‘ഇതാ നിങ്ങളുടെ കൊടുവാൾ’; അയൽ വീട്ടിൽ നിന്ന് വാങ്ങിയ വാൾ കൊലയ്ക്കു ശേഷം കഴുകി പുറത്തേക്ക് ഇട്ടു

Mail This Article
താമരശ്ശേരി∙ നാടിനെ നടുക്കിയ കൊലപാതകം നടത്തിയത് പ്രതി മുഹമ്മദ് ആഷിഖ് അടുത്ത വീട്ടിൽ നിന്ന് വാങ്ങിയ കൊടുവാൾ ഉപയോഗിച്ച്. കൊലപാതകം നടന്ന വീട്ടിൽ നിലവിളി കേട്ട് ആദ്യം ഓടി എത്തിയതും ഈ അയൽവീട്ടുകാർ തന്നെ. ഈങ്ങാപ്പുഴ വേനക്കാവ് ദാമോദരൻ നായരും മകൻ ലിജുമോനുമാണ് സുബൈദയുടെ നിലവിളികേട്ട് ആദ്യം ഓടി എത്തിയത്. ഉച്ചക്ക് 2.30ന് ഇവരുടെ വീട്ടിൽ ആഷിഖ് എത്തി തേങ്ങ പൊളിക്കാൻ എന്ന് പറഞ്ഞ് കൊടുവാൾ വാങ്ങിയിരുന്നു. ആഷിഖ് പോയശേഷം .2.45ന് ലിജുമോൻ ആണ് അയൽ വീട്ടിൽ നിന്ന് നിലവിളി കേട്ടത്. ഇതോടെ ഇവർ ഈ വീട്ടിലേക്ക് ഓടി എത്തി മുട്ടിയപ്പോൾ ജനൽ തുറന്ന് നോക്കിയ ആഷിഖിന്റെ ദേഹത്ത് രക്തം കണ്ടു.
സുബൈദയുടെ സഹോദരി ഷക്കീലയെ വിളിച്ച് വരുത്തിയതോടെയാണ് ആഷിഖ് കതക് തുറന്നത്. സുബൈദ രക്തത്തിൽ കുളിച്ചു കിടക്കുന്ന നിലയിലായിരുന്നു അപ്പോൾ. ഉടൻ തന്നെ പൊലീസിൽ വിവരം അറിയിക്കുകയും ആംബുലൻസ് വരുത്തുകയു ചെയ്യുന്നതിനിടയിൽ അയൽ വീട്ടിൽ നിന്ന് വാങ്ങിയ കൊടുവാൾ കഴുകി ഇതാ നിങ്ങളുടെ കൊടുവാൾ എന്ന് പറഞ്ഞ് പുറത്തേക്ക് ഇട്ടു. അകത്ത് ആഷിഖും ഷക്കീലയും തമ്മിൽ വാക് തർക്കവും ഉണ്ടായി. ഇതിനിടയിൽ പുറത്തിറങ്ങി പോകാൻ ശ്രമിച്ച ആഷിഖിനെ നാട്ടുകാർ പൊലീസ് എത്തും വരെ തടഞ്ഞ് വയ്ക്കുകയായിരുന്നു. ആഷിഖ് ഇതിന് മുൻപും സുബൈദയെ അപായപ്പെടുത്താൻ ശ്രമിച്ചിരുന്നതായി പരിസര വാസികൾ പറഞ്ഞു.
ഏതാനും മാസം മുൻപ് മാരകായുധമവുമായി സുബൈദയോട് അക്രമാസക്ത മായി പെരുമാറിയതിനെ തുടർന്ന് കുതിരവട്ടം ഗവ.മാനസികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ച് 10 ദിവസം ചികിത്സ നൽകിയിരുന്നു. അമിതമായി ലഹരിമരുന്ന് ഉപയോഗിക്കാറുള്ള ആഷിഖിനെ നേരത്തെ ലഹരി വിമുക്ത കേന്ദ്രത്തിലും പ്രവേശിപ്പിച്ചിരുന്നു. സുബൈദയെ കൊലപ്പെടുത്തിയ വീട്ടിൽ ഇന്ന് ഫൊറൻസിക്, ഫിംഗർ പ്രിന്റ് വിദഗ്ധർ പരിശോധന നടത്തും. ഡോഗ് സ്ക്വാഡും സ്ഥലത്ത് എത്തും. താമരശ്ശേരി സ്റ്റേഷൻ ഇൻസ്പെക്ടർ എ.സായൂജ് കുമാറിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം.