ADVERTISEMENT

കോടഞ്ചേരി ∙ സാഹസിക വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായ, പഞ്ചായത്തിലെ തേവർമല ടൂറിസ്റ്റ് കേന്ദ്രം സംസ്ഥാന ടൂറിസം വകുപ്പ് ഏറ്റെടുക്കണമെന്ന ആവശ്യം ശക്തം. 10 വർഷം മുൻപ് സംസ്ഥാന ടൂറിസം വകുപ്പിന്റെ കീഴിൽ തിരുവമ്പാടി നിയോജക മണ്ഡലത്തിലെ വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളെ ഉൾപ്പെടുത്തി തയാറാക്കിയ ടൂറിസം സർക്കീറ്റ് പദ്ധതിയിൽ തേവർമലയും ഉൾപ്പെടുത്തിയെങ്കിലും തുടർ നടപടികളൊന്നും ഉണ്ടായില്ല. സംസ്ഥാന ടൂറിസം വകുപ്പിന്റെ കീഴിലുള്ള ഉത്തരവാദിത്ത ടൂറിസം മിഷൻ തയാറാക്കിയ ടൂറിസം റിസോഴ്സ് ഡയറക്ടറിയിൽ തേവർമല ടൂറിസ്റ്റ് കേന്ദ്രത്തെയും ഉൾപ്പെടുത്തിയിട്ടുണ്ട്.

തേവർമലയുടെ മുകളിൽ നിന്നും 360 ഡിഗ‌്രിയിൽ പ്രകൃതി മനോഹരമായ വിദൂര കാഴ്ചകൾ കാണുന്നത് സഞ്ചാരികൾക്ക് നവ്യാനുഭവം ഒരുക്കുന്നു. കോടഞ്ചേരി പഞ്ചായത്തിലെ ഉയരം കൂടിയ തേവർമല കാട്ടുമരങ്ങളും കുറ്റിക്കാടുകളും പാറക്കൂട്ടങ്ങളും നിറഞ്ഞതാണ്. കടുത്ത വേനലിലും വറ്റാത്ത പഴക്കം ചെന്ന കുളവും ഉണ്ട്. ഇരുപതോളം ആളുകൾക്കു കയറിയിരിക്കാൻ സ്ഥല സൗകര്യമുള്ള ഭീമൻ കരിങ്കൽ ഗുഹയും ആകർഷണ കേന്ദ്രമാണ്. തേവർമലയു‌ടെ മുകളിൽ നിന്നു രാവിലെ സൂര്യോദയവും വൈകിട്ട് സൂര്യാസ്തമയവും കാണാം.

തേവർമലയുടെ മുകളിൽ വാച്ച് ടവർ നിർമിക്കണമെന്നാണു സഞ്ചാരികളുടെ പ്രധാന ആവശ്യം. മലമുകളിൽ വിശ്രമ കേന്ദ്രങ്ങൾ, ശുചിമുറികൾ തുടങ്ങിയവയും സജ്ജമാക്കണം. സംസ്ഥാന ടൂറിസം വകുപ്പും കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റിയും സംയുക്തമായി അഡ്വഞ്ചർ ടൂറിസം പദ്ധതികൾ ആവിഷ്കരിച്ച് ന‌ടപ്പാക്കണമെന്നാണ് ആവശ്യം. തേവർമലയിൽ സ്വകാര്യ ഫാം ടൂറിസം ഹോംസ്റ്റേകളും ടെന്റ് സൗകര്യങ്ങളും നിലവിലുണ്ട്.

കോടഞ്ചേരി ടൗണിൽ നിന്നു രണ്ടര കിലോമീറ്റർ ദൂരമുണ്ട് തേവർമലയിലേക്ക്. ജീപ്പുകളും ബൈക്കുകളും തേവർമലയുടെ മുകളിൽ എത്തും. കോടഞ്ചേരി പഞ്ചായത്തിലെ ജല ജീവൻ മിഷൻ പദ്ധതിയുടെ പ്രധാന ജലസംഭരണി സ്ഥാപിക്കുന്നത് തേവർമലയുടെ മുകളിലാണ്. ഇതിന്റെ ഭാഗമായി തേവർമലയിലേക്കു പുതിയ റോഡിന്റെ നിർമാണം നടന്നു വരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com