തുഷാരഗിരി ടൂറിസം ഇങ്ങനെ മതിയോ? ഡിടിപിസിക്ക് ലക്ഷങ്ങളുടെ വരുമാന നഷ്ടം
Mail This Article
കോടഞ്ചേരി∙ കേരളത്തിലെ പ്രധാനപ്പെട്ട ഇക്കോ ടൂറിസം സെന്ററുകളിലൊന്നായ തുഷാരഗിരിയിൽ ലക്ഷങ്ങൾ മുടക്കി ടൂറിസം വകുപ്പ് നിർമിച്ച് കോഴിക്കോട് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിനു കൈമാറിയ തുഷാരഗിരി ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെന്ററിലെ ടൂറിസ്റ്റ് കോട്ടേജ്, ഡോർമിറ്ററി, റസ്റ്ററന്റ്, കോൺഫറൻസ് ഹാൾ തുടങ്ങിയവ ഒരു വർഷത്തിലേറെയായി അടഞ്ഞു കിടക്കുന്നു. ലക്ഷങ്ങളുടെ വരുമാന നഷ്ടമാണ് ഇതുമൂലം ഡിടിപിസി നേരിടുന്നത്. തുഷാരഗിരിയിൽ എത്തുന്ന സഞ്ചാരികൾക്ക് കുറഞ്ഞ ചെലവിൽ സൗകര്യങ്ങൾ ലഭിക്കുന്നതും ഇല്ലാതായി.
തുഷാരഗിരിയിൽ 4 ടൂറിസ്റ്റ് കോട്ടേജ്, ഒരു ഡോർമിറ്ററി, റസ്റ്ററന്റ്, 100 പേർക്ക് ഇരിക്കാവുന്ന കോൺഫറൻസ് ഹാൾ, ടോയ്‌ലറ്റ് ബ്ലോക്ക് എന്നിവയാണ് കരാർ നൽകുന്നത്. ഇവ ഏറ്റെടുത്തു നടത്തുന്ന കരാറുകാർക്ക് വരുമാന നഷ്ടം നേരിടുന്നതാണു കരാർ ഉപേക്ഷിച്ച് പോകാൻ കാരണമെന്നു പറയുന്നു. കോവിഡിനു മുൻപ് നല്ല രീതിയിൽ പ്രവർത്തിച്ചിരുന്നതാണ് ഈ സ്ഥാപനങ്ങളെല്ലാം. കോവിഡിനു ശേഷം ഡിടിപിസി സെന്ററിലെ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കുന്നതു താളംതെറ്റി. 2023ൽ 90,000 രൂപ മാസ വാടകയ്ക്കാണ് എല്ലാം നടത്തിപ്പിനു നൽകിയത്.
ഇത്തവണ 1,20,000 രൂപയാണ് വാടക. കെട്ടിടങ്ങളുടെ വാടക വരുമാനത്തിനു പുറമേ തുഷാരഗിരിയിൽ എത്തുന്ന വാഹനങ്ങളുടെ പാർക്കിങ് ഫീസ്, ക്യാമറ ഫീസ് എന്നീ ഇനത്തിൽ ഡിടിപിസിക്ക് ഒരു വർഷം ഏകദേശം 6 ലക്ഷത്തോളം രൂപയും ലഭിക്കുന്നുണ്ട്. തുഷാരഗിരിയിലേക്കുള്ള സഞ്ചാരികളുടെ പ്രവേശന ഫീസ് പൂർണമായും വനം വകുപ്പിന്റെ നിയന്ത്രണത്തിലുള്ള തുഷാരഗിരി വനം സംരക്ഷണ സമിതിയാണ് ഈടാക്കുന്നത്. പ്രവേശന ഫീസ് ഇനത്തിൽ ഒരു വർഷം 70 ലക്ഷത്തോളം രൂപയാണ് ലഭിക്കുന്നത്. ഈ തുക വനം വകുപ്പിന്റെ കീഴിലുള്ള കോഴിക്കോട് വനം വികസന ഏജൻസിയുടെ ഇക്കോ സിസ്റ്റം മാനേജ്മെന്റ് ഫണ്ടിലേക്കാണ് പോകുന്നത്.
