എംടി സ്മൃതികളിൽ ഇന്ന് ഹോർത്തൂസ് ചർച്ച
Mail This Article
കോഴിക്കോട്∙ സർഗാത്മകത കൊണ്ടു വായനക്കാരെ ഭ്രമിപ്പിച്ച എംടി.വാസുദേവൻ നായരുടെ ദീപ്തമായ ഓർമകൾ ഇന്ന് മലയാള മനോരമ ഹോർത്തൂസ് പ്രതിമാസ ചർച്ചാ വേദിയിൽ ഒരിക്കൽക്കൂടി തെളിയും.അനുഭവങ്ങളിലും എഴുത്തിലും എംടിക്ക് സ്മരണാഞ്ജലി അർപ്പിക്കാൻ സംഘടിപ്പിക്കുന്ന പരിപാടിയിൽ പ്രമുഖർ പങ്കെടുക്കും. ഹോർത്തൂസ് കലാ സാംസ്കാരികോത്സവത്തിന്റെ തുടർച്ചയായാണ് പ്രതിമാസ ചർച്ച സംഘടിപ്പിക്കുന്നത്. ഇതിൽ ആദ്യ ചർച്ചയാണ് എംടി സ്മൃതി. ഇന്ന് ഉച്ചയ്ക്ക് 1.30ന് മേയർ ബീന ഫിലിപ് ചർച്ച ഉദ്ഘാടനം ചെയ്യും.ഉച്ചയ്ക്ക് 2നു ‘എംടി; അനുഭവം, ഓർമ’ സെഷനിൽ എഴുത്തുകാരായ ഡോ. എം.എം.ബഷീർ, എൻ.പി.ഹാഫിസ് മുഹമ്മദ്, കെ.എസ്.വെങ്കിടാചലം എന്നിവർ എംടി എന്ന എഴുത്തുകാരനെയും വ്യക്തിയെയും ഓർത്തെടുക്കും.
വൈകിട്ട് 3നു നടത്തുന്ന ‘എംടി; കാലം, കാലാതീതം’ ചർച്ചയിൽ പ്രമുഖ എഴുത്തുകാരായ കൽപറ്റ നാരായണൻ, യു.കെ.കുമാരൻ, കെ.പി.സുധീര, വി.ആർ.സുധീഷ് എന്നിവർ സംസാരിക്കും. പല കാലങ്ങളിലെ തലമുറകളെ എംടി സ്വാധീനിച്ചത് എങ്ങനെയെന്നു മാത്രമല്ല പുതിയ കാലം എംടിയെ എങ്ങനെ രേഖപ്പെടുത്തും എന്നതും ചർച്ചയാകും. മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ടർ ജോസ് പനച്ചിപ്പുറം ചർച്ചകൾ നയിക്കും.സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എംടി കൃതികൾക്ക് നൃത്താവിഷ്കാരമൊരുക്കിയ വിദ്യാർഥികൾ നൃത്താഞ്ജലി അർപ്പിക്കും. കോഴിക്കോട് സിൽവർ ഹിൽസ് സ്കൂളിലെ സംഘ നൃത്ത വിദ്യാർഥികളും എംടിയുടെ ‘രണ്ടാമൂഴം’ കേരള നടന വേദിയിലെത്തിച്ച ചേളന്നൂർ എകെകെആർ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ നിളാ നാഥുമാണ് നൃത്തച്ചുവടുകളൊരുക്കുന്നത്.നേരത്തേ റജിസ്റ്റർ ചെയ്തവർക്കാണ് പ്രവേശനം.
പി.ജയചന്ദ്രന് ഗാനാഞ്ജലി
അന്തരിച്ച ഭാവഗായകൻ മലയാളത്തിന്റെ പ്രിയപ്പെട്ട പി.ജയചന്ദ്രനു ഗാനാഞ്ജലി അർപ്പിച്ചുകൊണ്ടാണ് ഹോർത്തൂസ് പ്രതിമാസ ചർച്ചയ്ക്കു തുടക്കം കുറിക്കുക. ജയചന്ദ്രൻ ആലപിച്ച ഹിറ്റ് ഗാനം ‘കേവല മർത്യഭാഷ കേൾക്കാത്ത...’ ഗായകൻ സുമേഷ് താമരശ്ശേരി ആലപിക്കും