അവഗണന: അടച്ചുപൂട്ടലിന്റെ വക്കിൽ തറയോടു ഫാക്ടറി
Mail This Article
നല്ലളം ∙ സർക്കാർ അവഗണിച്ചതോടെ അടച്ചുപൂട്ടലിന്റെ വക്കിലാണ് ബാംബൂ കോർപറേഷന്റെ നല്ലളത്തെ തറയോടു ഫാക്ടറി. 9 മാസമായി ഉൽപാദനം പൂർണമായും സ്തംഭിച്ചിരിക്കുന്ന കമ്പനിയുടെ പുനരുദ്ധാരണം അനിശ്ചിതത്വത്തിൽ. ബിൽ കുടിശികയെത്തുടർന്നു കഴിഞ്ഞ മാർച്ചിൽ വൈദ്യുതി വിഛേദിച്ചതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്. ഫിക്സഡ് ചാർജ് ഇനത്തിൽ മാത്രം 13 ലക്ഷം രൂപ കെഎസ്ഇബിക്കു കുടിശികയുണ്ട്. ഇതു അടയ്ക്കാൻ ബാംബൂ കോർപറേഷൻ നടപടി സ്വീകരിക്കാത്തതാണ് ഉൽപാദനം മുടങ്ങാൻ ഇടയാക്കിയത്. 2023ൽ ഒരു കോടി രൂപ വിറ്റുവരവുണ്ടായ കമ്പനിയാണ് അധികൃതരുടെ അനാസ്ഥയിൽ ഊർധശ്വാസം വലിക്കുന്നത്.
ബാംബൂ ടൈലുകൾക്ക് ആഭ്യന്തര വിപണിയിൽ ആവശ്യക്കാർ ഏറെയുണ്ടെന്ന വിലയിരുത്തലിൽ 2011 ഫെബ്രുവരിയിലാണ് നല്ലളത്ത് ഹൈടെക് ബാംബൂ ഫ്ലോറിങ് ടൈൽ ഫാക്ടറി തുടങ്ങിയത്. ചൈനീസ് സാങ്കേതിക വിദ്യയിൽ മുളയധിഷ്ഠിത തറയോടു നിർമിക്കുന്ന സംസ്ഥാനത്തെ ആദ്യ പൊതുമേഖല കമ്പനിയാണ്.
10 കോടി രൂപ ചെലവിട്ടു സ്ഥാപിച്ച കമ്പനിയിൽ ബാംബൂ കോർപറേഷന്റെ നാദാപുരം, മാനന്തവാടി, പാലക്കാട് ഫീഡർ യൂണിറ്റുകളിൽ നിന്നു അസംസ്കൃത വസ്തുക്കൾ എത്തിച്ചായിരുന്നു തറയോട് നിർമാണം. ആവശ്യത്തിനു മുള എത്തിക്കുന്നതിൽ കാലതാമസം നേരിട്ടത് ഏറെക്കാലം പ്രതിസന്ധിയായിരുന്നു. വനങ്ങളിൽ നിന്നു കോർപറേഷൻ മുള ശേഖരിച്ച് എത്തിച്ചായിരുന്നു പിന്നീട് പ്രവർത്തനം.
കഴിഞ്ഞ 6 വർഷത്തോളമായി കമ്പനിയിൽ തറയോട് ഉൽപാദനമില്ല. പ്രകൃതി സൗഹൃദ ഹട്ട് നിർമാണങ്ങളും തദ്ദേശ സ്ഥാപനങ്ങൾക്ക് മുളയാണി നിർമിച്ച് നൽകിയുമായിരുന്നു കമ്പനി പിടിച്ചു നിന്നത്. വൈദ്യുതി നിലച്ചതോടെ ഇപ്പോൾ ഒന്നും നടക്കുന്നില്ല.
