വീട്ടുമുറ്റത്തെ ഗുഹ: മണ്ണു നീക്കിയപ്പോൾ 2 അറകൾ കൂടി കണ്ടെത്തി; പുരാവസ്തു വകുപ്പ് പരിശോധന തുടങ്ങി
Mail This Article
പേരാമ്പ്ര ∙ ചേനോളി കളോളിപ്പൊയിൽ ഒറ്റപ്പുരയ്ക്കൽ സുരേന്ദ്രന്റെ വീട്ടുമുറ്റത്തു കണ്ടെത്തിയ ഗുഹയിൽ പുരാവസ്തു വകുപ്പ് പരിശോധന തുടങ്ങി. മണ്ണു നീക്കാൻ തുടങ്ങി മണിക്കൂറുകൾക്കുള്ളിൽ 2 അറകൾ കൂടി കണ്ടെത്തി.ആദ്യം കണ്ടെത്തിയ ദിവസം തന്നെ ഉദ്യോഗസ്ഥർ എത്തി പഴക്കം നിർണയിച്ചിരുന്നു. 2600 വർഷം പഴക്കമുള്ള ഗുഹ മഹാശിലായുഗത്തിലെ കരിങ്കൽ ഗുഹകളിൽ പെട്ടതാണെന്നാണു വിലയിരുത്തൽ. ഇത് അപൂർവമായാണ് കാണുന്നത്. ഇത്തരം ഗുഹകൾ കേരളത്തിൽ മലബാറിൽ മാത്രമാണ് കാണുന്നതെന്നും ഗുഹയുടെ വാതിലുകൾ ചെങ്കല്ലു കൊണ്ടാണ് കാണാറുള്ളതെങ്കിൽ ഇവിടെ കണ്ടെത്തിയതിന്റെ വാതിലുകൾ കരിങ്കലുകൊണ്ടാണ് നിർമിച്ചത്.
കഴിഞ്ഞ വർഷം കക്കോടിയിൽ കണ്ടെത്തിയതും ഇത്തരത്തിലുള്ളതാണ്. പഴശ്ശിരാജ മ്യൂസിയം ഇൻ ചാർജ് ഓഫിസർ കെ.കൃഷ്ണരാജിന്റെ നേതൃത്വത്തിൽ പി.വിമൽ കുമാർ, ടി.പി.നിബിൻ എന്നിവരാണ് പരിശോധന നടത്തുന്നത്. വീണ്ടും വീണ്ടും അറകൾ കണ്ടെത്തുന്ന സാഹചര്യത്തിൽ ആഴ്ചകൾ വേണ്ടിവരും പരിശോധന പൂർത്തിയാക്കാൻ. ഇപ്പോൾ മണ്ണ് നീക്കം ചെയ്ത സ്ഥലത്തുള്ള ഇടനാഴി പൂർണമായി വേർതിരിച്ച് കെട്ടിയ ശേഷം മാത്രമേ ഗുഹ തുറക്കാൻ കഴിയൂ. കൂടുതൽ അറകൾ കണ്ടെത്തിയതോടെ ജോലി കൂടുതൽ സങ്കീർണമാകും.