ഉരുൾപൊട്ടലിനു ശേഷം വിലങ്ങാട്ട് പ്രകൃതിദത്ത നീരുറവകൾ നശിച്ചു

Mail This Article
വിലങ്ങാട്∙ ഉരുൾപൊട്ടലിൽ വൻ ദുരന്തമുണ്ടായ വിലങ്ങാട്ടും പരിസരത്തും വേനൽ ശക്തമാകുന്നതോടെ കുടിവെള്ളത്തിനു ജനം നെട്ടോട്ടമോടേണ്ടി വരും. ഇപ്പോൾ തന്നെ കുടിക്കാനുള്ള വെള്ളം പണം കൊടുത്തു വാങ്ങണമെന്ന സ്ഥിതിയാണ്. പ്രകൃതിദത്ത നീരുറവകളാണ് വിലങ്ങാട്ടെ മലയോര മേഖലയ്ക്ക് ആശ്രയമായിരുന്നത്. കൊടും വേനലിൽ പോലും തെളിനീരൊഴുകുന്ന അരുവികളേറെയുള്ള ഈ മലമ്പ്രദേശത്ത് ഹോസുകൾ ഉപയോഗിച്ചു വെള്ളം സംഭരിച്ചു വയ്ക്കുന്ന പതിവാണ് ഉണ്ടായിരുന്നത്.
ഏറെ ദൂരം പൈപ്പുകളിട്ട് വെള്ളം വീടുകളിലേക്ക് എത്തിച്ചിരുന്ന പലരും ഉരുൾപൊട്ടലിനു ശേഷം ഇത്തരം നീരുറവകൾ അപ്രത്യക്ഷമായതിന്റെ സങ്കടത്തിലാണ്. സർക്കാർ ജലപദ്ധതികളൊന്നും കാര്യക്ഷമമല്ലാത്ത മലയോര മേഖലയിൽ പലപ്പോഴും ടാങ്കറുകളിൽ വെള്ളം എത്തിക്കുകയാണ് പതിവ്. അടുപ്പിൽ പട്ടിക വർഗ കോളനിക്കാരുടെ പുനരധിവാസത്തിനായി പണിത പല വീടുകളിലും കുടിവെള്ളം എത്തിക്കാൻ കഴിയാത്തതിനാലാണ് കൈമാറ്റം വൈകുന്നത്. വിലങ്ങാട് പുഴയിൽ പോലും ആവശ്യത്തിനു വെള്ളമില്ലാത്ത സ്ഥിതിയാണിപ്പോൾ.