മലയാള മനോരമ ഹോർത്തൂസ് എംടി സ്മൃതി 10ന്

Mail This Article
കോഴിക്കോട് ∙ മലയാള മനോരമ ഹോർത്തൂസ് എംടി സ്മൃതിയിൽ എം.ടി.വാസുദേവൻ നായരുടെ ഓർമകൾ നിള പോലെ ഒഴുകിയെത്തും. എംടി കൃതികളുടെ അക്ഷരാനുഭവങ്ങൾക്ക് അപ്പുറം നൃത്തച്ചുവടുകളും അദ്ദേഹത്തിനുള്ള സമർപ്പണമായി അരങ്ങിലെത്തും. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എംടി കൃതികളുടെ നൃത്താവിഷ്കാരമൊരുക്കിയ കോഴിക്കോട് സിൽവർ ഹിൽസ് സ്കൂളിലെ സംഘ നൃത്ത വിദ്യാർഥികളും എംടിയുടെ ‘രണ്ടാമൂഴം’ കേരള നടന വേദിയിലെത്തിച്ച ചേളന്നൂർ എകെകെആർ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ നിളാ നാഥുമാണ് നൃത്തച്ചുവടുകളൊരുക്കുന്നത്.10നു മലയാള മനോരമ നടക്കാവ് ഓഫിസിൽ നടത്തുന്ന ഹോർത്തൂസ് എംടി സ്മൃതിയിലാണു മൺമറഞ്ഞ മഹാപ്രതിഭയ്ക്കു വേറിട്ട ആദരം.എംടി ഓർമയിൽ 10ന് ഉച്ചയ്ക്ക് ശേഷം കോഴിക്കോട് നടക്കാവ് മലയാള മനോരമ ഓഫിസിൽ നടത്തുന്ന ഹോർത്തൂസ് സാഹിത്യ ചർച്ചയിൽ പ്രമുഖ എഴുത്തുകാരും പങ്കെടുക്കും.
2നു നടത്തുന്ന ‘എംടി; അനുഭവം, ഓർമ’ സെഷനിൽ എഴുത്തുകാരയ ഡോ.എം.എം.ബഷീർ, എൻ.പി.ഹാഫിസ് മുഹമ്മദ്, കെ.എസ്.വെങ്കിടാചലം എന്നിവർ എംടിയുമായുള്ള വ്യക്തിബന്ധത്തിന്റെ കാണാക്കഥകൾ പങ്കുവയ്ക്കും.3ന് ‘എംടി; കാലം, കാലാതീതം’’ ചർച്ചയിൽ എഴുത്തുകാരായ കൽപറ്റ നാരായണൻ, യു.കെ.കുമാരൻ, കെ.പി.സുധീര, വി.ആർ.സുധീഷ് എന്നിവർ സംസാരിക്കും.മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ടർ ജോസ് പനച്ചിപ്പുറം ചർച്ച നയിക്കും.മലയാള മനോരമ ‘ഹോർത്തൂസ്’ കലാസാംസ്കാരികോത്സവത്തിന്റെ തുടർച്ചയായാണു ഹോർത്തൂസ് പ്രതിമാസ സാഹിത്യ ചർച്ച.എല്ലാ മാസവും വിവിധ വിഷയങ്ങളിൽ നടത്തുന്ന കോലായ സാഹിത്യ ചർച്ചാപരമ്പരയിലെ ആദ്യത്തേതാണ് എംടി സ്മൃതിയായി സംഘടിപ്പിക്കുന്നത്. ഹോർത്തൂസ് സാഹിത്യ ചർച്ചകളുടെ ഉദ്ഘാടനം മേയർ ബീന ഫിലിപ് നിർവഹിക്കും. സാഹിത്യാസ്വാദകർക്കും സാഹിത്യ വിദ്യാർഥികൾക്കും പങ്കെടുക്കാം.മുൻകൂട്ടി റജിസ്റ്റർ ചെയ്യുന്നവർക്കാണ് അവസരം. നമ്പർ: 0495 2367522.