കുട്ടികളടങ്ങിയ വാഹനമോഷണ സംഘം പിടിയിൽ

Mail This Article
ബേപ്പൂർ∙ കുട്ടികൾ അടങ്ങിയ വാഹന മോഷണ സംഘത്ത ബേപ്പൂർ പൊലീസും ഫറോക്ക് ക്രൈം സ്ക്വാഡും ചേർന്ന് പിടികൂടി. പള്ളിക്കൽ ബസാറിൽ താമസിക്കുന്ന ഫറോക്ക് പാണ്ടികശാല വീട്ടിൽ മുഹമ്മദ് ഷഹിം (18), എന്നയാളും പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികളുമാണ് പിടിയിലായത്. ജനുവരി മാസം അഞ്ചാം തിയതി ബേപ്പൂർ ഫെസ്റ്റിനിടെ വിവിധ പാർക്കിങ് ഏരിയകളിൽ നിന്നും നാലോളം ബൈക്കുകൾ മോഷണം പോയിരുന്നു.
മോഷണം പോയ മൂന്ന് ബൈക്കുകൾ അടുത്ത ദിവസങ്ങളിലായി ഉപേക്ഷിക്കപ്പെട്ട നിലയിൽ പൊലീസ് കണ്ടെത്തിയിരുന്നു. പ്രതികളെ കണ്ടെത്തുന്നതിനായി ഫറോക്ക് ക്രൈം സ്ക്വാഡ് പ്രദേശത്തെ സിസിടിവികൾ പരിശോധിച്ചതിൽ നാലംഗ സംഘമാണ് മോഷണം നടത്തിയതെന്ന് വ്യക്തമായിരുന്നു. നാല് പേർക്കും ബൈക്ക് എന്ന മോഹവുമായാണ് പ്രതികൾ വാഹന മോഷണം ആസൂത്രണം ചെയ്തതെങ്കിലും മൂന്ന് വാഹനങ്ങൾ മെക്കാനിക്കൽ കണ്ടിഷൻ മോശമായതിനാൽ അന്നേ ദിവസം തന്നെ വിവിധ സ്ഥലങ്ങളിൽ ഉപേക്ഷിക്കുകയായിരുന്നു.
ഒരു ബൈക്ക് മലപ്പുറം ഭാഗത്തേക്ക് ഓടിച്ച് പോയതായി വ്യക്തമായതിനാൽ മലപ്പുറം, കൊണ്ടോട്ടി ഭാഗങ്ങളിലെ വാട്സപ്പ് ഗ്രൂപ്പുകൾ വഴി മോഷണ സംഘത്തിന്റെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചിരുന്നു. കൊണ്ടോട്ടി, പള്ളിക്കൽ ബസാർ ഭാഗത്ത് വാഹനം ഉണ്ടെന്ന രഹസ്യ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ പൊലീസ് സ്ഥലത്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കസ്റ്റഡിയിൽ ആയത്.
പിടികൂടിയ കുട്ടികളെ പൊലീസ് ജുവനൈൽ കോടതി മുൻപാകെ ഹാജരാക്കി. പ്രതി മുഹമ്മദ് ഷഹീമിനെ കോടതി മുൻപാകെ ഹാജരാക്കി റിമാന്റ് ചെയ്തു.