ഓടയിൽ നിന്നു ദുർഗന്ധം; ജനം ദുരിതത്തിൽ
Mail This Article
ബാലുശ്ശേരി ∙ ഓടയിൽ നിന്നുള്ള ദുർഗന്ധം കാരണം ബസ് സ്റ്റാൻഡിനു സമീപം ജനം ദുരിതത്തിൽ. ദിവസങ്ങളായി മൂക്കു പൊത്തി മടുത്തതോടെ ആളുകൾ ഓവുചാലിന്റെ ദ്വാരങ്ങൾ അടച്ചാണ് താൽക്കാലിക പരിഹാരം കണ്ടെത്തിയിരിക്കുന്നത്.ഈ ഭാഗത്തെ കച്ചവടക്കാരും ഓട്ടോ ടാക്സി ഡ്രൈവർമാരും കാൽനടയാത്രക്കാരുമാണ് പ്രയാസപ്പെടുന്നത്. ഓവുചാലിനു മുകളിലെ നടപ്പാത പൂട്ടുകട്ടകൾ പാകി നവീകരിച്ചിട്ടുണ്ട്.അതിനാൽ സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നും മറ്റും മാലിന്യങ്ങൾ പൊതു ഓടയിലേക്കു തള്ളുന്നുണ്ടോ എന്നുള്ള പരിശോധന നടക്കുന്നില്ലെന്നും പൊതുപ്രവർത്തകൻ കുന്നോത്ത് മനോജ് പറഞ്ഞു.
ദുർഗന്ധം കാരണം ഭക്ഷണം കഴിക്കാൻ പോലും സാധിക്കുന്നില്ലെന്നു കടകളിൽ ജോലി ചെയ്യുന്നവർ പരാതിപ്പെട്ടു.തുടർച്ചയായി ദുർഗന്ധം സഹിക്കേണ്ടി വരുന്നതിനാൽ തലവേദനയും അസ്വസ്ഥതയും അനുഭവപ്പെടുന്നതായും ഇവർ പറഞ്ഞു. വൈകിട്ടോടെയാണു അതിരൂക്ഷമായ ദുർഗന്ധം പരക്കുന്നത്. ഓവുചാലിലെ മാലിന്യങ്ങൾ ഒലിച്ച് എത്തുന്നത് പുഴയിലാണ്.ഓടയിലേക്ക് മാലിന്യങ്ങൾ ഒഴുക്കുന്നവർക്കെതിരെ കർശന നടപടി വേണമെന്നുള്ള ആവശ്യം ശക്തമാണ്. ഒട്ടേറെ പരാതികൾ നൽകിയെങ്കിലും പരിശോധന നടത്താനോ നടപടി സ്വീകരിക്കാനോ അധികൃതർ തയാറായില്ലെന്ന് ആക്ഷേപം ഉയരുന്നു.