ടിപ്പർ ലോറിയിൽ ഡീസൽ വിൽപന; കസ്റ്റഡിയിലെടുത്ത് പൊലീസ്
Mail This Article
മുക്കം∙ ടിപ്പർ ലോറി രൂപമാറ്റം വരുത്തി അനധികൃത ഡീസൽ വിൽപന. ലോറി പൊലീസ് പിടികൂടി. കൊടിയത്തൂർ പഞ്ചായത്തിലെ പുതിയനിടത്തു വച്ചാണ് ടിപ്പർ ലോറി പിടികൂടിയത്. വടകര തിരുവള്ളൂർ സ്വദേശി കുഞ്ഞബ്ദുല്ലയുടെ പേരിലുള്ളതാണ് ലോറി. ടിപ്പർ ലോറിയുടെ പിന്നിൽ ബോഡിയിൽ രൂപമാറ്റം വരുത്തി ടാങ്ക് നിർമിച്ചാണ് ഡീസൽ എത്തിക്കുന്നത്.ലോറിയിൽ സിമന്റ് കട്ടകൾ നിരത്തിവച്ച് അതിനടിയിൽ 1200 ലീറ്ററിന്റെ ടാങ്കിലാണ് ഡീസൽ എത്തിക്കുന്നത്. പുറമേ നിന്നു നോക്കിയാൽ ലോറിയിൽ സിമന്റ് കട്ടകൾ കയറ്റി വരികയാണന്നേ തോന്നൂ.
മാഹിയിൽ നിന്ന് ഉൾപ്പെടെ എത്തിക്കുന്ന ഡീസൽ വില കുറച്ച് മലയോര മേഖലയിലെ മുക്കം, കൊടിയത്തൂർ കാരശ്ശേരി പ്രദേശങ്ങളിൽ എത്തുന്ന വാഹനങ്ങൾക്ക് വിതരണം ചെയ്യുകയാണെന്നാണ് പ്രാഥമിക നിഗമനം. ക്രഷറുകളിലെ വാഹനങ്ങളും ലക്ഷ്യം വയ്ക്കുന്നു. സാധാരണ പമ്പുകളിൽ നിന്നും ഡീസൽ നിറയ്ക്കുന്നതിനെക്കാളും ലീറ്ററിന് 4 രൂപയുടെ കുറവ് ലഭിക്കുമെന്നതിനാൽ ഒട്ടേറെ പേർ ഡീസൽ വാങ്ങുന്നുണ്ടെന്നാണ് സൂചന.മുക്കം എസ്ഐ ജെഫിൻ രാജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പുതിയനിടത്ത് വച്ച് ലോറി കസ്റ്റഡിയിൽ എടുത്തത്.