്യാപനം.വാണിമേൽ, നരിപ്പറ്റ പഞ്ചായത്തുകളിലെ ആദ്യ ഘട്ട അപേക്ഷകർക്കാണ് ഇപ്പോൾ അനുവദിച്ച തുകയെന്നും ബാക്കി തുക പിന്നീട് അനുവദിക്കുമെന്നുമാണ് അധികൃതരുടെ നിലപാട്. മൃഗ സംരക്ഷണ വകുപ്പ് മുഖേന അപേക്ഷ നൽകിയ 9 കൃഷിക്കാർക്ക് 47,000 രൂപയും അനുവദിച്ചിട്ടുണ്ട്. ഒന്നാം ഘട്ടത്തിൽ വാണിമേൽ പഞ്ചായത്തിലെ 85 കൃഷിക്കാരും നരിപ്പറ്റ പഞ്ചായത്തിൽ 12 കൃഷിക്കാരുമാണ് ഉൾപ്പെടുന്നത്.
രണ്ടാം ഘട്ടത്തിലെ അപേക്ഷകരായ 88 കർഷകരുടെ നഷ്ട പരിഹാരം 9 ലക്ഷം രൂപ നൽകുന്നതിനുള്ള നടപടിക്രമങ്ങൾ അന്തിമ ഘട്ടത്തിലാണെന്ന് ഇ.കെ.വിജയൻ എംഎൽഎ അറിയിച്ചു. ഈ തുക കൂടി ലഭ്യമായാൽ പോലും മൊത്തം നഷ്ട പരിഹാര തുക 20.72 ലക്ഷം രൂപ മാത്രമാകും. കർഷകർക്ക് ഭൂമി നഷ്ടം സംഭവിച്ച വകയിലുള്ള നഷ്ടപരിഹാര തുകയാണ് ഇപ്പോൾ അനുവദിച്ചത്. കൃഷി നഷ്ടം കൃഷി വകുപ്പാണ് നൽകുക. പരിമിത തുക മാത്രമാണു കാർഷിക നഷ്ടത്തിന് അനുവദിക്കാറുള്ളത്.വിലങ്ങാടിനു സമഗ്ര പാക്കേജ് നടപ്പാക്കണമെന്ന ആവശ്യം അംഗീകരിക്കുമെന്നു മന്ത്രിമാർ അടക്കം പ്രഖ്യാപിച്ചതാണ്. എന്നാൽ, അത്തരമൊരു പാക്കേജ് വഴിയുള്ള സഹായധനമല്ല ഇപ്പോൾ അനുവദിച്ചിരിക്കുന്നത്.