ADVERTISEMENT

കോഴിക്കോട് ∙ നഗരത്തിൽ വിഡിയോ ചിത്രീകരണത്തിനിടെ വാഹനം ഇടിച്ചു യുവാവ് മരിച്ച സംഭവത്തിൽ മോട്ടർ വാഹന വകുപ്പിന്റെ മിന്നൽ പരിശോധന. ഇതര സംസ്ഥാനത്തുനിന്നു വ്യാപകമായി വാഹനം എത്തിച്ചു റജിസ്ട്രേഷൻ മാറ്റാതെ ജില്ലയിൽ ഓടുന്ന വാഹനങ്ങൾ കണ്ടെത്താനും രൂപമാറ്റം വരുത്തിയ വാഹനങ്ങൾക്ക് എതിരെയുമാണു പരിശോധന നടത്തിയത്. കോഴിക്കോട് ആർടിഒ, നന്മണ്ട, കൊടുവള്ളി, ഫറോക്ക് സബ് ആർടിഒ റീജനൽ ഓഫിസ് പരിധിയിൽ ട്രാഫിക് പൊലീസുമായി ചേർന്നാണു ചൊവ്വാഴ്ച മുതൽ ഇന്നലെ പുലർച്ചെ 3 വരെ മിന്നൽ പരിശോധന നടത്തിയത്. രൂപമാറ്റം വരുത്തിയ 46 വാഹനങ്ങൾ ഉൾപ്പെടെ 788 വാഹനങ്ങൾക്കെതിരെ നടപടിയെടുത്തു. 19,33,700 രൂപ പിഴ ചുമത്തി. വാഹനം ഉപയോഗിച്ചുളള നിയമ ലംഘനങ്ങൾ, അഭ്യാസം, റേസിങ് എന്നിവയ്ക്കെതിരെ ശക്തമായ നടപടി എടുക്കുമെന്നു റീജനൽ ട്രാൻസ്പോർട്ട്് ഓഫിസർമാർ അറിയിച്ചു.

കണ്ണഞ്ചിപ്പിക്കുന്ന ഹാലജൻ പ്രകാശവുമായി ഓടിയ 172 വാഹനങ്ങൾ, ഫിറ്റ്നസ്, നികുതി, പെർമിറ്റ് എന്നിവ ഇല്ലാത്ത 26 വാഹനങ്ങൾ, അമിതഭാരം കയറ്റിയ 7 വാഹനങ്ങൾ എന്നിവയ്ക്കെതിരെ നടപടി എടുത്തു. ലൈസൻസില്ലാതെ വാഹനം ഓടിച്ച 39 ഡ്രൈവർമാർ, മൊബൈൽ ഫോൺ ഉപയോഗിച്ചു വാഹനം ഓടിച്ച 3 പേർ, മദ്യപിച്ച് വാഹനം ഓടിച്ച ഒരാൾ എന്നിവർക്കെതിരെ നടപടി സ്വീകരിച്ചു. വാഹനവുമായി ബന്ധപ്പെട്ട മറ്റു വിവിധ തരത്തിലുളള 486 നിയമ ലംഘനങ്ങളും കണ്ടെത്തി.

ആർടിഒ പി.എ.നസീറിന്റെയും എൻഫോഴ്സ്മെന്റ് റീജനൽ ട്രാൻസ് പോർട്ട് ഓഫിസർ സന്തോഷ് കുമാറിന്റെയും നേതൃത്വത്തിൽ 9 സ്ക്വാഡാണു പരിശോധന നടത്തിയത്. എംവിഐമാരായ വി.അനുമോദ് കുമാർ, സി.പി.ശബീർ മുഹമ്മദ്, എം.കെ.സുനിൽ, സജു ഫ്രാൻസിസ്, സി.എം.അൻസാർ, ബ്രൈറ്റി ഇമ്മാനുവൽ, കെ.ആർ.പ്രസാദ്, കെ.കെ.അജിത് കുമാർ, കെ.ആർ.പ്രസാദ്, എം.ജിനേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സ്ക്വാഡും ട്രാഫിക് പൊലീസ് എസിപി കെ.സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ പൊലീസും പരിശോധനയിൽ പങ്കെടുത്തു.

