കല്ലായിപ്പുഴ ആഴംകൂട്ടൽ 29നു തുടങ്ങും; ചെളിനീക്കുന്നതിനു മുന്നോടിയായുള്ള സർവേ പൂർത്തിയായി
Mail This Article
കോഴിക്കോട്∙ കല്ലായിപ്പുഴയിലെ ചെളി നീക്കി ആഴംകൂട്ടാനുള്ള പ്രവൃത്തി 29നു തുടങ്ങും. ഇതിനു മുന്നോടിയായുള്ള സർവേ പൂർത്തിയായി. പുഴയിൽ നിന്നു നീക്കം ചെയ്യേണ്ട ചെളിയുടെ അളവ് കണക്കാക്കി 20 ന് അകം ചീഫ് ടെക്നിക്കൽ ഇൻസ്പെക്ടർക്ക് റിപ്പോർട്ട് നൽകും. റിപ്പോർട്ട് ലഭിച്ച് 5 പ്രവൃത്തി ദിവസത്തിനു ശേഷം പണി തുടങ്ങാനാകുമെന്നാണ് ഇറിഗേഷൻ വകുപ്പ് അധികൃതരുടെ കണക്കുകൂട്ടൽ.ചെളി നീക്കുന്നതിന്റെ പ്രവൃത്തി ഉദ്ഘാടനം ഒക്ടോബർ 22ന് നടന്നിരുന്നു. ഒരാഴ്ചയ്ക്കു ശേഷം പുഴയിലെ ചെളിയുടെ അളവ് കണക്കാക്കുന്നതിനുള്ള സർവേ തുടങ്ങി.
ഒന്നര മാസത്തിനകം സർവേ പൂർത്തിയാക്കാനായിരുന്നു ഉദ്ദേശിച്ചതെങ്കിലും ചെളി കെട്ടിക്കിടക്കുന്ന പുഴയിൽ സർവേ നടത്തുകയെന്നത് ഏറെ ശ്രമകരമായിരുന്നു. ഏതാണ്ട് രണ്ടര മാസമെടുത്താണ് സർവേ പൂർത്തിയായത്. എസ്റ്റിമേറ്റ് പ്രകാരം 3.29 ലക്ഷം ക്യുബിക് മീറ്റർ ചെളിയാണ് നീക്കേണ്ടത്. 2 പ്രളയങ്ങൾക്കു മുൻപുള്ള കണക്കായതിനാലാണ് വീണ്ടും ഇറിഗേഷന്റെ നേതൃത്വത്തിൽ സർവേ നടത്തിയത്. അതിനേക്കാൾ കൂടുതൽ ചെളി മാറ്റാനുണ്ടാകുമെന്നാണ് കരുതുന്നത്. ചെളി നീക്കി മൂന്നര മുതൽ 5 കിലോമീറ്റർ വരെ അകലെ കടലിൽ തള്ളാനാണ് തീരുമാനം.
മാങ്കാവ് കടുപ്പിനി മുതൽ പുഴ കടലിൽ ചേരുന്ന കോതി വരെയുള്ള 4.2 കിലോമീറ്റർ ദൂരത്തിലാണ് 2.7 മീറ്റർ ആഴത്തിൽ ചെളി നീക്കം ചെയ്യേണ്ടത്. വെസ്റ്റ്കോസ്റ്റ് ഡ്രജിങ് കമ്പനിയാണ് പുഴയിലെ ചെളി നീക്കുക. 12.98 കോടി രൂപയുടേതാണ് കോർപറേഷൻ പദ്ധതി. കല്ലായി പുഴയിലെ ചെളി നീക്കാനുള്ള ശ്രമം തുടങ്ങിയിട്ട് 15 വർഷത്തിലേറെയായി. എന്നാൽ, പല കാരണങ്ങളാൽ നീളുകയായിരുന്നു. ആദ്യം 4.5 കോടിയിൽ റിവർ മാനേജ്മെന്റ് ഫണ്ട് ഉപയോഗിച്ച് നടപ്പാക്കാൻ ഉദ്ദേശിച്ച പദ്ധതിയാണ് ഇപ്പോൾ 12.98 കോടി രൂപയിലെത്തിയത്.
2010ൽ ആണ് ആദ്യം ടെൻഡർ വിളിച്ചത്. ഇപ്പോൾ ആറാമത്തെ ടെൻഡറിലാണ് പ്രവൃത്തിയിലേക്ക് എത്തിയത്. 29 നു തുടങ്ങുന്ന പ്രവൃത്തി മേയ് അവസാനത്തോടെ പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. മാലിന്യം നിറഞ്ഞ് കല്ലായിപ്പുഴയിലെ ഒഴുക്ക് പലയിടത്തും നിലച്ചിരിക്കുകയാണ്. ഇത് കനോലി കനാലിന്റെ സ്വാഭാവിക ഒഴുക്കിനെയും ബാധിച്ചിട്ടുണ്ട്. നഗരത്തിലെ വെള്ളക്കെട്ടിന് പരിഹാരം കല്ലായിപ്പുഴയിലെ ആഴം കൂട്ടൽ മാത്രമാണെന്നാണ് കണക്കാക്കുന്നത്.