ട്രാക്കില്ല, സൗകര്യങ്ങളുമില്ല; കായിക താരങ്ങളുണ്ട്
Mail This Article
ചക്കിട്ടപാറ∙ ഒട്ടേറെ താരങ്ങളെ വാർത്തെടുത്ത കുളത്തുവയൽ സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്ക് ഗ്രൗണ്ട് ഉൾപ്പെടെ കായിക പരിശീലനത്തിനു സൗകര്യങ്ങളില്ലാത്തതു ദുരിതം. സംസ്ഥാന സ്കൂൾ കായികമേളയിൽ സബ് ജൂനിയർ ഗേൾസ് വ്യക്തിഗത ചാംപ്യനായ അൽക്ക ഷിനോജിന്റെ ഉൾപ്പെടെ 24 പോയിന്റ് നേടിയ കുളത്തുവയൽ സ്കൂൾ സംസ്ഥാന തലത്തിൽ 9ാം സ്ഥാനം കരസ്ഥമാക്കിയിരുന്നു.കുളത്തുവയൽ സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളുമായി സഹകരിച്ച് 2023ൽ പ്രവർത്തനം ആരംഭിച്ച കുളത്തുവയൽ ജോർജിയൻ അക്കാദമിയുടെ ചിട്ടയായ പരിശീലനമാണ് മികച്ച സംസ്ഥാന താരങ്ങളെ വാർത്തെടുക്കാൻ സഹായകരമായത്. 25 താരങ്ങൾക്ക് സൗജന്യമായി പരിശീലനം നൽകിയാണ് പ്രധാന പരിശീലകൻ കെ.എം.പീറ്റർ കരിമ്പനക്കുഴി അക്കാദമി പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്.കായിക രംഗത്ത് മുന്നേറ്റം കാഴ്ചവയ്ക്കുന്ന മലയോരത്തെ വിദ്യാലയങ്ങൾക്ക് സിന്തറ്റിക് ട്രാക്ക്, ഉപകരണങ്ങൾ, മികച്ച പരിശീലകർ എന്നിവ സ്വപ്നമായി ഇന്നും അവശേഷിക്കുന്നു.
കുളത്തുവയൽ ജോർജിയൻ സ്പോർട്സ് അക്കാദമി
ജോർജിയൻ അക്കാദമി രൂപീകരിച്ച് ഒരു വർഷത്തിനുള്ളിൽ തന്നെ മാതൃകാപരമായ മികച്ച നേട്ടമാണ് കുളത്തുവയൽ സ്കൂളിനു കൈവരിക്കാനായത്. ഇപ്പോൾ 45 താരങ്ങൾ പുലർച്ചെ 6.30 മുതൽ 8 വരെയും, വൈകിട്ട് 4 മുതൽ 5.30 വരെയും എല്ലാ ദിവസവും പരിശീലിക്കുന്നു.അക്കാദമി പ്രവർത്തകർ തന്നെ ഫണ്ട് കണ്ടെത്തിയാണ് 2024ൽ ഗ്രൗണ്ട് സൗകര്യങ്ങളോടെ മണ്ണിട്ട് നികത്തി മത്സരത്തിനും, പരിശീലനത്തിനും സൗകര്യമൊരുക്കിയത്.കടൽ മണൽ ശേഖരിച്ച് ജംപിങ് പിറ്റിൽ സൗകര്യം ഉണ്ടാക്കി. 3 ലക്ഷം രൂപ ചെലവഴിച്ച് ജംപിങ് ബെഡും വാങ്ങിയിട്ടുണ്ട്.സിന്തറ്റിക് ട്രാക്കോട് കൂടിയ ഗ്രൗണ്ട് ഇല്ലാത്തതിനാൽ ദേശീയ മത്സരത്തിൽ പങ്കെടുക്കാൻ അൽക്ക ഷിനോജ്, ആദിത്ത് വി.അനിൽ, ശ്രീദേവ ചന്ദ്രൻ, നാഷനൽ പാരാ അത്‌ലറ്റിക് മീറ്റിൽ പങ്കെടുക്കുന്ന വിഷ്ണുനാഥ് എന്നിവർ ഉൾപ്പെടെ തുടർ പരിശീലനത്തിനു ദുരിതം അനുഭവിക്കുകയാണ്. ഹോസ്റ്റൽ സൗകര്യക്കുറവും തിരിച്ചടിയാണ്. ഇൻഡോർ സ്റ്റേഡിയം ഇല്ലാത്തതിനാൽ മഴക്കാലത്ത് പരിശീലനം മുടങ്ങാറുണ്ട്.