പോഴിക്കാവ്കുന്ന് മണ്ണെടുപ്പ്: പ്രതിഷേധം വകവയ്ക്കാതെ അധികൃതർ; മണ്ണെടുപ്പ് തടഞ്ഞ് നാട്ടുകാർ
Mail This Article
ചേളന്നൂർ ∙ ജനകീയ സമിതിയുടെ നേതൃത്വത്തിൽ നടത്തിയ കലക്ടറേറ്റ് മാർച്ചിൽ പങ്കെടുത്തു നാട്ടുകാർ പോഴിക്കാവ് കുന്നിൽ എത്തി അൽപം കഴിഞ്ഞതോടെ മണ്ണെടുക്കാനായി ലോറികൾ പോഴിക്കാവിലെത്തി. നാട്ടുകാർ ശക്തമായ പ്രതിഷേധം ഉയർത്തി ലോറി തടഞ്ഞു. ഇതോടെ വൻ പൊലീസ് സന്നാഹത്തോടെ കൂടുതൽ ലോറികൾ എത്തി. ഈ സമയം ഇവിടേക്കു വരുന്ന ലോറികൾ താഴെ നാട്ടുകാർ തടഞ്ഞു.
പഞ്ചായത്ത് പ്രസിഡന്റ് പി.പി.നൗഷീർ സ്ഥലത്തെത്തി മണ്ണെടുപ്പിനു നേതൃത്വം നൽകാനെത്തിയ തഹസിൽദാർ എ.എം.പ്രേംലാലുമായി സംസാരിച്ചു. കലക്ടറുടെ നിർദേശ പ്രകാരമാണ് മണ്ണെടുക്കാൻ വന്നതെന്നു തഹസിൽദാർ പറഞ്ഞു. മണ്ണെടുത്താൽ വണ്ടി തടയുമെന്നും അനിഷ്ട സംഭവങ്ങൾക്ക് അധികൃതരാണ് ഉത്തരവാദികളെന്നും ജനകീയ സമിതി ഭാരവാഹികൾ തഹസിൽദാരോടും പൊലീസ് ഉദ്യോഗസ്ഥരോടും പറഞ്ഞു.
പഞ്ചായത്ത് പ്രസിഡന്റ് സ്ഥലം എംഎൽഎ കൂടിയായ മന്ത്രി എ.കെ.ശശീന്ദ്രനുമായി ബന്ധപ്പെട്ടു. തുടർന്ന് 2 ദിവസത്തേക്ക് മണ്ണെടുക്കില്ലെന്നു ഉറപ്പു ലഭിച്ചതോടെ മണ്ണെടുക്കാനെത്തിയവരും പൊലീസും പിരിഞ്ഞു പോയി. കലക്ടറേറ്റ് മാർച്ച് നടത്തിയ ദിവസം തന്നെ മണ്ണെടുക്കാൻ നിർദേശിച്ച കലക്ടറുടെ നടപടി പ്രതിഷേധാർഹമാണെന്നു ജനകീയ സമിതി ഭാരവാഹികൾ പറഞ്ഞു.
കലക്ടറേറ്റ് മാർച്ച് നടത്തി
കോഴിക്കോട് ∙ ചേളന്നൂർ പോഴിക്കാവ്കുന്നിലെ മണ്ണെടുപ്പ് നിർത്തിവയ്ക്കുക, സുരക്ഷ ഒരുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ജനകീയ സമിതി നേതൃത്വത്തിൽ കലക്ടറേറ്റിലേക്കു മാർച്ച് നടത്തി. പഞ്ചായത്ത് പ്രസിഡന്റ് പി.പി.നൗഷീർ ഉദ്ഘാടനം ചെയ്തു. ചെയർമാൻ പി.സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. കോഓർഡിനേറ്റർ പി.പ്രദീപ് കുമാർ, എ.പി.സിജീഷ്, ഇ.എം.ലതീഷ് കുമാർ, എം.പി.ഷിജുലാൽ, ജീജാദാസ്, ഡെയ്സമ്മ സ്റ്റീഫൻ, ജനറൽ കൺവീനർ എ.കെ.മനോഹരൻ എന്നിവർ പ്രസംഗിച്ചു.
എരഞ്ഞിപ്പാലത്തു നിന്നും പ്രകടനമായാണ് സമരക്കാരെത്തിയത്. പോഴിക്കാവ് കുന്നിനെ മറ്റൊരു ചൂരൽമലയും മുണ്ടക്കയവും ആക്കാൻ അനുവദിക്കില്ല, മണ്ണെടുപ്പ് തടഞ്ഞതിന്റെ പേരിൽ പുതിയേടത്തുതാഴം– ചിറക്കുഴി റോഡ് പണി നിർത്തിവപ്പിച്ചതടക്കമുള്ള കലക്ടറുടെ പ്രതികാര നടപടി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും പ്രകടനത്തിൽ മുഴങ്ങി. പി.സുധീർ കുമാർ, എ.പി.സതീശൻ, വി.കെ.പ്രമോദ്, എം.ശ്രീജ, ഗിരിജ ഭായ്, എം.പി.ശരത്, കെ.രാജൻ, കെ.കിഷോർ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.
ജിയോളജിസ്റ്റിനെതിരെ നടപടി എടുക്കണം
ചേളന്നൂർ∙ പോഴിക്കാവ്കുന്ന് മണ്ണെടുപ്പ് സംബന്ധിച്ച് കലക്ടർക്ക് തെറ്റായ റിപ്പോർട്ട് നൽകിയ ജിയോളജിസ്റ്റിനെതിരെ നടപടി സ്വീകരിക്കണമെന്നു നാഷനൽ ജനതാദൾ പഞ്ചായത്ത് പ്രവർത്തക യോഗം ആവശ്യപ്പെട്ടു. ഡിസംബർ 4നു ജിയോളജിസ്റ്റ് കലക്ടർക്കു നൽകിയ റിപ്പോർട്ടിൽ 5 കാര്യങ്ങൾ എത്രയും പെട്ടെന്നു ചെയ്യണമെന്ന് വ്യക്തമാക്കിയിരുന്നു. അതൊന്നും പൂർണമായും ചെയ്യാതെ ജിയോളജിസ്റ്റ് കലക്ടർക്ക് വീണ്ടും റിപ്പോർട്ട് നൽകുകയായിരുന്നു.
ഇതേ തുടർന്നാണ് വീണ്ടും മണ്ണെടുത്തത്. സംസ്ഥാന ജനറൽ സെക്രട്ടറി പി.പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി.സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. പി.അശോകൻ, പഞ്ചായത്ത് അംഗം വി.പി.സത്യഭാമ, എൻ.പ്രകാശൻ, ഐ.അജിത്കുമാർ, കെ.കെ.മാധവൻ, കെ.വിശ്വനാഥൻ നായർ, എം.ശ്രീജ എന്നിവർ പ്രസംഗിച്ചു.