ഭാവഗായകന്റെ പാട്ടോർമകളിൽ കോഴിക്കോടും
Mail This Article
കോഴിക്കോട്∙ മലയാളത്തിന്റെ ഭാവഗായകൻ വിടപറയുമ്പോൾ ഈ നഗരത്തിനും ഏറെ പാട്ടോർമകളുണ്ട്. പലതവണ പല വേദികളിലായി കോഴിക്കോട് നഗരത്തിൽ പി.ജയചന്ദ്രൻ തന്റെ ശബ്ദമധുരിമയിൽ ആരാധകരെ ആസ്വാദനത്തിന്റെ വേറിട്ട തലത്തിലേക്കുയർത്തിയിട്ടുണ്ട്. മലബാർ മഹോത്സവം മുതൽ ഓണാഘോഷ പരിപാടികളിലും വിവിധ സംഘടനകളുടെ വേദികളിലും അദ്ദേഹം കോഴിക്കോട്ടെത്തി. റഫിയുടെ കടുത്ത ആരാധകനായിരുന്ന പി.ജയചന്ദ്രന് എം.എസ്.ബാബുരാജിനോടും ആരാധനയുണ്ടായിരുന്നു. ബാബുരാജിന്റെ പേരിൽ കുടുംബം ഏർപ്പെടുത്തിയ അവാർഡ് ഏറ്റുവാങ്ങാനും അദ്ദേഹം നഗരത്തിലെത്തി.
പല വേദികളിലേക്കും അദ്ദേഹത്തെ എത്തിക്കുന്നതിൽ മുഖ്യപങ്കു വഹിച്ച ഗായകൻ പി.സുനിൽകുമാറിന് അദ്ദേഹത്തോടൊപ്പം വേദി പങ്കിട്ട നല്ല ഓർമകളുണ്ട്. സാമൂതിരി സ്കൂൾ ഗ്രൗണ്ടിൽ ലയൺസ് ക്ലബ് പരിപാടിയിലും സംസ്ഥാന സർക്കാരിന്റ ഓണാഘോഷ പരിപാടിയുടെ ഭാഗമായി ബീച്ചിലും പാടിയതെല്ലാം ഈ നഗരത്തിന്റെ മനസ്സിൽ എക്കാലവും നിറഞ്ഞുനിൽക്കുന്നവയാണ്. ജയചന്ദ്രൻ അവസാനമായി കോഴിക്കോട്ട് എത്തിയത് 2 വർഷം മുമ്പ് മിയാമി കൺവൻഷൻ സെന്ററിലെ പരിപാടിക്കായിരുന്നു.
ശ്രീകുമാറിനെ തേടി ഇനി ആ വിളി വരില്ല
കോഴിക്കോട്∙ ഭാവഗായകൻ വിടപറയുമ്പോൾ ഗായകനും സംഗീത സംവിധായകനുമായ ശ്രീകുമാർ ചെങ്ങന്നൂരിനു നഷ്ടപ്പെടുന്നത് തന്റെ ഏറ്റവും പ്രിയപ്പെട്ട ഗായകനെയാണ്. ശ്രീകുമാറിന്റെ 8 പാട്ടുകളാണ് പി.ജയചന്ദ്രൻ ആലപിച്ചത്. അവസാനമായി ശ്രീകുമാർ സംഗീതം പകർന്ന അയ്യപ്പഭഗ്തിഗാനം ജയചന്ദ്രൻ ആലപിച്ചത് കഴിഞ്ഞ മാസമാണ്. പുഷ്പരാജ് ചെലവൂർ രചിച്ച് സർഗം മ്യൂസിക്സ് പുറത്തിറക്കിയ ആൽബത്തിലാണ് ഈ ഗാനമുള്ളത്.പി.ജയചന്ദ്രന് ട്രാക്ക് പാടിയാണ് ശ്രീകുമാർ സംഗീതരംഗത്തെത്തുന്നത്. പിന്നീട് ഇവർക്കിടയിൽ രൂപപ്പെട്ടത് അടുത്ത സൗഹൃദമായിരുന്നു. കഴിഞ്ഞ 15 വർഷമായി നല്ല അടുപ്പമായി വളർന്നു. ആഴ്ചയിലൊരിക്കലെങ്കിലും വിളിക്കാറുണ്ടെന്ന് ശ്രീകുമാർ പറഞ്ഞു.