കരാർ പുതുക്കിയാൽ പോര, സൗകര്യങ്ങളും ഒരുക്കണം
ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ കീഴിലുള്ള സ്ഥാപനങ്ങൾ മുടക്കം കൂടാതെ നടത്തിക്കൊണ്ടുപോകുന്നതിന് ഡിടിപിസിയുടെ ഭാഗത്തു നിന്നും സംസ്ഥാന ടൂറിസം വകുപ്പിന്റെ ഭാഗത്തുനിന്നും കാര്യമായ നടപടികളൊന്നും ഉണ്ടാകുന്നില്ല. സ്ഥാപനങ്ങളുടെ നടത്തിപ്പ് ഏറ്റെടുത്ത കരാറുകാർ ഉപേക്ഷിച്ചു പോകുമ്പോൾ വീണ്ടും വീണ്ടും കരാർ നൽകുന്നു എന്നല്ലാതെ സ്ഥാപനങ്ങളുടെ പ്രവർത്തനം ഗുണമേന്മയോടെ നടത്താനുള്ള പുതിയ പദ്ധതികൾ ആവിഷ്കരിക്കാനുള്ള ശ്രമമൊന്നും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. മാസങ്ങളായി പ്രവർത്തനരഹിതമായ കെട്ടിടങ്ങളും മറ്റു ഫർണിച്ചറും നശിക്കുകയാണ്. കെട്ടിടങ്ങളിലെ ഇലക്ട്രിക് ഉപകരണങ്ങളെല്ലാം പ്രവർത്തനരഹിതമാണ്.
ഡിടിപിസിയുടെ കീഴിൽ കൂടുതൽ തൊഴിൽ മേഖലകൾ സൃഷ്ടിക്കുന്നതിനു കൂടുതൽ ജീവനക്കാരെ നിയമിച്ചുകൊണ്ട് പ്രസ്തുത സ്ഥാപനങ്ങൾ എല്ലാം ഡിടിപിസി നേരിട്ടു നടത്തുന്നതിനുള്ള നടപടിക്ക് സംസ്ഥാന ടൂറിസം വകുപ്പ് അടിയന്തര നടപടി സ്വീകരിക്കണം. അതുമല്ലെങ്കിൽ കേരള ടൂറിസം ഡവലപ്മെന്റ് കോർപറേഷന് (കെടിഡിസി) തുഷാരഗിരിയിലെ അനുബന്ധ സ്ഥാപനങ്ങളുടെ നടത്തിപ്പു ചുമതല കൈമാറുന്നതിനു നടപടി സ്വീകരിക്കണം. തുഷാരഗിരി മേഖലയിൽ ഒട്ടേറെ സ്വകാര്യ റിസോർട്ടുകളും ഹോം സ്റ്റേകളും പ്രവർത്തിക്കുന്നുണ്ട്. ഡിടിപിസിയുടെ കോട്ടേജുകളും റസ്റ്ററന്റും സ്ഥിരമായി അടഞ്ഞുകിടക്കുന്നതിനു പിന്നിൽ റിസോർട്ട് മാഫിയകളുടെ പിന്നാമ്പുറം കളികളുണ്ടെന്നും ആക്ഷേപമുണ്ട്.
ഗ്രാമീണ ടൂറിസത്തിന്റെ ചിറകിൽ കോടഞ്ചേരി ; പഞ്ചായത്തിന്റെ നേതൃത്വത്തിൽ ടൂറിസം സംരംഭകരുടെ കൂട്ടായ്മയിൽ തുഷാരഗിരി ടൂറിസം വികസന സമിതി
കോടഞ്ചേരി∙ തുഷാരഗിരി ഇക്കോ ടൂറിസ്റ്റ് കേന്ദ്രവും രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിങ് കേന്ദ്രവുമുള്ള കോടഞ്ചേരി പഞ്ചായത്തിൽ ഗ്രാമീണ ടൂറിസം വികസനത്തിനു വിവിധ പദ്ധതികൾവരുന്നു. ഇരുവഞ്ഞിപുഴ, ചാലിപ്പുഴ, വേഞ്ചേരി ഇരുതുള്ളിപ്പുഴ എന്നിവയും പഞ്ചായത്തിന്റെ കിഴക്കൻ പ്രദേശത്തെ നിത്യഹരിത വനം മേഖലയും വനമേഖലയിലെ പ്രകൃതി മനോഹരങ്ങളായ വെള്ളച്ചാട്ടങ്ങളും വിനോദ സഞ്ചാരികൾക്ക് ആകർഷക കേന്ദ്രങ്ങളായി മാറി കാലമേറെയായിട്ടും ഗ്രാമീണ ജനതയുടെ സാമ്പത്തിക വളർച്ചയ്ക്ക് ഗ്രാമീണ ടൂറിസത്തിലൂടെ കാര്യമായ നേട്ടം ഉണ്ടായിരുന്നില്ല. ഇതിനു പരിഹാരമായിട്ടാണ് പുതിയ ഗ്രാമീണ ടൂറിസം പദ്ധതികൾ നടപ്പാക്കാൻ പഞ്ചായത്ത് ശ്രമം തുടങ്ങിയത്. പഞ്ചായത്തിന്റെ നേതൃത്വത്തിൽ ടൂറിസം സംരംഭകരുടെ കൂട്ടായ്മയിൽ തുഷാരഗിരി ടൂറിസം വികസന സമിതി രൂപീകരിച്ചു പ്രവർത്തനം ആരംഭിച്ചു.
