പ്രിയങ്കയെയും രാഹുലിനെയും സ്വീകരിക്കാൻ ഒരുങ്ങി മുക്കം
Mail This Article
മുക്കം∙ വയനാട് മണ്ഡലത്തിലെ വോട്ടർമാരോട് നന്ദി പറയാൻ ഇന്ന് എത്തുന്ന പ്രിയങ്ക ഗാന്ധി എംപിയെയും രാഹുൽ ഗാന്ധിയെയും സ്വീകരിക്കാനൊരുങ്ങി മലയോര മേഖലയിലെ യുഡിഎഫ് പ്രവർത്തകരും നേതാക്കളും. സംസ്ഥാന പാതയിൽ മുക്കം അരീക്കോട് റോഡിൽ സ്റ്റാറിന് സമീപം പ്രത്യേകം സജ്ജമാക്കിയ വേദിയിലാണ് ഇരുവരും പ്രസംഗിക്കുക. രാവിലെ 11.30 കരിപ്പൂർ വിമാനത്താവളത്തിലെത്തുന്ന രാഹുലും പ്രിയങ്കയും പന്ത്രണ്ടരയോടെ സ്വീകരണ വേദിയിലെത്തും. മുക്കത്തെ പരിപാടിക്ക് ശേഷം രാഹുൽ ഗാന്ധി ഡൽഹിക്ക് തിരിക്കും. പ്രിയങ്ക ഗാന്ധി മലപ്പുറം ജില്ലയിലെ വോട്ടർമാരോടെ നന്ദി പറയാൻ പുറപ്പെടും.
തിരുവമ്പാടി നിയോജക മണ്ഡലത്തിലെ മുക്കത്താണ് പ്രിയങ്ക ഗാന്ധി വോട്ടർമാർക്ക് നന്ദി പറയാൻ ആദ്യമായി എത്തുന്നത്. നേരത്തേ തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് മുക്കത്ത് ഔദ്യോഗിക പ്രചാരണത്തിന് എത്തിയിരുന്നില്ല. നോർത്ത് കാരശ്ശേരിയിൽ പ്രവർത്തിച്ചിരുന്ന കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിലും വോട്ടെടുപ്പ് ദിവസം നീലേശ്വരം ഗവ.ഹയർസെക്കൻഡറി സ്കൂളിലെ ബൂത്തിലും പ്രിയങ്ക ഗാന്ധി സന്ദർശനം നടത്തിയിരുന്നു. പ്രചാരണ സമയത്ത് എത്താതിരുന്നതിന്റെ ‘കടം വീട്ടാൻ’ കൂടിയാണ് പ്രിയങ്കയുടെ സന്ദർശനം.പ്രിയങ്കയ്ക്കായി നോർത്ത് കാരശ്ശേരിയിൽ രാഹുൽ ഗാന്ധിയുടെ ഓഫിസും പേര് മാറ്റി സജ്ജമാക്കിയിട്ടുണ്ട്.