റോഡിൽ റീൽസ്: കർശന നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മിഷൻ
കോഴിക്കോട്∙ റോഡിൽ ഗതാഗത നിയമങ്ങൾ ലംഘിച്ച് സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് സംസ്ഥാന പൊലീസ് മേധാവിക്ക് നിർദേശം നൽകി. സ്വീകരിച്ച നടപടികളെക്കുറിച്ച് നാലാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണം. ബീച്ച് റോഡിൽ റീൽസ് ചിത്രീകരിക്കുന്നതിനിടെ യുവാവ് കാറിടിച്ചു മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണു നിർദേശം. യുവാവ് മരിക്കാനിടയായ സംഭവത്തിന്റെ വിശദാംശങ്ങൾ പരിശോധിച്ച് വിശദ അന്വേഷണം നടത്തി സിറ്റി പൊലീസ് കമ്മിഷണർ നാലാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണം. ജനുവരി 30ന് നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും. പത്രവാർത്തകളുടെ അടിസ്ഥാനത്തിൽ വി.ദേവദാസ് സമർപ്പിച്ച പരാതിയിലാണ് കമ്മിഷന്റെ ഇടപെടൽ.

തെളിവുണ്ട് ആ റീൽസിൽ, ‘ടിഎസ് 9 യുഎ 9’ നിലവിൽ അസാധു
കോഴിക്കോട് ∙ ബീച്ച് റോഡിൽ റീൽസ് ചിത്രീകരിക്കുന്നതിനിടെ കാറിടിച്ചു വിഡിയോഗ്രഫർ ആൽവിൻ(20) മരിച്ച സംഭവത്തിൽ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനുശേഷം ഡ്രൈവറെ അറസ്റ്റ് ചെയ്തു. മലപ്പുറം കരുവമ്പ്രം കല്ലിങ്ങൽ വീട്ടിൽ സാബിദ് റഹ്മാൻ(28) നെ ആണ് വെള്ളയിൽ ഇൻസ്പെക്ടർ ബൈജു കെ.ജോസിന്റെ നേതൃത്വത്തിൽ പൊലീസ് അറസ്റ്റ് ചെയ്തത്. മരണത്തിനു കാരണമായ അപകടത്തിനിടയാക്കിയ കാർ ഓടിച്ചത് സാബിദ് ആണെന്നു പൊലീസ് കണ്ടെത്തി. അപകട സമയത്തു ഒപ്പം സഞ്ചരിച്ച കാർ ഡ്രൈവർ കോഴിക്കോട് തലക്കുളത്തൂർ സ്വദേശി എടശ്ശേരി വീട്ടിൽ റഹീസ്(25) ന് മുൻകരുതൽ നോട്ടിസ് നൽകി. കൂടുതൽ ചോദ്യം ചെയ്യലിനു അടുത്ത ദിവസം ഹാജരാകാൻ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. അപകടത്തിനു ശേഷം ഒളിപ്പിച്ച, വിഡിയോ ചിത്രീകരിച്ച ഫോൺ പൊലീസ് കണ്ടെത്തി.

അപകടത്തിനു ശേഷം പ്രതിയും മറ്റു സുഹൃത്തുക്കളും അപകടത്തിൽപ്പെട്ട വാഹനം മനഃപൂർവം മാറ്റാൻ ശ്രമം നടത്തിയിരുന്നു. എന്നാൽ ശാസ്ത്രീയ അന്വേഷണത്തിലൂടെ 18 മണിക്കൂറിനകം അപകടത്തിൽപ്പെട്ട കാർ പൊലീസ് തിരിച്ചറിയുകയായിരുന്നു. പ്രതി സാബിദ് തൊണ്ടയാട് ബൈപാസിൽ 999 ഒട്ടോമോട്ടീവ് കാർ ആക്സസറീസ് സ്ഥാപനം നടത്തുകയാണ്. ഇതിന്റെ പ്രമോഷൻ ആവശ്യമാണ് മുൻ ജീവനക്കാരനും വിഡിയോഗ്രഫറുമായ ആൽവിനുമായി ചേർന്നു ബീച്ച് റോഡിൽ വിഡിയോ ചിത്രീകരിച്ചത്. രാവിലെ ഏഴുമണിയോടെ അപകടം ഉണ്ടായ സാഹചര്യത്തിൽ സമീപത്തെ വെള്ളയിൽ പൊലീസ് സ്റ്റേഷനിൽ അറിയിക്കാതെ പരുക്കേറ്റ ആൽവിനെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. വാരിയെല്ലുകൾ തകർന്നും നട്ടെല്ലു പൊട്ടിയും തലയ്ക്കു ഗുരുതര പരുക്കേറ്റ അവസ്ഥയിൽ ഉച്ചയോടെ മരിച്ചു. പിന്നീട് 2.45 നാണ് പൊലീസ് അപകടത്തിനു കേസെടുത്തത്.