ഇരുവഞ്ഞിപ്പുഴ, ചാലിപ്പുഴ, ഇരുതുള്ളി–വേഞ്ചേരി പുഴ എന്നിവയും തുഷാരഗിരി വനമേഖലയും മേലേ മരുതിലാവ് വനമേഖലയും കുണ്ടൻതോട്– സ്വർഗംകുന്ന് വനമേഖലയും തേവർമലയും ഉൾപ്പെടുന്ന പ്രധാന ടൂറിസം സ്പോട്ടുകൾ, മലയോര കർഷക കുടിയേറ്റ കേന്ദ്രമായ കോടഞ്ചേരിയിലെ വിവിധങ്ങളായ കൃഷികളും അവയുടെ പരിപാലനവും കാർഷിക വിളകളുടെ മൂല്യവർധിത ഉൽപന്നങ്ങളും സഞ്ചാരികളെ പരിചയപ്പെടുത്തുന്ന ഫാം ടൂറിസം, പുഴകളിലും വനമേഖലയിലും നടപ്പാക്കാവുന്ന സാഹസിക ടൂറിസം പദ്ധതികൾ, ഹോംസ്റ്റേ, ടൂറിസം റിസോർട്ട്, കണ്ടക്ടഡ് ടൂർ പ്രോഗ്രാമുകൾ തുടങ്ങിയവ അടങ്ങുന്ന നൂതന പദ്ധതികളാണ് പഞ്ചായത്തിന്റെ കീഴിൽ ആവിഷ്കരിക്കുന്നത്.
ഇരുവഞ്ഞിപ്പുഴയിലെ മറിപ്പുഴ, കിളിക്കല്ല്, നാരങ്ങാത്തോട് പതങ്കയം, അരിപ്പാറ വെള്ളച്ചാട്ടം, കുറുങ്കയം, കുമ്പിടാൻകയം എന്നിവ പ്രധാന ടൂറിസം സ്പോട്ടുകളാണ്. കോടഞ്ചേരി പഞ്ചായത്ത് പ്രദേശത്തിന്റെ നടുവിലൂടെയാണ് ചാലിപ്പുഴ ഒഴുകുന്നത്. ചാലിയാറിന്റെ ഉപ നദിയായ ചാലിപ്പുഴയുടെ ഉദ്ഭവ സ്ഥലമായ തുഷാരഗിരി വനമേഖലയിലാണ് തുഷാരഗിരി ഇക്കോ ടൂറിസം കേന്ദ്രത്തിലെ പ്രകൃതിരമണീയമായ അഞ്ച് വെള്ളച്ചാട്ടങ്ങൾ സ്ഥിതി ചെയ്യുന്നത്.
കണ്ടക്റ്റഡ് ടൂറിനും പദ്ധതി
തുഷാരഗിരി ടൂറിസ്റ്റ് കേന്ദ്രത്തിൽ നിന്നു താമരശ്ശേരി ചുരം റോഡ്, കാക്കവയൽ വനപർവം, കക്കാട് ഇക്കോ ടൂറിസം സെന്റർ, മരുതിലാവ് ഇക്കോ ടൂറിസം സെന്റർ, അരിപ്പാറ വെള്ളച്ചാട്ടം, കക്കാടംപൊയിൽ എന്നിവിടങ്ങളിലേക്ക് തുഷാരഗിരി ടൂറിസം വികസന സമിതിയുടെ നേതൃത്വത്തിൽ കണ്ടക്റ്റഡ് ടൂർ സർവീസ് ആരംഭിക്കുന്നതിനും പഞ്ചായത്തിന്റെ നേതൃത്വത്തിൽ പദ്ധതി തയാറാക്കി വരുന്നു. തുഷാരഗിരി ടൂറിസം വികസന സമിതി ഭാരവാഹികൾ: പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി (ചെയർമാൻ), ഷെല്ലി മാത്യു കുന്നേൽ (കൺവീനർ), ഷിബു പുത്തൻപുര (ട്രഷറർ.
