കാസർകോട്- തിരുവനന്തപുരം യാത്രയ്ക്ക് 8 മണിക്കൂർ; 6 വരി പാത പൂർത്തിയായാൽ അതിവേഗം
Mail This Article
കോഴിക്കോട്∙ പുതുവർഷം പിറക്കുമ്പോൾ കോഴിക്കോട് ജില്ല പ്രതീക്ഷയോടെ കാത്തിരിക്കുന്നത് വൻവികസന പദ്ധതികളാണ്. ഗതാഗതക്കുരുക്ക് അഴിക്കലാണ് ഇതിൽ പ്രധാനം. അടുത്ത കാൽ നൂറ്റാണ്ടിന്റെ ഗതി നിർണയിക്കുന്ന താണ് പല പദ്ധതികളും. അതിൽ ചിലതിലേക്ക്:
ദേശീയപാത 6 വരി
ജില്ല പ്രതീക്ഷിക്കുന്ന ഏറ്റവും വലിയ വികസന പദ്ധതിയാണിത്. 6 വരി പാത പൂർത്തിയായാൽ കാസർകോട്ടുനിന്ന് തിരുവനന്തപുരത്തേക്ക് 8 മണിക്കൂർ കൊണ്ട് എത്താമെന്നാണ് പ്രതീക്ഷ. വിമാനത്താവളത്തിൽനിന്ന് 20 മിനിറ്റു കൊണ്ട് കോഴിക്കോട് നഗരത്തിൽ എത്താനാകുമെന്നു കരുതുന്നു. 2025 ഡിസംബറോടെ ജില്ലയിൽ ദേശീയപാത നവീകരണം പൂർത്തിയായേക്കും.
റെയിൽവേ സ്റ്റേഷൻ
500 കോടി രൂപ ചെലവഴിച്ച് നടപ്പാക്കുന്ന കോഴിക്കോട് റെയിൽവേ സ്റ്റേഷൻ വികസനം നിർണായകഘട്ടം പിന്നിടുന്ന വർഷം കൂടിയാണിത്. മലബാറിലെ റെയിൽവേ വികസനത്തിന്റെ കേന്ദ്രമായ കോഴിക്കോട് സ്റ്റേഷനിലെ വികസനപദ്ധതികൾ യാത്രക്കാരുടെ ദുരിതങ്ങൾ പരിഹരിക്കുന്നതിലേക്ക് വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കാം. അടുത്ത വർഷം പൂർത്തിയാക്കേണ്ട പദ്ധതിയാണിത്.
ആരോഗ്യമേഖല
നാഷനൽ ആയുഷ് മിഷൻ നേതൃത്വത്തിൽ ആയുർവേദ– ഹോമിയോപ്പതി മേഖലകളിൽ വിവിധങ്ങളായ പദ്ധതികൾക്കാണ് പുതുവർഷത്തിൽ തുടക്കമിടുന്നത്. മാനസികാരോഗ്യ പദ്ധതിയായ ഹർഷം ബാലുശ്ശേരി ആയുർവേദ ഡിസ്പെൻസറി നേതൃത്വത്തിൽ 10 പഞ്ചായത്തുകളിൽ നടപ്പാക്കും. ജില്ലാ ആയുർവേദ ആശുപത്രിയുടെ നേതൃത്വത്തിൽ ദൃഷ്ടി പദ്ധതിയുടെ ഭാഗമായി നേത്രരോഗ ചികിത്സാ കേന്ദ്രം നഗരത്തിൽ തുടങ്ങും. 3 ഹോമിയോപ്പതിക് ആശുപത്രികളിൽ സന്ധിവാതം ചികിത്സയ്ക്കുള്ള ക്ലിനിക് തുടങ്ങും. എല്ലാ ആശുപത്രികളിലും പാലിയേറ്റീവ് ക്ലിനിക്കും ആരംഭിക്കും. ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളജിൽ ന്യൂറോ റിഹാബിലിറ്റേഷൻ സെന്റർ തുടങ്ങും. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് കെട്ടിടത്തിൽ നാഷനൽ ആയുഷ് മിഷന്റെ ജീവിതശൈലി രോഗ നിർണയ ക്ലിനിക് 12ന് ഉദ്ഘാടനം ചെയ്യും.
ഇതിനു പുറമെ കേരള ആരോഗ്യ സർവകലാശാലയുടെ സ്കൂൾ ഓഫ് ഫാമിലി ഹെൽത്ത് സ്റ്റഡീസ് സെന്റർ ഇംഹാൻസിനു സമീപം തുടങ്ങും. കോഴിക്കോട് ഗവ. മാനസികാരോഗ്യ കേന്ദ്രം വികസനത്തിനു 28 കോടി രൂപയുടെ പദ്ധതിക്കു ഭരണാനുമതി ലഭിച്ചിട്ടുണ്ട്. ഇതു പ്രകാരം കിടത്തി ചികിത്സയ്ക്ക് 120 കിടക്കകളുള്ള കെട്ടിടം നിർമിക്കുന്നതാണ് പുതുവർഷത്തിൽ വരുന്ന മറ്റൊരു വികസനം.
പ്രതീക്ഷകൾ:
∙ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിന്റെ മാസ്റ്റർ പ്ലാൻ അനുസരിച്ച് സമഗ്ര വികസനം ലക്ഷ്യമിട്ട് 28 കോടി രൂപയുടെ വികസന പദ്ധതി.
∙ ഓൾ ഇന്ത്യ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) കേന്ദ്രം 2025ൽ കിനാലൂരിൽ അനുവദിക്കുമെന്നാണു പ്രതീക്ഷ.
∙ ചെറുവണ്ണൂർ, അരീക്കാട്–മീഞ്ചന്ത–വട്ടക്കിണർ അങ്ങാടികളിൽ 255.2 കോടി രൂപ ചെലവിൽ നിർമിക്കുന്ന മേൽപാലങ്ങൾ.
∙ വൈക്കം മുഹമ്മദ് ബഷീർ സ്മാരകമായ ആകാശമിഠായി .
∙ ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത നിർമാണ ഘട്ടത്തിലേക്ക് പ്രവേശിക്കും.
∙ മാനാഞ്ചിറ വെള്ളിമാടുകുന്ന് റോഡ് പൂർത്തിയാകും.
∙ മാനാഞ്ചിറ–പാവങ്ങാട് റോഡ് (പഴയ കണ്ണൂർ റോഡ്) 24 മീറ്റർ വീതിയിൽ നവീകരിക്കും.
∙ പുതിയങ്ങാടി–മാളിക്കടവ്–കൃഷ്ണൻനായർ റോഡ് നവീകരണം.
∙ മലയോര ഹൈവേ കോടഞ്ചേരി-കക്കാടംപൊയിൽ റീച്ച് ഉദ്ഘാടനം