ആമാംകുനി റെയിൽ അടിപ്പാത നിർമാണ പ്രവൃത്തി തുടങ്ങി
![കുണ്ടായിത്തോട് ആമാംകുനി റെയിൽ അടിപ്പാത നിർമാണത്തിനുള്ള പ്രാഥമിക പ്രവൃത്തികൾ
തുടങ്ങിയപ്പോൾ.](https://img-mm.manoramaonline.com/content/dam/mm/mo/district-news/kozhikode/images/2025/1/11/kozhikode-farok-railway-underpass-work.jpg?w=1120&h=583)
Mail This Article
ഫറോക്ക് ∙ കുണ്ടായിത്തോട് ആമാംകുനി റെയിൽ അടിപ്പാത നിർമാണ പ്രവൃത്തികൾക്ക് തുടക്കമായി. റെയിലോരത്തേക്ക് നിർമാണ സാമഗ്രികൾ എത്തിക്കുന്നതിന് കൊല്ലേരിപ്പാറ മുതൽ ചെറുവനശ്ശേരി പറമ്പ് വരെ താൽക്കാലിക റോഡ് ഒരുക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്. ഇതു പൂർത്തിയാകുന്നതോടെ അടിപ്പാത നിർമാണം തുടങ്ങും. അടിപ്പാതയ്ക്ക് ആവശ്യമായ കോൺക്രീറ്റ് ബോക്സ് പുറമേ നിന്നു നിർമിച്ച് എത്തിച്ച് റെയിലിന് അടിയിലേക്ക് തള്ളി നീക്കാനാണ് പദ്ധതി. പൂർണമായും റെയിൽവേയുടെ മേൽനോട്ടത്തിൽ നടക്കുന്ന നിർമാണം ഈറോഡ് സിവിഎൻ കൺസ്ട്രക്‌ഷൻ കമ്പനിയാണ് ഏറ്റെടുത്തു നടത്തുന്നത്.
റെയിൽവേ സമർപ്പിച്ച എസ്റ്റിമേറ്റ് തുകയായ 2.98 കോടി രൂപ സംസ്ഥാന സർക്കാർ ഡിപ്പോസിറ്റ് ചെയ്തതോടെയാണ് നിർമാണ നടപടികൾക്കു ജീവൻ വച്ചത്. ആമാംകുനിയിൽ അടിപ്പാത നിർമാണത്തിനു 2.29 കോടിയുടെ പ്രവൃത്തിക്കായിരുന്നു നേരത്തെ സംസ്ഥാന സർക്കാർ ഭരണാനുമതി നൽകിയിരുന്നത്.
റെയിൽവേ കൺസ്ട്രക്‌ഷൻ വിഭാഗം തയാറാക്കിയ വിശദ എസ്റ്റിമേറ്റിൽ നിർമാണത്തിനു 2.98 കോടി വരുമെന്നായിരുന്നു റിപ്പോർട്ട്. ഇതുപ്രകാരം പുതുക്കിയ എസ്റ്റിമേറ്റിനും അനുമതി നൽകിയാണ് ഡിപ്പോസിറ്റ് വർക് ആയി പരിഗണിച്ച് തുക റെയിൽവേയിൽ അടച്ചത്.ഡിപിആർ തയാറാക്കുന്നതിനു സെന്റേജ് ചാർജായി 4.58 ലക്ഷം രൂപ നേരത്തെ റെയിൽവേക്ക് കൈമാറിയിരുന്നു. കുണ്ടായിത്തോട് മനോജ് പാക്കേജിങ് റോഡിൽ റെയിലിനു കുറുകെയുള്ള 950ാം നമ്പർ ഓവുപാലത്തിനു സമീപത്താണ് അടിപ്പാത നിർമിക്കുന്നത്.
ആമാംകുനിയിൽ റെയിൽ അടിപ്പാത വേണമെന്നതു നാട്ടുകാരുടെ ചിരകാല ആവശ്യമാണ്. റെയിലിനു ഇരുവശത്തും റോഡ് എത്തി നിൽക്കുന്നുണ്ടെങ്കിലും അടിപ്പാത ഇല്ലാത്തതിനാൽ വാഹനയാത്ര സാധ്യമല്ല. ഇരട്ടപ്പാത വന്നതോടെ ഇതു വഴിയുള്ള സഞ്ചാരം കടുത്ത ദുരിതമായതോടെയാണു അടിപ്പാത വേണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്തിറങ്ങിയത്.