തോട്ടിൽ ശുചിമുറി മാലിന്യം തള്ളി; ടാങ്കർലോറി നാട്ടുകാർ പിടികൂടി
Mail This Article
മുക്കം∙ സംസ്ഥാന പാതയിൽ മുക്കം– അരീക്കോട് റോഡിൽ കറുത്തപറമ്പിനും വലിയപറമ്പിനും ഇടയിൽ ഓവുങ്ങൽ തോട്ടിൽ രാത്രി ടാങ്കർ ലോറിയിൽ ശുചിമുറി മാലിന്യം തള്ളിയ വാഹനം നാട്ടുകാർ പിടികൂടി. ടാങ്കർ ലോറി പൊലീസ് കസ്റ്റഡിയിലെടുത്തു. സംസ്ഥാന പാതയിൽ ശുചിമുറി മാലിന്യം തള്ളൽ പതിവാണ്. ഇതിനു പിന്നിൽ വൻ മാഫിയ തന്നെ പ്രവർത്തിക്കുന്നതായാണ് ആരോപണം. കുറഞ്ഞ പിഴ ചുമത്തി വാഹനങ്ങൾ വിട്ടു കൊടുക്കുന്നതാണു മാലിന്യം തള്ളൽ തുടരാൻ കാരണമെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്.
കുടിവെള്ളത്തിനും അലക്കാനും മറ്റും ഉപയോഗിക്കുന്ന തോട്ടിലേക്കു തള്ളുന്ന മാലിന്യങ്ങൾ ഏറെ താമസിയാതെ ഇരുവഞ്ഞിപ്പുഴയിൽ എത്തും. കഴിഞ്ഞ ദിവസം രാത്രി 11നാണ് മാലിന്യം ഒഴുക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്. സംശയാസ്പദമായ നിലയിൽ ടാങ്കർ ലോറി നിർത്തിയിട്ടതു കണ്ടാണു നാട്ടുകാർ പരിശോധിച്ചത്. മാലിന്യം തോട്ടിലേക്ക് ഒഴുക്കുന്നതിന് ഒട്ടേറെ പൈപ്പുകൾ വരെ ടാങ്കർ ലോറിയിൽ ഘടിപ്പിച്ചതായും കണ്ടെത്തി. നാട്ടുകാരെ കണ്ടതോടെ ലോറിയിലുണ്ടായിരുന്നവർ ഓടിപ്പോയി. സംസ്ഥാന പാതയ്ക്ക് പുറമേ അടുത്ത കാലത്ത് മാട്ടുമുറി ഭാഗത്തും പലതവണ ശുചിമുറി മാലിന്യം റോഡരികിലേക്ക് ഒഴുക്കിയിരുന്നു.