ഉപതിരഞ്ഞെടുപ്പിലെ ഉജ്വല ജയം: യുഡിഎഫ് ആഹ്ലാദത്തിമിർപ്പിൽ

Mail This Article
മുക്കം∙ കാരശ്ശേരി പഞ്ചായത്തിലെ ആനയാംകുന്ന് വെസ്റ്റ് വാർഡിലെ ഉപതിരഞ്ഞെടുപ്പിലെ ഉജ്വല വിജയത്തിൽ യുഡിഎഫ് ആഹ്ലാദത്തിമിർപ്പിൽ. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറു കണക്കിനു പ്രവർത്തകരെ പങ്കെടുപ്പിച്ച് നടത്തിയ ആഹ്ലാദ പ്രകടനം ആവേശക്കാഴ്ചയായി. ഉപതിരഞ്ഞെടുപ്പിൽ കഴിഞ്ഞ തവണത്തേക്കാൾ ഭൂരിപക്ഷത്തോടെയാണ് യുഡിഎഫിലെ കൃഷ്ണ ദാസൻ കുന്നുമ്മൽ ജയിച്ചത്. ഇടതു വേരോട്ടം കൂടുതലുള്ള മേഖലയിലെ ബൂത്തിലും യുഡിഎഫിനാണ് മേൽ കൈ ലഭിച്ചത്. ആനയാംകുന്ന് അങ്ങാടിയിൽ നിന്ന് ആരംഭിച്ച പ്രകടനം വാർഡിന്റെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിച്ച് ആനയാംകുന്നിൽ തന്നെ സമാപിച്ചു.
പഞ്ചായത്ത് യുഡിഎഫ് ചെയർമാൻ കെ.കോയ, കൺവീനർ സമാൻ ചാലൂളി, ഡിസിസി അംഗം എം.ടി.അഷ്റഫ്, പഞ്ചായത്ത് പ്രസിഡന്റ് സുനിത രാജൻ, വൈസ് പ്രസിഡന്റ് ജംഷിദ് ഒളകര, ഗസീബ് ചാലൂളി, മുഹമ്മദ് ദിഷാൽ, പി.കെ.ഷംസുദ്ദീൻ, നിഷാദ് വീച്ചി, തനുദേവ് കൂടാംപൊയിൽ, കക്കാടിലും യുഡിഎഫ് ആഹ്ലാദ പ്രകടനം നടത്തി. യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ സി.കെ.കാസിം, കൺവീനർ കെ.ടി.മൻസൂർ, കെ.കോയ, എം.ടി.അഷ്റഫ്, റുഖിയ റഹീം, സമാൻ ചാലൂളി, സത്യൻ മുണ്ടയിൽ, പി.എം.സുബൈർ ബാബു, സലാം തേക്കുംകുറ്റി, ശാന്താ ദേവി മൂത്തേടത്ത്, കാരാട്ട് ശ്രീനിവാസൻ, ആമിന എടത്തിൽ, എന്നിവർ നേതൃത്വം നൽകി.
ജനദ്രോഹ നയങ്ങൾക്കെതിരെയുള്ള വിധിയെഴുത്ത്: യുഡിഎഫ്
മുക്കം∙ ഇടതു സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കും ധിക്കാര നടപടികൾക്കുമെതിരെയുള്ള വിധിയെഴുത്താണ് ആനയാംകുന്ന് വെസ്റ്റ് വാർഡിലെ യുഡിഎഫിന്റെ ഉജ്വല വിജയം കാണിക്കുന്നതെന്നു നിയോജക മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ് സി.കെ.കാസിം, ജനറൽ സെക്രട്ടറി പി.ജി.മുഹമ്മദ്, ഡിസിസി അംഗം എം.ടി.അഷ്റഫ് എന്നിവർ പറഞ്ഞു.
പഞ്ചായത്ത് ഭരണം തിരിച്ചു പിടിക്കാമെന്നുള്ള സിപിഎമ്മിന്റെ വ്യാമോഹത്തിനുള്ള മറുപടി കൂടിയാണ് തിരഞ്ഞെടുപ്പു ഫലമെന്നും നേതാക്കൾ ചൂണ്ടികാട്ടി. ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങളോടും മലയോര മേഖലയിലെ കർഷകരോടുമുള്ള ഇടതു സർക്കാരിന്റെ നയങ്ങൾക്കെതിരെയുള്ള വിധിയെഴുത്തു കൂടിയാണ് ഉപതിരഞ്ഞെടുപ്പിൽ പ്രകടമായതെന്നും നേതാക്കൾ ചൂണ്ടികാട്ടി.