വിലങ്ങാട് പുനരധിവാസ പദ്ധതി; ഉദ്യോഗസ്ഥ സംഘം തയാറാക്കിയ 313 പേരുടെ പട്ടിക വെറുതെയായി

Mail This Article
വിലങ്ങാട്∙ ജൂലൈ അവസാനം വിലങ്ങാട്ട് ഉണ്ടായ ഉരുൾ പൊട്ടലിൽ സംഭവിച്ച നാശനഷ്ടങ്ങൾ നികത്തുന്നതിന് സർക്കാർ നിയോഗിച്ച ഉദ്യോഗസ്ഥ സംഘം തയാറാക്കിയ പട്ടികയിലെ പുനരധിവാസത്തെക്കുറിച്ചു സർക്കാരിനു മൗനം. 313 കുടുംബങ്ങൾ സുരക്ഷിതമല്ലാതെയാണ് വിലങ്ങാട് മലമ്പ്രദേശത്തു കഴിയുന്നതെന്നും ഇവരെ അടിയന്തരമായി പുനരധിവസിപ്പിച്ചില്ലെങ്കിൽ അടുത്ത മഴക്കാലത്ത് വീണ്ടും ദുരന്തമുണ്ടാകാൻ സാധ്യതയുണ്ടെന്നുമാണ് കലക്ടർ നിയോഗിച്ച വിവിധ തലങ്ങളിലുള്ള ഉദ്യോഗസ്ഥ സംഘം റിപ്പോർട്ട് നൽകിയത്.
എന്നാൽ, ഇത്രയുമധികം പേരെ പുനരധിവസിപ്പിക്കുക എന്നത് അപ്രായോഗികമാണെന്ന് അന്നുതന്നെ ജില്ലാ ഭരണകൂടം ഉദ്യോഗസ്ഥ സംഘത്തെ അറിയിച്ചിരുന്നു. ഒടുവിൽ വയനാടിനു ലഭ്യമാകുന്ന പുനരധിവാസ പദ്ധതിയിലെ സഹായങ്ങളെല്ലാം വിലങ്ങാടിനും നൽകുമെന്നു പ്രഖ്യാപനമുണ്ടായിരുന്നു. ഇതു പ്രകാരം 53 വീടുകൾ നിർമിക്കാനാണ് തീരുമാനിച്ചത്. ഉരുൾ പൊട്ടലിൽ വീടുകളില്ലാതായവരാണ് ഈ 53 പേർ. ഇവർക്ക് എവിടെ വീടു നിർമിച്ചു നൽകുമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ഓരോ വീടിനും സ്ഥലത്തിനുമായി 15 ലക്ഷം രൂപ വീതം നൽകുമെന്നാണ് പ്രഖ്യാപനം.
വീടുകളുടെ നിർമാണം സംബന്ധിച്ച ചർച്ചകൾ ഒരു വശത്തു നടക്കുമ്പോൾ പലരെയും അവഗണിച്ചെന്ന പരാതിയും വ്യാപകമാണ്. കോൺഗ്രസ് സമര പ്രഖ്യാപനം നടത്തിക്കഴിഞ്ഞു. ഡിസംബറിൽ തിരുവനന്തപുരത്തു നടന്ന മന്ത്രിതല ചർച്ചയിൽ വിലങ്ങാടിന്റെ അടിസ്ഥാന സൗകര്യങ്ങൾ അഭിവൃദ്ധിപ്പെടുത്താൻ മുൻഗണന നൽകുമെന്നു പ്രഖ്യാപിച്ചെങ്കിലും ഉരുൾ പൊട്ടലുണ്ടായ ദിവസം മലവെള്ളപ്പാച്ചിലിൽ എത്തിയ ഉരുളൻ കല്ലുകളും മരങ്ങളും നീക്കം ചെയ്യുന്നതും തകർന്ന പാലങ്ങളും പാതകളും പുനരുദ്ധരിക്കുന്നതും സംബന്ധിച്ച് ഒരു തീരുമാനവുമായിട്ടില്ല.