വൈവിധ്യവൽക്കരണം പ്രോത്സാഹിപ്പിച്ചില്ല
ബാംബൂ ടൈൽ ഫാക്ടറി നഷ്ടത്തിലേക്കു നീങ്ങുന്ന നില വന്നതോടെ വൈവിധ്യവൽക്കരണത്തിലേക്ക് നീങ്ങിയിരുന്നു. തറയോടു നിർമാണം ലക്ഷ്യമിട്ടു തുടങ്ങിയ കമ്പനി മുള കൊണ്ടുള്ള ഫർണിച്ചർ ഉൽപാദന രംഗത്തു ചുവടു വച്ചു. ഒപ്പം ബാംബൂ കുടിൽ(ട്രീ ടോപ് ഹട്ട്)നിർമാണവും ഏറ്റെടുത്തു. ഇതിനു പുറമേ ആര്യവേപ്പും മുളയും ചേർത്തു ബാംബൂ നീം ടൈലും ഉൽപാദിപ്പിച്ചു. വനംവകുപ്പിന്റെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ബാംബൂ കോർപറേഷൻ മുള കൊണ്ടുള്ള കെട്ടിടങ്ങൾ നിർമിച്ചു നൽകുകയുണ്ടായി.
ഇതെല്ലാം നല്ലരീതിയിൽ മുൻപോട്ടു പോയെങ്കിലും ബാംബൂ കോർപറേഷനിൽ നിന്നു വേണ്ടത്ര പിന്തുണ കിട്ടാത്തതു കമ്പനിക്കു തിരിച്ചടിയായി. തയ്‌വാനിൽ നിന്നു ഇറക്കുമതി ചെയ്ത യന്ത്രങ്ങളുപയോഗിച്ചു ഉൽപാദനം ആരംഭിച്ച ടൈൽ കമ്പനിയിൽ തുടക്കത്തിൽ 80 തൊഴിലാളികൾ ജോലി ചെയ്തിരുന്നു. ഇവരിൽ പലരും മറ്റു തൊഴിൽ തേടിപ്പോയി. 24 സ്ഥിരം തൊഴിലാളികളിൽ 20 പേരെ മറ്റു യൂണിറ്റുകളിലേക്ക് സ്ഥലം മാറ്റി. നിലവിൽ 3 സ്ഥിരം ജീവനക്കാരും സുരക്ഷാ ജീവനക്കാരനുമാണ് ശേഷിക്കുന്നത്.
തൊഴിലാളികൾ സമരത്തിൽ
കമ്പനിയിൽ ശേഷിച്ചിരുന്ന 7 താൽക്കാലിക ജീവനക്കാരെ കഴിഞ്ഞ നവംബറിൽ പിരിച്ചുവിട്ട മാനേജ്മെന്റ് നടപടിയിൽ പ്രതിഷേധിച്ച് തൊഴിലാളികൾ അനിശ്ചിതകാല സമരത്തിലാണ്. 2011 ഫെബ്രുവരി 2ന് ജോലിയിൽ പ്രവേശിച്ച തൊഴിലാളികൾ 6 മാസക്കാലത്തെ കരാർ വ്യവസ്ഥയിൽ 4 വർഷം ജോലിയെടുത്തിരുന്നു. പിന്നീട് കരാർ വ്യവസ്ഥ റദ്ദാക്കി 9 വർഷമായി നിത്യവേതനത്തിന് ജോലി ചെയ്തു വരികയായിരുന്നു. യാതൊരു മുന്നറിയിപ്പും ഇല്ലാതെ പ്രത്യേക ഓഫിസ് ഉത്തരവിലൂടെ ഇവരെ പിരിച്ചുവിട്ടത്.
ലീസ് തുകയും കുടിശിക
കോഴിക്കോട് കോർപറേഷൻ അധീനതയിലുള്ള നല്ലളത്തെ 2 ഏക്കറിലാണ് ബാംബൂ ടൈൽ ഫാക്ടറി. വർഷം 1.95 ലക്ഷം രൂപ ലീസ് നിശ്ചയിച്ചാണ് കോർപറേഷൻ ഭൂമി വിട്ടു നൽകിയത്. കെട്ടിട നികുതി ഇനത്തിൽ വർഷം 2.88 ലക്ഷവും നൽകണം. 2011ൽ സ്ഥാപിതമായ കമ്പനി ആകെ 5 വർഷം മാത്രമാണ് ലീസ് തുക അടവാക്കിയത്. 80 ലക്ഷത്തോളം രൂപ കോർപറേഷനു കുടിശികയുണ്ട്. ലീസും കെട്ടിട നികുതിയും കുറച്ചു നൽകുന്നതിനു ബാംബൂ കോർപറേഷൻ സർക്കാരിന് അപേക്ഷ സമർപ്പിച്ചിട്ടു നാളേറെയായെങ്കിലും തീരുമാനം നീളുകയാണ്.