അകലാപ്പുഴ പാലം പണി എങ്ങുമെത്തിയില്ല; 32 കോടി അനുവദിച്ചിട്ട് 7 വർഷം
Mail This Article
മൂടാടി∙ മൂടാടി - തുറയൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന അകലാപ്പുഴ പാലത്തിന് കിഫ്‌ബിയിൽ 32 കോടി രൂപ അനുവദിച്ചിട്ട് 7 വർഷം കഴിഞ്ഞിട്ടും നിർമാണം തുടങ്ങിയില്ല. ഇതോടൊപ്പം ഫണ്ട് വകയിരുത്തിയ പല പാലങ്ങളുടെയും പണി പൂർത്തിയായി ഉദ്ഘാടനവും നടന്നു. പാലത്തിന് മൂടാടി പഞ്ചായത്തിലെ മുചുകുന്നിൽ സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങൾ പരിഹരിച്ചതാണ്.
തുറയൂർ പഞ്ചായത്തിൽ അനുബന്ധ റോഡിന് മാറ്റം വരുത്തണമെന്ന ആവശ്യം ഉയർന്നിരുന്നു. അതും പൂർത്തിയായി. ദേശീയ പാതയിൽ കൊല്ലം ടൗണിന് വടക്കുഭാഗത്ത് ആനക്കുളങ്ങരയിൽ നിന്നു മുചുകുന്ന് റോഡ് അവസാനിക്കുന്നിടത്താണ് അകലാപ്പുഴ കടവ്. അവിടെയാണു പാലം നിർമിക്കേണ്ടത്. പുഴ കടന്നാൽ രണ്ടര കിലോമീറ്റർ ദൂരമാണ് തുറയൂരിലേക്ക്.
പാലം യാഥാർഥ്യമായാൽ കൊയിലാണ്ടിയിൽ നിന്നു കണ്ണൂരിലേക്കുള്ള ദൂരം 12 കിലോ മീറ്റർകുറയും. തുറയൂരിലെ അട്ടക്കുണ്ട് കടവ് പാലം വഴി ചെരണ്ടത്തൂർ തോടന്നൂർ വില്യാപ്പള്ളി വഴി പുറമേരി, വേറ്റുമ്മൽ, ഇരിങ്ങണ്ണൂർ വഴി മേക്കുന്ന്, പാട്യം, കൂത്തുപറമ്പ്, പെരളശ്ശേരി വഴി കണ്ണൂർ നഗരത്തിൽ എത്താം. അകലാപ്പുഴയിലെ ടൂറിസം രംഗത്തും പാലം വരുന്നതോടെ വൻ കുതിപ്പേകും.