പൊലീസ് പ്രത്യേക സംഘവും മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ, സയന്റിഫിക് വിദഗ്ധർ, വിരലടയാള വിദഗ്ധർ, ഫൊറൻസിക് വിദഗ്ധർ എന്നിവർ സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് വാഹനം ഇന്നലെ രാവിലെ തിരിച്ചറിഞ്ഞത്. കസ്റ്റഡിയിലെടുത്ത രണ്ടു പേരെയും ഇടവിട്ട് 18 മണിക്കൂർ ചോദ്യം ചെയ്തു. ഇതു വഴി അപകട സമയത്തു വിഡിയോ ചിത്രീകരിച്ച മൊബൈൽ ഫോൺ സംഘം പൊലീസിനു കൈമാറി. ഇതിലെ ദൃശ്യവും ആർടിഒ റിപ്പോർട്ടും സയന്റിഫിക് വിദഗ്ധരുടെ റിപ്പോർട്ടും ലഭിച്ചതോടെ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇടിച്ച കാറിന് ഇൻഷുറൻസ് പരിരക്ഷ ഇല്ല. കസ്റ്റഡിയിലെടുത്ത വാഹനം പൊലീസ് കോടതിയിൽ ഹാജരാക്കും.

ഇടിച്ച കാർ കണ്ടെത്തിയത് ശാസ്ത്രീയ പരിശോധനയിലൂടെ
∙ രാവിലെ നടന്ന അപകടത്തെക്കുറിച്ചു വെള്ളയിൽ പൊലീസ് സ്റ്റേഷനിലെ സീനിയർ സിപിഒ ദീപുവിനാണു വിവരം ലഭിച്ചത്. അപകടത്തിൽ ഒരാൾക്കു പരുക്കേറ്റെന്ന പ്രാഥമിക വിവരം മാത്രമാണ് അറിഞ്ഞത്. ഉച്ചയോടെ ആൽവിന്റെ മരണം സ്ഥിരീകരിച്ചതോടെ പൊലീസ് ആശുപത്രിയിൽ എത്തി . ആൽവിനെ ഇടിച്ചത് കറുത്ത നിറത്തിലുള്ള ആഡംബര കാറാണെന്നാണ് ഒപ്പമുണ്ടായിരുന്നവർ പൊലീസിനോടു പറഞ്ഞത്. പ്രാഥമിക റിപ്പോർട്ടിൽ കറുത്ത കാറിന്റെ റജിസ്റ്റർ നമ്പർ ചേർത്തു കേസെടുത്തു. സംഭവ സമയത്ത് രണ്ട് ആഡംബര കാർ ഉണ്ടായിരുന്നെന്നും കറുത്ത കാറല്ല, കടും നീല നിറമുള്ള ആഡംബര കാറാണ് ഇടിച്ചതെന്ന വിവരം വൈകിട്ടു ലഭിച്ചു. ഇതോടെ പൊലീസ് ഉന്നത ഉദ്യോഗസ്ഥർ അന്വേഷണത്തിനു രൂപം നൽകി.

ആശുപത്രിയിൽ നിന്നു 2 കാർ ഡ്രൈവർമാരെയും മറ്റു 3 പേരെയും രണ്ടു കാറുകൾ സഹിതം കസ്റ്റഡിയിലെടുത്തു. ഒട്ടേറെ തവണ പൊലീസ് ചോദ്യം ചെയ്തെങ്കിലും ഇടിച്ചതു കറുത്ത കാർ ആണെന്നാണു പ്രതി പറഞ്ഞത്. ആർടിഒ പി.എ.നസീറിന്റെ നേതൃത്വത്തിൽ മോട്ടർ വാഹന വിഭാഗം രണ്ടു കാറും പരിശോധിച്ചു. കടുംനീല ആഡംബര കാർ തെലങ്കാനയിൽ റജിസ്റ്റർ ചെയ്തതാണെന്നു കണ്ടെത്തി. മാത്രമല്ല വാഹനത്തിന്റെ റജിസ്ട്രേഷൻ ‘ടിഎസ് 9 യുഎ 9’ നിലവിൽ അസാധുവാണെന്നും വ്യക്തമായി. കേരളത്തിൽ റജിസ്ട്രേഷൻ ഇല്ലെന്നും ഇൻഷുറൻസ് പരിരക്ഷ ഇല്ലെന്നും തെളിഞ്ഞു. രണ്ടാമത്തെ വാഹനം മലപ്പുറത്തു റജിസ്റ്റർ ചെയ്തതാണെന്നു വിവരം ലഭിച്ചു.

