ആക്രി ഗോഡൗണിൽ വൻ തീപിടിത്തം

Mail This Article
പന്തീരാങ്കാവ്∙ പെരുമണ്ണ - വെള്ളായിക്കോട് റോഡ് ജംക്‌ഷനു സമീപം ആക്രി സാധനങ്ങൾ സൂക്ഷിച്ചിരുന്ന ഗോഡൗണിൽ തീ പിടിത്തം, 7 യൂണിറ്റ് ഫയർഫോഴ്സ് 6 മണിക്കൂറോളം പ്രയത്നിച്ചാണ് തീയണച്ചത്. പെരുമണ്ണ മേച്ചേരിതാഴം അബ്ദുറഹ്മാന്റെ ഉടമസ്ഥതയിലുള്ള പിഎ പ്ലാസ്റ്റിക്‌സിന്റെ ആക്രി ഗോഡൗണിലാണ് ഇന്നലെ പുലർച്ചെ രണ്ടരയോടെ തീപിടിത്തമുണ്ടായത്. സ്ഫോടന ശബ്ദം കേട്ട് നാട്ടുകാർ ഉണർന്നപ്പോഴാണു വലിയ തോതിൽ തീ ആളിക്കത്തുന്നതു കണ്ടത്. മീഞ്ചന്ത, വെള്ളിമാടുകുന്ന്, ബീച്ച് ഫയർ സ്റ്റേഷനുകളിൽ നിന്നായി 7 യൂണിറ്റ് എത്തി. മീഞ്ചന്ത ഫയർസ്റ്റേഷൻ ഓഫിസർ എം.കെ. പ്രമോദ് കുമാർ, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ ഡബ്ല്യു. സനൽ എന്നിവരുടെ നേതൃത്വത്തിലാണു തീയണച്ചത്.
പഴയ പ്ലാസ്റ്റിക് സാധനങ്ങൾ ഉൾപ്പെടെ ഗോഡൗണിൽ കൂട്ടിയിട്ടിരുന്നു. ഫയർഫോഴ്സ് വെള്ളം ചീറ്റിയിട്ടും അൽപം കഴിയുമ്പോൾ ആ ഭാഗത്തു പിന്നെയും തീ കത്തുന്ന സ്ഥിതി ഉണ്ടായി. പിന്നീട് മണ്ണുമാന്തി യന്ത്രം കൊണ്ടു വന്നു ആക്രി സാധനങ്ങൾ കിളച്ചു മറിച്ചു വെള്ളം ചീറ്റിയാണു തീ പൂർണമായും അണച്ചത്. ഗോഡൗൺ ഏതാണ്ട് പൂർണമായും കത്തി നശിച്ചു. രാവിലെ എട്ടരയോടെയാണു തീ പൂർണമായും അണയ്ക്കാനായത്. അഗ്നിബാധയുടെ കാരണം വ്യക്തമല്ല.
ഞെട്ടിയുണർന്നത് ഭീതിയുടെ തീവെട്ടത്തിലേക്ക്
പെരുമണ്ണ - വെള്ളായിക്കോട് റോഡ് ജംക്‌ഷൻ സമീപത്തെ ജനങ്ങൾക്ക് ഇന്നലെ പുലർച്ചെ ഭീതിയുടേതായിരുന്നു. മിക്കവരും നല്ല ഉറക്കത്തിലായിരുന്നപ്പോഴാണു പുലർച്ചെ രണ്ടരയോടെ ആക്രി ഗോഡൗണിൽ തീപിടിത്തമുണ്ടായത്. ഉഗ്രസ്ഫോടനം കേട്ട് ഞെട്ടിയുണർന്നവർ കണ്ടതു വീടിന്റെ ജനൽ വഴിയും മറ്റും അകത്തെത്തിയ വെളിച്ചമാണ്. വീടിനു പുറത്തിറങ്ങിയപ്പോൾ ഗോഡൗൺ ഭാഗത്തു മാനം മുട്ടെ തീ ആളിക്കത്തുന്നു. ഇടയ്ക്കിടെ എന്തൊക്കെയോ പൊട്ടിത്തെറിക്കുന്നു. സമീപവാസികൾ വെള്ളവുമായി ഗോഡൗണിനു സമീപത്തേക്ക് ഓടിയെങ്കിലും ചൂട് കാരണം അടുക്കാനായില്ല.
സമീപത്തെ ബദർ ജുമാമസ്ജിദിന്റെ ജനൽ ചില്ലുകൾ ചൂടേറ്റ് പൊട്ടിത്തെറിച്ചു. ദഹബാൻ ഹോട്ടലിന്റെ അടുക്കളയിലേക്കും തീ പടർന്നു. സമീപത്തെ ഫ്ലാറ്റിൽ താമസിക്കുന്ന അതിഥിത്തൊഴിലാളി തീ കണ്ടു ഭയന്നു താഴേക്കു ചാടി. പരുക്കേറ്റ അദ്ദേഹത്തെ പൊലീസും നാട്ടുകാരും ചേർന്ന് ആശുപത്രിയിലെത്തിച്ചു.ഇരുചക്ര വാഹന ഗോഡൗൺ, മറ്റു സ്ഥാപനങ്ങൾ ഫ്ലാറ്റുകൾ തുടങ്ങിയവ സമീപത്തുണ്ട്. അവയിലേക്കു തീ പടരാതിരിക്കാൻ നാട്ടുകാരും ഫയർഫോഴ്സും പൊലീസും ചേർന്നു പ്രയത്നിച്ചാണു വലിയ ദുരന്തം ഒഴിവാക്കിയത്.