മെഡിക്കൽ കോളജിലെ മരുന്ന് ക്ഷാമം: പ്രതിഷേധം തുടരുന്നു; ഓഫിസ് ഉപരോധിച്ച് യൂത്ത് കോൺഗ്രസ്

Mail This Article
കോഴിക്കോട്∙ മരുന്നുക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഓഫിസ് ഉപരോധിച്ചു. പ്രിൻസിപ്പൽ സ്ഥലത്തില്ലാത്തതിനാൽ വൈസ് പ്രിൻസിപ്പൽ എ.അരുൺകുമാറുമായി നേതാക്കൾ ചർച്ച നടത്തി. പ്രിൻസിപ്പലുമായി ഫോണിലും ചർച്ച നടത്തി. എന്നാൽ മരുന്നുക്ഷാമം എന്നു പരിഹരിക്കുമെന്നതു സംബന്ധിച്ച് ഉറപ്പു ലഭിച്ചില്ല. തുടർന്നു പ്രിൻസിപ്പൽ ഓഫിസിനു മുന്നിൽ കുത്തിയിരുന്നു മുദ്രാവാക്യം വിളിച്ച പ്രവർത്തകരെ മെഡിക്കൽ കോളജ് പൊലീസ് എത്തി അറസ്റ്റു ചെയ്തു നീക്കി.
4 പ്രവർത്തകരെ പൊലീസ് വലിച്ചിഴച്ച് പുറത്തെത്തിച്ചു. ഇവരെ മെഡിക്കൽ കോളജ് പൊലീസിന്റെ ജീപ്പിൽ കയറ്റി സ്റ്റേഷനിലേക്കു കൊണ്ടുപോയി. ഇതിനു പിറകെ അറസ്റ്റ് ചെയ്ത് പുറത്തെത്തിച്ച പ്രവർത്തകരെ കൊണ്ടുപോകാൻ വാഹനം ലഭിച്ചില്ല. ഇതോടെ പ്രവർത്തകർ മെഡിക്കൽ കോളജിന്റെ കാർപോർച്ചിൽ ഇരുന്ന് മുദ്രാവാക്യം വിളിക്കാൻ തുടങ്ങി. പൊലീസ് സ്റ്റേഷനിലേക്ക് അവരെ നടത്തിക്കൊണ്ടുപോയി. ഉപരോധം യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സി.എ.അരുൺദേവ് ഉദ്ഘാടനം ചെയ്തു.
അത്യാവശ്യ മരുന്നുകൾ സർക്കാരിന്റെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിലൂടെയോ എച്ച്‌ഡിഎസിന്റെ ന്യായ വില മെഡിക്കൽ ഷോപ്പിലൂടെയോ ലഭ്യമാക്കാതെയാണ് മരുന്നുകൾ എത്തിച്ചെന്ന വ്യാജ പ്രചാരണം മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജില്ലാ പ്രസിഡന്റ് ആർ.ഷഹീൻ അധ്യക്ഷനായിരുന്നുബബിത്ത് മാലോൽ, വൈശാഖ് കണ്ണോറ, സനൂജ് കുരുവട്ടൂർ എന്നിവർ പ്രസംഗിച്ചു. എം.ഷിബു, പി.പി.റമീസ്, അഭിജിത്ത് ഉണ്ണികുളം, ഫസൽ പാലങ്ങട്, അസീസ് മാവൂർ, ആഷിഖ് പിലാക്കൽ, പി.ആഷിഖ്, റിനേഷ് ബാൽ, ജ്യോതി ജി.നായർ, വി.ആർ.കാവ്യ, ജിനീഷ് ലാൽ മുല്ലാശ്ശേരി, ആഷിക് കുറ്റിച്ചിറ, എംസിറാജുദ്ദീൻ, ജെറിൽ ബോസ് തുടങ്ങിയവർ ഉപരോധത്തിനു നേതൃത്വം നൽകി.