ADVERTISEMENT

കോഴിക്കോട് ∙ ഗവ. ജനറൽ ആശുപത്രിയിൽ രോഗിക്കു ചികിത്സ നൽകിയതു ഫോണിലൂടെയെന്നു പരാതി. രോഗി മരിച്ചതിനെത്തുടർന്ന് വിശദമായ അന്വേഷണത്തിനു ഡിഎംഒ നിർദേശിച്ചു. ഇടതു കാലിന്റെ വിരലുകൾക്കിടയിലെ പഴുപ്പു കൂടിയതോടെ ഗവ ജനറൽ (ബീച്ച്) ആശുപത്രിയിൽ ചികിത്സ തേടിയ അത്തോളി മേലേ എളേച്ചികണ്ടി പി.എം.രാജനാണ് (80) ഡോക്ടർ ഫോണിലൂടെ ചികിത്സ നൽകിയത്. ഈ സമയം ഡ്യൂട്ടി മെഡിക്കൽ ഓഫിസർ, കാഷ്വൽറ്റി മെഡിക്കൽ ഓഫിസർ, ഹൗസ് സർജൻമാർ എന്നിവരെല്ലാം ഡ്യൂട്ടിയിലുണ്ടായിരുന്നു.

കാലിന്റെ പഴുപ്പു കൂടിയതിനാൽ അടിയന്തരമായി സർജന്റെ സേവനം ലഭിക്കേണ്ടതിനാലാണ് രാജനെ അത്തോളിയിലെ സഹകരണ ആശുപത്രിയിൽ നിന്നു ബീച്ച് ആശുപത്രിയിലേക്കു റഫർ ചെയ്തത്. ബുധൻ രാത്രി 9.30ന് അത്യാഹിത വിഭാഗത്തിൽ ചികിത്സ തേടിയ രാജനെ 14–ാം വാർഡിലേക്കു മാറ്റുകയായിരുന്നു. അവിടെ എത്തിയപ്പോൾ കാലിന്റെ മുറിവ് അഴിച്ചുനോക്കിയ ഹൗസ് സർജൻ അതിന്റെ ഫോട്ടോ എടുത്തു. ഡോക്ടർ റൗണ്ട്സിനു വരുമ്പോൾ നോക്കുമെന്നും രാജനൊപ്പമുള്ള മകൻ രംലേശിനോടു പറഞ്ഞു.

ഇതിനിടെ രാജനു കുത്തിവയ്പു നൽകി. ആരോഗ്യ സ്ഥിതി കൂടുതൽ വഷളായതിനെ തുടർന്ന് പലതവണ നഴ്സിന്റെ മുറിയിൽ പോയി പറഞ്ഞിട്ടും ഡോക്ടർമാർ ഉൾപ്പെടെ ആരും വന്നില്ലെന്നാണ് മകന്റെ ആരോപണം. ഫോണിൽ നിർദേശിച്ച പ്രകാരം ചികിത്സ നൽകുന്നുണ്ടെന്നും ഡോക്ടർ ഉടനെ വരുമെന്നും നഴ്സ് മറുപടി നൽകിയെന്നും പറയുന്നു. പുലർച്ചയോടെ ഡോക്ടറെത്തി ഇസിജി എടുക്കാൻ നിർദേശിച്ചെങ്കിലും അപ്പോഴേക്കും രാജൻ മരിച്ചിരുന്നു.

സംഭവത്തിൽ ബീച്ച് ആശുപത്രി സൂപ്രണ്ട്, ജില്ലാ മെഡിക്കൽ ഓഫിസർക്കു പ്രാഥമിക റിപ്പോർട്ട് നൽകി. വിശദമായ അന്വേഷണത്തിനു ഡിഎംഒ നിർദേശിച്ചതിനാൽ ഇന്ന് 5 ഡോക്ടർ‌മാർ അടങ്ങുന്ന സമിതി അന്വേഷിക്കും. ഡ്യൂട്ടിയിലുണ്ടായിരുന്ന എല്ലാവരോടും ഇന്നു ഹാജരാകാൻ നിർദേശിച്ചിട്ടുണ്ട്.

English Summary:

Kozhikode hospital phone treatment led to patient death. A five-doctor committee is investigating allegations of medical negligence after a complaint was filed following the death of an 80-year-old man.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com