ജനസാഗരമായി ‘കൈ ഓളം’കൈപ്പുറത്തു പാലം ഫെസ്റ്റ്

Mail This Article
എരഞ്ഞിക്കൽ∙ കൈപ്പുറത്തു പാലത്തിന്റെ ടൂറിസം സാധ്യതകളിലേക്ക് വെളിച്ചം വീശുന്ന ‘കൈ ഓളം 2025’ കൈപ്പുറത്തു പാലം ഫെസ്റ്റ് ജനപങ്കാളിത്തം കൊണ്ടു ശ്രദ്ധേയമായി. 12നു മന്ത്രി പി.എ.മുഹമ്മദ് റിയാസ് ആണു ഫെസ്റ്റ് ഉദ്ഘാടനം ചെയ്തത്. 19നു സമാപിക്കും. കനോലി കനാൽ ഇൻസ്പെക്‌ഷൻ റോഡിൽ എരഞ്ഞിക്കൽ മുതൽ എടക്കാട് വരെ വൈദ്യുതി വിളക്കുകളാൽ ദീപാലംകൃതമാണ്. ദിവസവും 2 വേദികളിലായി കലാപരിപാടികളുമുണ്ട്. എരഞ്ഞിക്കൽ, മൊകവൂർ, പുത്തൂർ, എടക്കാട് പ്രദേശങ്ങളിലെ അൻപതോളം റസിഡന്റ്സ് അസോസിയേഷനുകളും സാംസ്കാരിക സംഘടനകളും സംയുക്തമായാണു ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. വിദേശഇനങ്ങളിൽപെട്ട അരുമ ജീവികളുടെ പ്രദർശനം ശ്രദ്ധേയമാണ്. ഊഞ്ഞാൽ ഗ്രാമവും ആകർഷിക്കും.

ഫെസ്റ്റിൽ എത്തുന്നവർക്ക് കണ്ടൽക്കാട്ടിലൂടെ ഉല്ലസിക്കാൻ കാനന യാത്രയും ഒരുക്കിയിട്ടുണ്ട്. കണ്ടൽച്ചെടികളുടെ സൗന്ദര്യം ആസ്വദിച്ച് കനോലി കനാലിലൂടെ ബോട്ട് യാത്രയ്ക്കും അവസരമുണ്ട്. പുഴയിൽ സ്ഥാപിച്ച ഫ്ലോട്ടിങ് റസ്റ്ററന്റിൽനിന്നു രുചി വൈവിധ്യങ്ങൾ ആസ്വദിക്കാനുമാകും. വിനോദ വിജ്ഞാന വിപണന സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്. ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ച കമ്പവലി മത്സരം ആവേശമായി.