കറുത്ത കാർ പരിശോധിച്ചപ്പോൾ മുൻവശത്തൊന്നും ഇടിച്ചതിന്റെ അടയാളം കണ്ടെത്താനായില്ല. എന്നാൽ, കടുംനീല കാറിന്റെ ഇടതു വശത്തെ ബംപർ ഗാർഡ് ഉള്ളിലേക്ക് അൽപം കയറി ഇളകിയ നിലയിലാണ്. ആ ഭാഗത്ത് പോറലും കണ്ടു. രണ്ടു വാഹനവും ആർടിഒ അന്വേഷണ സംഘം ബീച്ച് റോഡിൽ എത്തിച്ച് അപകട ദൃശ്യം പുനരാവിഷ്കരിച്ചു. കറുത്ത കാറിനു തൊട്ടുപിന്നിലായി കടുംനീല കാർ വരുന്നതാണ് ആൽവിൻ നടുറോഡിൽ നിന്നു ചിത്രീകരിച്ചത്. പിന്നാലെ വന്ന കടുംനീലകാർ, കറുത്ത കാറിനെ മറികടന്ന് അമിത വേഗത്തിൽ വരുന്നതു കണ്ടു റോഡരികിലേക്കു മാറുന്നതിനിടയിലാണ് കടുംനീല കാറിന്റെ ഇടതു ഭാഗം ഇടിച്ച് ആൽവിൻ തെറിച്ചു വീണത്. ഇതേ ദൃശ്യം തന്നെയാണ് ഇന്നലെ പൊലീസ് കണ്ടെടുത്ത ആൽവിന്റെ മൊബൈൽ ഫോണിലുമുള്ളത്.

ഫൊറൻസിക്, സയന്റിഫിക് വിദഗ്ധർ നടത്തിയ പരിശോധനയിലാണ് ഇടിച്ചത് കടുംനീല കാർ എന്നു പൊലീസ് സ്ഥിരീകരിച്ചത്. സമീപത്തെ സിസിടിവിയും പരിശോധിച്ചു. പിന്നീട്, പ്രതിയുടെ ബന്ധുവിൽ നിന്ന് ആൽവിന്റെ ഫോൺ പൊലീസ് കണ്ടെത്തി. ഇതു പരിശോധിച്ചപ്പോൾ ആൽവിൽ റീൽസ് ചിത്രീകരിച്ച ഒന്നര മിനിറ്റ് വിഡിയോ പൊലീസ് കണ്ടെടുത്തു. അമിത വേഗത്തിൽ കടുംനീല കാർ, കറുത്ത കാറിനെ മറികടന്ന് ആൽവിനടുത്തേക്ക് എത്തുന്നതു മൊബൈൽ ദൃശ്യത്തിലുണ്ട്. ഇതോടെ ഇടിച്ചതു കടുംനീല കാർ എന്നു സ്ഥിരീകരിച്ചു സാബിദ് റഹ്മാനെ അറസ്റ്റ് ചെയ്യുകയായിരുന്നു. അശ്രദ്ധയിലും അമിത വേഗത്തിലും കാർ ഓടിച്ച് അപകടം വരുത്തിയതിനാണു കേസെടുത്തത്. അപകടത്തിനു കാരണമായ കറുത്ത കാർ ഓടിച്ചതിനാണ് റഹീസിനു നോട്ടിസ് നൽകിയത്. അറസ്റ്റ് ചെയ്ത സാബിദ് റഹ്മാനെ പിന്നീട് പൊലീസ് ജാമ്യത്തിൽ വിട്ടയച്ചു.

English Summary:

Videographer death rocks Kozhikode as a 20-year-old, Alvin, was killed in a hit-and-run accident on Beach Road while filming reels, leading to the arrest of Sabid Rahman, the driver of the car involved.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com