സാഹസിക ടൂറിസം
സാഹസിക പ്രിയങ്കരുടെ ഇഷ്ട ട്രെക്കിങ് കേന്ദ്രമാണ് നിബിഡ വനത്തിനുള്ളിലെ ഹണി റോക്ക്. ചാലിപ്പുഴയിലെ പത്താംകയം, പുലിക്കയം കയാക്കിങ് സെന്റർ എന്നിവിടങ്ങളും സഞ്ചാരികളുടെ ഇഷ്ട കേന്ദ്രങ്ങളായി മാറിക്കഴിഞ്ഞു. കോടഞ്ചേരി പഞ്ചായത്തിലെ വനമേഖലയിൽ സാഹസിക സഞ്ചാരത്തിന് (ട്രെക്കിങ്) അനുയോജ്യമായ സ്ഥലങ്ങളാണു തുഷാരഗിരി, കുണ്ടംതോട് സ്വർഗ്ഗംകുന്ന്, മരുതിലാവ്, മേലേമരുതിലാവ്, കണ്ടപ്പൻചാൽ, കൂരോട്ടുപാറ പ്രദേശങ്ങൾ. കിളിക്കല്ല് കണിയാട് നിത്യഹരിത വനവും ട്രെക്കിങ് കേന്ദ്രങ്ങളാണ്. വനത്തിനു പുറത്ത് ട്രെക്കിങ്ങിനു പറ്റിയ സ്വകാര്യ വനപ്രദേശമാണ് പ്രകൃതി മനോഹരമായ തേവർമല. കോടഞ്ചേരി ടൗണിനോട് ചേർന്നുള്ള തേവർമലയിൽ ടെന്റ് ക്യാംപിങ്ങിനും സൗകര്യം ഉണ്ട്.
ഫാം ടൂറിസം, ഇക്കോ ടൂറിസം
ഫാം ടൂറിസത്തിനും കോടഞ്ചേരി പഞ്ചായത്ത് പ്രസിദ്ധമാണ്. കൃഷി വകുപ്പിന്റെ കീഴിൽ തേൻ സംസ്കരണ മേഖലയിൽ കൃഷിക്കൂട്ടങ്ങൾ രൂപീകരിച്ച് കൃഷി കൂട്ടങ്ങളുടെ നേതൃത്വത്തിൽ കോടഞ്ചേരി കൃഷി ഭവന്റെ മേൽനോട്ടത്തിൽ സംസ്ഥാന സർക്കാരിന്റെ ധനസഹായത്തോടെ പ്രവർത്തിക്കുന്ന ഏക തേൻ സംസ്കരണ കേന്ദ്രം പ്രവർത്തിക്കുന്നത് കോടഞ്ചേരിയിലാണ്. വിവിധതരം സുഗന്ധ വിളകളും, ഫലവൃക്ഷങ്ങളും വ്യാപകമായി വളരുന്ന പ്രദേശവുമാണ് കോടഞ്ചേരി.
നിർദിഷ്ട ആനക്കാംപൊയിൽ–കള്ളാടി–മേപ്പാടി വയനാട് തുരങ്കം പാതയിൽ കോഴിക്കോട് ജില്ലയിൽ തുരങ്ക പാത ആരംഭിക്കുന്നത് കോടഞ്ചേരി പഞ്ചായത്തിലെ കുണ്ടൻതോട് സ്വർഗംകുന്ന് പ്രദേശത്താണ്. കോഴിക്കോട് ജില്ലയിലെ ഓഫ് റോഡ് ചാംപ്യൻഷിപ്പുകൾ നടക്കുന്നതും കോടഞ്ചേരിയിൽ തന്നെ. എംടിബി സൈക്കിൾ സവാരിക്കും മൗണ്ടനീറിങ്ങിനും സൗകര്യമുള്ള കൈനടി പ്ലാന്റേഷനിലെ തുഷാരഗിരി അഡ്വഞ്ചർ പാർക്കും കോടഞ്ചേരി പഞ്ചായത്തിലാണ്. മർകസ് നോളജ് സിറ്റി സ്ഥിതി ചെയ്യുന്നതും ഇവിടെത്തന്നെ.