മുന്നറിയിപ്പില്ലാതെ വാൽവ് അടയ്ക്കൽ: പൈപ്പിൽ തുള്ളി വെള്ളമില്ല
Mail This Article
മടവൂർ ∙ മുന്നറിയിപ്പ് ഇല്ലാതെ പൈപ്പ് ലൈനിലെ വാൽവ് അടച്ചിടുന്ന ജല അതോറിറ്റിയുടെ നടപടിയിൽ വലഞ്ഞു ഗുണഭോക്താക്കൾ. ഇതു കാരണം മടവൂർ, നരിക്കുനി, എളേറ്റിൽ മേഖലകളിൽ പതിവായി പ്രയാസം നേരിടുന്നതായി ഗുണഭോക്താക്കൾ പരാതിപ്പെടുന്നു.മടവൂർ പഞ്ചായത്തിലെ പുല്ലാളൂർ, കോയാലിമുക്ക് മുട്ടാഞ്ചേരി, ചാത്തനാറമ്പ്, എടക്കിലോട്ടുമ്മൽ മേഖലകളിൽ 6 ദിവസമാണ് തുടർച്ചയായി ശുദ്ധജല വിതരണം മുടങ്ങിയത്. കിണർ ഇല്ലാത്തവരും ശുദ്ധജല ക്ഷാമം നേരിടുന്നവരും ഉൾപ്പെടെ നൂറുകണക്കിനു കുടുംബങ്ങളാണ് ഈ മേഖലയിൽ ജല അതോറിറ്റിയെ ആശ്രയിക്കുന്നത്.
നരിക്കുനി പാലോളിത്താഴം മേഖലയിലും പ്രദേശവാസികൾ വലഞ്ഞു. ജലജീവൻ പദ്ധതി ഇല്ലാത്ത എളേറ്റിൽ മേഖലയിൽ ജല അതോറിറ്റിയുടെ പൈപ്പ് ലൈനുകളിൽ വല്ലപ്പോഴും മാത്രമാണ് ശുദ്ധജലം വരുന്നതെന്നു ഗുണഭോക്താക്കൾ പറഞ്ഞു.ഈ മേഖലകളിൽ വരൾച്ച രൂക്ഷമാണ്. കിണറുകളിൽ ജലനിരപ്പ് ക്രമാതീതമായി താഴ്ന്നു. വേനൽ കടുക്കുന്നതോടെ ജല അതോറിറ്റി മാത്രമാകും ഒട്ടേറെ കുടുംബങ്ങളുടെ ആശ്രയം. രാവിലെ വെള്ളം കിട്ടാത്ത അവസ്ഥയിൽ ജല അതോറിറ്റി അധികൃതരെ ബന്ധപ്പെടാനും കഴിയാറില്ലെന്നാണു പരാതി. മുന്നറിയിപ്പില്ലാതെ ജല വിതരണം നിർത്തിയപ്പോൾ കൊടുവള്ളി സെക്‌ഷൻ ഓഫിസ്, മലാപ്പറമ്പ് ഓഫിസ് എന്നിവിടങ്ങളിൽ നിന്നു പരസ്പര വിരുദ്ധ മറുപടിയാണു ലഭിച്ചത്.