ആറുവരിപ്പാത: വേങ്ങേരി ഓവർപാസ് നിർമാണത്തിന്റെ ഭാഗമായി ഗർഡർ സ്ഥാപിക്കൽ പൂർത്തിയായി

Mail This Article
കോഴിക്കോട്∙ വേങ്ങേരി ജംക്‌ഷനിൽ വെഹിക്കിൾ ഓവർ പാസ് നിർമാണത്തിന്റെ ഭാഗമായി 11 ഗർഡറുകൾ സ്ഥാപിക്കുന്ന ജോലി പൂർത്തിയായി. ഇവിടെ 45 മീറ്റർ വീതിയിൽ നിർമിക്കാനിരുന്ന പാലം 13.5 മീറ്റർ വീതിയിലാണ് ആദ്യഘട്ടത്തിൽ നിർമിച്ചത്. അവശേഷിച്ച 31.5 മീറ്റർ പാലത്തിന്റെ നിർമാണത്തിന്റെ ഭാഗമായി സ്ഥാപിക്കേണ്ട 11 ഗർഡറുകളാണ് പൂർത്തിയായത്. 16 ഗർഡറുകളിൽ 5 എണ്ണം നേരത്തെ സ്ഥാപിച്ചിരുന്നു. ചൊവ്വാഴ്ച ആരംഭിച്ച പ്രവൃത്തി 3 ദിവസങ്ങളിലായാണ് പൂർത്തിയാക്കാനായത്.
11 ഗർഡറുകളും യോജിപ്പിക്കുന്ന ബീം നിർമാണം ആണ് അടുത്ത പ്രവൃത്തി. അതിന് ഇന്നലെ തുടക്കമിട്ടു. ഇന്നോ നാളെയോ കോൺക്രീറ്റ് ചെയ്യും. തുടർന്ന് ഗർഡറുകൾക്കു മുകളിൽ സ്ലാബ് കോൺക്രീറ്റ് നടത്തും. 30ന് അകം ഇതും പൂർത്തിയാക്കും. ഫെബ്രുവരി 25ന് അകം വേങ്ങേരി ഓവർ പാസ് പൂർണമായ വീതിയിൽ ഗതാഗതത്തിനു തുറക്കാനാകുമെന്നാണ് പ്രതീക്ഷ.